സർക്കാർ ജോലിയിലെ ജാതിസംവരണം എങ്ങനെ പ്രയോജനപ്പെടുത്താം? ഏതൊക്കെ സർട്ടിഫിക്കറ്റ് വേണം?

HIGHLIGHTS
  • ജാതിയുടെ ആനുകൂല്യം അവകാശപ്പെടുമ്പോൾ അതു തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കിയില്ലെന്ന കാരണത്താൽ ഉദ്യോഗാർഥികളുടെ അപേക്ഷ പിഎസ്‌സി നിരസിക്കാറില്ല
analyst-new
SHARE

സർക്കാർ ജോലിക്ക് നിങ്ങൾക്കു സംവരണമുണ്ടോ? ആർക്കൊക്കെയാണ് സംവരണാനുകൂല്യമുള്ളത്? എങ്ങനെയാണ് ഈ ആനുകൂല്യം നേടിയെടുക്കേണ്ടത് തുടങ്ങിയ വിവരങ്ങൾ ഇത്തവണ പരിചയപ്പെടാം.

പട്ടികജാതിക്കാർ, പട്ടികവർഗക്കാർ, മറ്റു പിന്നാക്ക സമുദായങ്ങളിലുള്ളവർ എന്നീ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്കാണ് സർക്കാർജോലിക്ക് പ്രത്യേക സംവരണാനുകൂല്യമുള്ളത്. ഇപ്രകാരം സംവരണാനുകൂല്യം ലഭിക്കാൻ അർഹതയുള്ള വിഭാഗങ്ങളുടെ ലിസ്റ്റ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംവരണത്തിന് അർഹതയുള്ള സമുദായങ്ങളിൽ പെട്ട ഉദ്യോഗാർഥികൾ അവരുടെ സമുദായത്തിന്റെ പേര് അപേക്ഷയിൽ രേഖപ്പെടുത്തണം. അപേക്ഷയിൽ ഇക്കാര്യം സൂചിപ്പിക്കാതിരിക്കുകയോ മറ്റേതെങ്കിലും സമുദായത്തിന്റെ പേര് തെറ്റായി രേഖപ്പെടുത്തുകയോ ചെയ്താൽ സംവരണാനുകൂല്യം ലഭിക്കില്ല. അപേക്ഷയിൽ രേഖപ്പെടുത്താത്ത ഒന്നിന്റെയും ആനൂകൂല്യം ആ തസ്തികയുടെ തിരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്നത് ഉദ്യോഗാർഥികൾ ശ്രദ്ധിക്കേണ്ടതാണ്.

സംവരണാനുകൂല്യത്തിന് അർഹതയുള്ള പട്ടികജാതി, പട്ടികവിഭാഗക്കാർ സ്ഥലം തഹസിൽദാരിൽ നിന്നോ തഹസിൽദാരേക്കാൾ ഉയർന്ന പദവിയിലുള്ള റവന്യൂ ഉദ്യോഗസ്ഥൻമാരിൽ നിന്നോ ലഭിച്ചിട്ടുള്ള ജാതിസർട്ടിഫിക്കറ്റാണ് പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കേണ്ടത്. തിരഞ്ഞെടുപ്പിന്റെ ഏതു ഘട്ടത്തിലും ജാതിസർട്ടിഫിക്കറ്റിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തുന്നതിനായി അസ്സൽ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടേക്കാം. പട്ടികജാതി/പട്ടികവർഗത്തിൽ പെട്ട ഉദ്യോഗാർഥികൾ ജാതിസർട്ടിഫിക്കറ്റിന്റെ രണ്ട് ശരിപ്പകർപ്പുകൾ പിഎസ്‌സിക്കു നൽകണം. നിയമനശുപാർശ ചെയ്യപ്പെടുകയാണെങ്കിൽ ശരിപ്പകർപ്പുകളിൽ ഒരെണ്ണം നിയമനശുപാർശയോടൊപ്പം നിയമനാധികാരിക്ക് പിഎസ്‌സി അയച്ചുകൊടുക്കും. ഉദ്യോഗാർഥി ജോലിയിൽ പ്രവേശിക്കാൻ ചെല്ലുമ്പോൾ ഹാജരാക്കുന്ന അസ്സൽ ജാതിസർട്ടിഫിക്കറ്റുമായി ഒത്തുനോക്കാൻവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്.

സംവരണാനുകൂല്യത്തിന് അർഹതയുള്ള പിന്നാക്ക സമുദായക്കാർ പിഎസ്‌സി ആവശ്യപ്പെടുമ്പോൾ റവന്യൂ ഉദ്യോഗസ്ഥരിൽ നിന്നു ലഭിച്ചിട്ടുള്ള നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എൻസിഎൽസി) ഹാജരാക്കേണ്ടതാണ്. പിന്നാക്ക സമുദായങ്ങളിലെ പരമ്പരാഗത തൊഴിൽ ചെയ്യുന്ന വിഭാഗങ്ങളെയും മത്സ്യബന്ധനം ഉപജീവനമാർഗമായ സമുദായങ്ങളിലെ ഉപജാതികളെയും ക്രീമിലെയറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ അവരും നിശ്ചിത മാതൃകയിലുള്ള ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

ജാതിയുടെ ആനുകൂല്യം അവകാശപ്പെടുമ്പോൾ അതു തെളിയിക്കുന്നതിന് മതിയായ രേഖകൾ ഹാജരാക്കിയില്ലെന്ന കാരണത്താൽ ഉദ്യോഗാർഥികളുടെ അപേക്ഷ പിഎസ്‌സി നിരസിക്കാറില്ല. മറ്റു പോരായ്മകൾ ഒന്നുമില്ലെങ്കിൽ അവരെ സംവരണാനുകൂല്യം ഇല്ലാതെ ഓപ്പൺ കാറ്റഗറിയിലെ നിയമനത്തിന് പരിഗണിക്കുന്നതായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS