പ്രണയമേ, മൂവന്തിയിലേക്ക് ഇനിയുമെത്രയോ ദൂരം!
Mail This Article
തുലാമഴക്കാലം ഫോട്ടോഷോപ് ചെയ്തൊരു ഫ്രെയിമിലെന്നവണ്ണം പുറത്തു ത്രിസന്ധ്യ ചുവന്നുകിടന്നു. മഴച്ചാറ്റലിന്റെയും ചീവീടൊച്ചകളുടെയും മെഡ്‌ലേയിലേക്ക് മറ്റൊരു മൂവന്തിയുടെ മൗനംകൂടി. ആഹാ.. എന്തൊരു ഫീലാണ് ഈ നാട്ടിൻപുറംകാഴ്ചകൾക്ക്... ജീവിതത്തിൽ ഇതിനു മുൻപൊരിക്കലും ഇതുപോലൊരു സന്ധ്യാകാശം കണ്ടിട്ടില്ലല്ലോ എന്ന നിരാശയോടെ, നഷ്ടബോധത്തോടെ നിമ്മി കണ്ണുകൾ വിടർത്തി ചുറ്റുംനോക്കി. വെയിലുണ്ടു വരണ്ടു കിടന്നൊരു മനസ്സിന്റെ കാൻവാസിലേക്ക് ഒരു മനോഹര മഴചിത്രംകൂടി പതിയുകയായി. പിറന്നാളിനു സമ്മാനമായി കിട്ടിയ പുതിയ ഐഫോണിലെ ക്യാമറ ഓൺചെയ്ത് പോർട്രെയിറ്റ് മോഡിലാക്കി നിമ്മി ഒരു സെൽഫിക്കു പോസ് ചെയ്തു.
കുളിപ്പിന്നലിട്ട മുടിത്തുമ്പിൽ തുളസിയില ചൂടി വരാന്തയിലെ തിണ്ണയിൽ കാറ്റുംകൊണ്ടു കൽത്തൂണും ചാരിയിരിക്കുമ്പോൾ നിമ്മിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല, അടുത്ത കാലംവരെ മുംബൈയിലെ കോർപറേറ്റ് ഫൊട്ടോഗ്രഫി ഓഫിസിൽ ഈ നേരത്തും ഒരു ലാപ്ടോപ്പിനു മുന്നിൽ തലവേദനിച്ചും മടുത്തും മുറുമുറുത്തും എഡിറ്റിങ് ജോലിചെയ്തിരുന്നൊരു ഭൂതകാലം തനിക്കുണ്ടായിരുന്നെന്ന്. രാത്രി വൈകിയും തുടരുന്ന ഫോട്ടോഷൂട്ട്, എഡിറ്റിങ് സ്യൂട്ടിലെ വിടുപണികൾ... ക്യാമറ കൈകൊണ്ടു തൊടാൻ പോലും വെറുപ്പു തോന്നിത്തുടങ്ങിയപ്പോഴാണ് ‘തൽക്കാലം ഒരു ബ്രേക്ക് എടുക്കുന്നു’ എന്ന ഒറ്റവരിയിൽ സിഇഒയ്ക്ക് രാജിക്കത്ത് മെയിൽചെയ്ത് ഓഫിസിന്റെ പടിയിറങ്ങിയത്. അലന്റെ പരിചയക്കാർ അപ്പോൾതന്നെ തന്റെ കാര്യം അയാളുടെ ചെവിയിൽ എത്തിച്ചിരിക്കണം. ഓഫിസിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലെത്തിയപ്പോഴേക്കും അലന്റെ കോൾ വന്നു ഫോണിൽ.
– നിമ്മീ, നീ എന്തു ഭാവിച്ചാണ്? എന്നോടു ചോദിക്കാതെയാണോ ജോലി റിസൈൻ ചെയ്യുന്നത്? അടുത്ത മാസം ഡാഡിയോടു നമ്മുടെ കാര്യം വീണ്ടും സംസാരിക്കാനിരിക്കുകയായിരുന്നു ഞാൻ
– അതിനി ഡാഡിയോടു സംസാരിക്കണമെന്നില്ല അലൻ...
ഉറച്ച സ്വരത്തിൽ ആ മറുപടി പറഞ്ഞ് അലന്റെ കോൾ കട്ട് ചെയ്യുമ്പോൾ നിമ്മി അവളുടെ കാർ റിവേഴ്സ് എടുക്കുകയായിരുന്നു. അഞ്ചുവർഷമായി ഡാഡിയുടെ സമ്മതത്തിനു കാത്തുനിൽക്കുന്ന അലനുവേണ്ടി ഇനിയും തന്റെ ജീവിതം വൈകിപ്പിക്കാൻ നിമ്മി തയാറായിരുന്നില്ല. ജീവിതത്തിലായാലും റൂട്ട് തെറ്റിയെന്നു തോന്നുമ്പോൾ കൂടുതൽ ഊടുവഴികളിൽപോയി ചാടാതെ കുറച്ചുദൂരം റിവേഴ്സ് പോകുന്നതുതന്നെയാണ് നല്ലതെന്ന് അവൾക്കും തോന്നിയിരിക്കണം.
മടുപ്പിക്കുന്ന ആ ഓഫിസിൽനിന്നും അലനിൽനിന്നും ഒരു മടക്കം അവൾക്ക് അനിവാര്യമായിരുന്നു. അല്ലെങ്കിൽതന്നെ അലനോട് കമ്മിറ്റഡ് ആണെന്ന് ഒരിക്കലും അവൾ പറഞ്ഞിരുന്നില്ല. അവനായിരുന്നു നിർബന്ധം. കൂടെ ജോലിചെയ്യുന്ന മിടുക്കിയും അവിവാഹിതയും സുന്ദരിയും സർവോപരി ഒരേ സഭക്കാരിയുമായ ഒരു പെൺകുട്ടിയോടു തോന്നുന്ന വർക്‌സ്പേസ് റൊമാൻസ്. മനസ്സിൽ മറ്റാരുമില്ലാത്തതുകൊണ്ടും വെറുതെ മാട്രിമോണി സൈറ്റുകൾ കയറി ആരെയെങ്കിലും തപ്പിക്കണ്ടുപിടിക്കാനുള്ള മടികൊണ്ടുമായിരിക്കണം നിമ്മിയും തുടക്കത്തിൽ നോ പറയാതിരുന്നത്. ഇനി അതിനെക്കുറിച്ചൊക്കെ എന്തിന് ആലോചിക്കണം? അലന് കൂട്ടിലിട്ടു വളർത്താൻ ഇതിനകം വേറൊരു നസ്രാണിപ്പെൺകിളിയെ കിട്ടിയിരിക്കണം.
∙
വരാന്തയോടു ചേർന്ന് ആർത്തു തഴച്ചുനിന്നിരുന്ന നന്ത്യാർവട്ടച്ചെടിയിൽ വന്നിരുന്ന തൂക്കണാംകുരുവികളുടെ ചിലപ്പു കേട്ടാണ് നിമ്മി പഴയ ഓർമകളിൽനിന്നു തിരിച്ചുണർന്നത്. വീടിനു മുന്നിൽ ഗേറ്റിനോടു ചേർന്ന് ചില അപരിചിത മുഖങ്ങൾ എത്തിവലിഞ്ഞുനോക്കുന്നതു കാണാം. ശല്യങ്ങൾ! കഴിഞ്ഞയാഴ്ച ഇവിടേക്കു താമസത്തിനു വന്ന അന്നു മുതൽ തുടങ്ങിയതാണ് ഒളിച്ചുംപാത്തുമുള്ള ചിലരുടെ നോട്ടങ്ങളും അതിരിൽനിന്നുള്ള അർഥംവച്ച ചൂളംവിളികളും.
ആളൊഴിഞ്ഞുകിടന്ന വീട്ടിലേക്കു താമസത്തിനെത്തിയവരെ കാണാനും പരിചയപ്പെടാനുമുള്ള അയൽക്കാരുടെ കൗതുകം അതിരുകടക്കുന്നോ എന്നു ചിലപ്പോഴെങ്കിലും അവൾക്കു തോന്നാതിരുന്നില്ല. താമസത്തിനെത്തിയതു പുതുപ്പെണ്ണും അവളുടെ ഇരട്ടി പ്രായമുള്ളൊരു മണവാളനുമാകുമ്പോൾ ആ കൗതുകത്തിന് അൽപം എരിവുംപുളിയും സ്വാഭാവികമല്ലേ എന്നു കരുതി നിമ്മി ഒന്നും പറഞ്ഞില്ലെന്നു മാത്രം.
– ത്രേസ്യാച്ചേടത്തീ, പടിക്കൽ ആരൊക്കെയോ നിൽക്കുന്നു. ഗേറ്റ് താഴിട്ടോളൂ.
കടുംകാപ്പിയും കപ്പ ചിനത്തിയതും പ്ലേറ്റിലാക്കി ഉമ്മറത്തേക്കു വരികയായിരുന്നു ത്രേസ്യാച്ചേടത്തി. വയസ്സ് അറുപതു കഴിഞ്ഞെങ്കിലും നല്ല ആരോഗ്യമാണ്. നല്ല നാക്കും. ഇങ്ങോട്ടു താമസത്തിനെത്തിയപ്പോൾ പാചകത്തിനും മറ്റുമായി കൂടെക്കൂട്ടിയതാണ്. ചാറ്റൽമഴയത്തേക്ക് ഒരു കുടയുമായി ഇറങ്ങിയ ത്രേസ്യച്ചേടത്തി പടിക്കൽവരെച്ചെന്ന് ഗേറ്റ് ചേർത്തുവലിച്ചടച്ചു.
– മോളെന്തിനാ ഇവിടെ ഇങ്ങനെ ഉമ്മറത്തിരിക്കുന്നേ? അകത്തേക്കിരുന്നാട്ടെ. ആളുകളുടെ വായ് മൂടിക്കെട്ടാനൊക്ക്വോ?
ത്രേസ്യാച്ചേടത്തി കലിപ്പോടെ പിറുപിറുത്തുകൊണ്ടാണ് തിരിച്ചുകയറി വന്നത്. നിമ്മി അതിനു മറുപടിയൊന്നും പറഞ്ഞില്ല. ആളുകള് എന്താണ് പറയുന്നതെന്ന് ചോദിക്കാനും പോയില്ല. കല്യാണം കഴിഞ്ഞ അന്നുമുതൽ അതൊക്കെ കേട്ടു നിമ്മിക്കു ശീലമായിരിക്കുന്നു. അവൾ പിന്നെയും മഴച്ചാറ്റലും നോക്കി ഉമ്മറക്കോലായിൽ ഇരിപ്പു തുടർന്നു. മാഷ് വരാൻ അധികം താമസമില്ല. പിറന്നാളായതുകൊണ്ട് നേരത്തെ വരാമെന്നു പറഞ്ഞാണ് രാവിലെ കോളജിലേക്കിറങ്ങിയത്. പടിക്കൽ വായുംപൊളിച്ചു നിൽക്കുന്നവന്മാരെയെങ്ങാനും കണ്ടാൽ കണക്കിനു കൊടുത്തിട്ടേ അകത്തുകയറൂ. ചിലപ്പോൾ രണ്ടെണ്ണം പൊട്ടിച്ചെന്നും വരും. മാഷിന് പെട്ടെന്നാണ് ദേഷ്യം. പക്ഷേ അവളോടിതുവരെ സ്വരം കടുപ്പിച്ച് ഒരക്ഷരം പറഞ്ഞിട്ടില്ലെന്നു മാത്രം.
അലനിൽനിന്നു രക്ഷപ്പെട്ട് കുറച്ചുകാലത്തെ തനിച്ചുജീവിതത്തിനിടയിൽ ഒരു ഫൊട്ടോഗ്രഫി വർക്‌ഷോപ്പിൽവച്ചാണ് മാഷിനെ ആദ്യം പരിചയപ്പെടുന്നത്. ഏതോ ഉത്തരേന്ത്യൻ നെയ്ത്തുഗ്രാമത്തെ ഓർമിപ്പിക്കുന്ന നീളൻ കുർത്തയിലാണ് എപ്പോഴും അദ്ദേഹം ക്ലാസെടുക്കാൻ വരാറുണ്ടായിരുന്നത്. വെള്ളിവീണ നീണ്ട മുടിയിഴകൾ അലസം കാറ്റിൽ പറത്തി, വിരൽത്തുമ്പുകൾ ഏതോ അദൃശ്യ സിംഫണിയുടെ ഓർക്കസ്ട്രേഷനിലെന്നവണ്ണം സംഗീതാത്മകമാക്കി, ഒഴിവുനേരങ്ങളിലെല്ലാം ഫൊട്ടോഗ്രഫിയിലെ എഐ ഉൾപ്പെടെ പുതു സാധ്യതകളെക്കുറിച്ചു വാചാലനായി മാഷ് എത്ര വേഗമാണ് അവളുടെ ഏറ്റവുമടുത്ത സുഹൃത്തായി മാറിയത്. വർക്‌ഷോപ്പിൽ പങ്കെടുത്ത മറ്റു ട്രെയിനികളോടൊന്നും കാണിക്കാത്ത അടുപ്പം ആ ദിവസങ്ങളിൽതന്നെ അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു. കണ്ണിറുക്കിയുള്ള ആദ്യ പുഞ്ചിരിയിൽതന്നെ ആ പ്രായത്തിനു ചേരാത്തൊരു കുസൃതി അദ്ദേഹം ഒളിച്ചുവച്ചിരുന്നെന്ന് അവൾക്കു തോന്നി. വർക്‌ഷോപ്പിന്റെ ഭാഗമായി അജന്ത, എല്ലോറ ഗുഹകളിലേക്കു നടത്തിയ ഫോട്ടോഷൂട്ട് യാത്രയിൽ പലപ്പോഴും അവൾ അദ്ദേഹത്തിന്റെ മോഡലായി.
ക്യാമറയുടെ ലെൻസിനേക്കാൾ സൂക്ഷ്മതയോടെയാണ് മാഷിന്റെ കണ്ണുകൾ തന്റെ കണ്ണുകളിലേക്കു സൂം ചെയ്യുന്നതെന്ന് അവൾക്ക് ആദ്യമായി തോന്നിത്തുടങ്ങിയതും ആ യാത്രയിലായിരുന്നു. ഒരിക്കലുമൊരിക്കലും വെയിൽ വീഴാതെ ഇരുണ്ടുകിടന്ന ഗുഹകളിലെ വിജനതയിലൂടെയും വിഹ്വലതയിലൂടെയും മാഷിന്റെ കൈപിടിച്ചു നടക്കുമ്പോൾ ജീവിതത്തിൽ ആദ്യമായി അവളുടെ പ്രാണൻ അതിന്റെ നല്ലപാതിയെ കണ്ടെത്തിയ സന്തോഷം ആസ്വദിക്കുന്നുണ്ടായിരുന്നു. എങ്കിലും അവളത് അദ്ദേഹത്തോടു പറയാൻ മടിച്ചു. അദ്ദേഹവും അവളോട് എന്തോ പറയാൻ മടിക്കുന്നുണ്ടായിരുന്നെന്ന് അവൾ തിരിച്ചറിയുകയും ചെയ്തു. രണ്ടുപേർക്കും പറയാൻ ഒരേ കാര്യമുണ്ടാകുകയും അവരതു പറയാതിരിക്കുകയും പറയാതെതന്നെ പരസ്പരം അറിയുകയും ചെയ്യുന്നിടത്തോളം മധുരമനോഹരമായി മറ്റെന്തുണ്ട് പ്രണയത്തിൽ?
പിന്നിൽനിന്നു രണ്ടു കൈകൾ തന്നെ ചുറ്റിപ്പൊതിയുന്നതിന്റെ മുറുക്കത്തിൽ ഞെട്ടി കണ്ണുതുറന്നപ്പോൾ മാഷ് അതാ മുന്നിൽനിൽക്കുന്നു.
–മൂവന്തിക്ക് ഇങ്ങനെ മുറ്റത്തിരുന്ന് ഉറങ്ങല്ലേ, എന്റെ രാജകുമാരിയെ ഏതെങ്കിലും ഗന്ധർവൻ കൊണ്ടുപോയാലോ?
എന്റെ ഗന്ധർവനല്ലേ എന്റെ മുന്നിൽ നിൽക്കുന്നതെന്ന് അവൾക്കു പറയണമെന്നുണ്ടായിരുന്നെങ്കിലും അതിനുമുൻപേ ഒറ്റയുമ്മകൊണ്ട് അദ്ദേഹം അവളുടെ വായടച്ചു. സത്യത്തിൽ മാഷ് വന്നത് അവൾ അറിഞ്ഞില്ലായിരുന്നു. അവൾ ആ നെഞ്ചിലേക്കു ചാരി, അദ്ദേഹത്തെ ഇറുകെപ്പുണർന്നു. കൈക്കുടന്നയിലെ കടലാസുപൊതിയിൽനിന്ന് അപ്പോൾ മുല്ലപ്പൂ വാസനിക്കുന്നുണ്ടായിരുന്നു. ഇരുട്ടിന്റെ മറയിൽനിന്നുയർന്നു കേട്ട ചൂളംവിളികളെ വകവയ്ക്കാതെ അവളെ വാരിയെടുത്ത് വീട്ടിനകത്തേത്തു കൊണ്ടുപോകുമ്പോൾ സ്വീകരണമുറിയിലെ മേശപ്പുറത്ത് അദ്ദേഹത്തിനായി അവളൊരുക്കിയ പിറന്നാൾ കേക്കിലെ അൻപതാമത്തെ മെഴുകുതിരിവെട്ടവും നാണത്തോടെ തുലാമഴക്കാറ്റ് ഊതിക്കെടുത്തുകയായിരുന്നു.