ADVERTISEMENT

നിങ്ങളൊരു കായിക താരമാണോ? സംസ്‌ഥാന, ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ? എങ്കിൽ പിഎസ്‌സി നിയമനങ്ങളിൽ തീർച്ചയായും ഗ്രേസ് മാർക്കിന് അർഹതയുണ്ട്. പക്ഷേ ഇതിനു ചില മാനദണ്ഡങ്ങളുണ്ടെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കണം.

കേരള സർവീസ് റൂൾസ് വാല്യം ഒന്ന് അനുബന്ധം ഏഴിൽ വ്യക്‌തമാക്കിയിട്ടുള്ള ഏതെങ്കിലും ദേശീയ സ്‌പോർട്‌സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള അമച്വർ സ്‌പോർട്‌സ് സംഘടന നടത്തുന്ന സംസ്‌ഥാന, ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുത്തവർക്കാണ് ഗ്രേസ് മാർക്ക് നൽകുന്നത്. ഉദ്യോഗാർഥികൾ ഇതു സംബന്ധിച്ച സർട്ടിഫിക്കറ്റുകൾ കേരളാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറിയുടെ മേലൊപ്പോടെ (കൗണ്ടർ സിഗ്നേച്ചർ) ഹാജരാക്കിയെങ്കിൽ മാത്രമേ ഗ്രേസ് മാർക്ക് ലഭിക്കൂ. സംസ്‌ഥാന സർവീസിൽ ക്ലാസ് മൂന്ന്, നാല് തസ്തികയിലെ നിയമനത്തിനാണ് ഗ്രേസ് മാർക്ക് നൽകുന്നത്. വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവയിൽ ഇളവില്ല.

sports-job

സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കെല്ലാം മുൻപ് മാ‌ർക്ക് നൽകുമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെയില്ല. ഈ മത്സരങ്ങളിൽ മെഡൽ ജേതാക്കളാകുന്നവർക്കേ ഇപ്പോൾ ഗ്രേസ് മാർക്ക് ലഭിക്കൂ. ദേശീയ, രാജ്യാന്തര മത്സരങ്ങളിലെ പങ്കാളിത്തത്തിന് മാർക്ക് ലഭിക്കും. എന്നാൽ സർവകലാശാലകൾക്കുള്ളിൽ നടത്തുന്ന സോണൽ മത്സരങ്ങൾക്ക് മാ‌ർക്ക് നൽകില്ല. ദേശീയ തലത്തിലെ സോണൽ മത്സരങ്ങൾക്കും അന്തർ സർവകലാശാല മത്സരങ്ങൾക്കും മാർക്ക് നൽകും. ദേശീയ, രാജ്യാന്തര മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും മെഡൽ ജേതാക്കൾക്കും പ്രത്യേകം മാർക്ക് നൽകുന്ന ഇപ്പോഴത്തെ രീതിയും തുടരും. താഴെ പറയുന്ന മത്സരങ്ങളിൽ പങ്കെടുത്തവർക്കാണ് ആനുകൂല്യം ലഭിക്കുക.

1. ദേശീയ, രാജ്യാന്തര മത്സരങ്ങൾ

2. ഇന്റർ യൂണിവേഴ്‌സിറ്റി മത്സരങ്ങൾ

3. ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസ് ഫെഡറേഷന്റെ കായിക മേളകൾ

4. സംസ്‌ഥാന സർക്കാരോ യൂണിവേഴ്‌സിറ്റികളോ സ്‌പോർട്‌സ് കൗൺസിലോ നടത്തുന്ന സംസ്‌ഥാനതല മത്സരങ്ങൾ

വ്യക്‌തിഗത ഇനങ്ങൾ

വ്യക്‌തിഗത ഇനങ്ങൾക്കും ടീം ഇനങ്ങൾക്കും വെവ്വേറെ മാർക്കാണ് നൽകുന്നത്. വ്യക്‌തിഗത ഇനങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് ഇനി പറയുന്നു.

1. ഒളിംപിക്‌സ്, ഏഷ്യാഡ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ രാജ്യാന്തര കായികമേളകളിൽ രാജ്യത്തെ പ്രതിനിധീകരിച്ചാൽ– 30 ശതമാനം.

2. ദേശീയ കായികമേളകളിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 20 ശതമാനം.

3. ഓൾ ഇന്ത്യാ യൂണിവേഴ്‌സിറ്റി മത്സരങ്ങളിൽ യൂണിവേഴ്‌സിറ്റിയെ പ്രതിനിധീകരിച്ചാൽ– 15 ശതമാനം.

4. ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 10 ശതമാനം.

5. ദക്ഷിണ മേഖലാ മത്സരങ്ങളിൽ സംസ്‌ഥാനത്തെയോ യൂണിവേഴ്‌സിറ്റിയെയോ പ്രതിനിധീകരിച്ചാൽ– 7.5 ശതമാനം

ടീം ഇനങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് താഴെ പറയുന്നു

1. രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാൽ– 20 ശതമാനം.

2. ദേശീയ മത്സരങ്ങളിൽ സംസ്‌ഥാനത്തെ പ്രതിനിധീകരിച്ചാൽ– 15 ശതമാനം.

3. രാജ്യാന്തര കായികമേളയിൽ (ഇന്റർ സോൺ) യൂണിവേഴ്‌സിറ്റിയെയും ഓൾ ഇന്ത്യാ സ്‌കൂൾ ഗെയിംസിൽ സംസ്‌ഥാനത്തെ/സ്‌കൂളിനെ പ്രതിനിധീകരിച്ചാൽ– 10 ശതമാനം.

4. ദക്ഷിണമേഖലാ മത്സരങ്ങളിൽ സംസ്‌ഥാനത്തെയോ സർവകലാശാലയെയോ പ്രതിനിധീകരിച്ചാൽ– 7.5 ശതമാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com