തയ്യൽ മുതൽ നായ്വളർത്തൽ വരെ; ഹോബി ബിസിനസാക്കാം, ലാഭം നേടാം
Mail This Article
എന്തെങ്കിലും ഒരു ഹോബി ഇല്ലാത്തവരുണ്ടോ? നമ്മുടെ പല കഴിവുകളെയും സ്ഥിരവരുമാനമുണ്ടാക്കുന്ന സംരംഭങ്ങളായി മാറ്റിയാലോ? ചിത്രം വരയ്ക്കുന്നവർ, കഥയെഴുതുന്നവർ, പാട്ടു പാടുന്നവർ, കൊത്തുപണി ചെയ്യുന്നവർ, ഭക്ഷണം ഉണ്ടാക്കുന്നവർ, തയ്ക്കുന്നവർ, ആഭരണങ്ങൾ നിർമിക്കുന്നവർ, ഡിസൈനർമാർ, കണ്ടന്റ് റൈറ്റർമാർ, ചെറിയ വാചകങ്ങളിൽ വലിയ അർഥതലങ്ങൾ ഉണ്ടാക്കാൻ കഴിയുന്നവർ, പരിഭാഷപ്പെടുത്തുന്നവർ, സമ്മറൈസ് ചെയ്യുന്നവർ, മൃഗസ്നേഹികൾ, പക്ഷികളെ സ്നേഹിക്കുന്നവർ, എംബ്രോയ്ഡറി ചെയ്യുന്നവർ... എന്നിങ്ങനെ ധാരാളം ഹോബികൾ പിന്തുടരുന്നവർ നമുക്കു ചുറ്റുമുണ്ട്. ഇത്തരം ഹോബികൾ വരുമാനമുണ്ടാക്കുന്ന സംരംഭങ്ങളായി രൂപപ്പെടുത്താൻ അവസരമുണ്ട്.
സാധ്യതകൾ ഒട്ടേറെ; കണ്ടെത്താൻ മടിക്കരുത്
നമ്മുടെ കഴിവ് ഏതു മേഖലയിലാണ്, അതിനനുസരിച്ചു ബിസിനസ് പരുവപ്പെടുത്തിയെടുക്കുക എന്നതാണു പ്രധാന കാര്യം. ഹോബിയും സ്വന്തം കഴിവുമൊക്കെ വെറുതെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണു മിക്കവരും. അതിനെ കുറച്ചുകൂടി മാർക്കറ്റ് ചെയ്യുന്ന രീതിയിൽ ഒന്ന് ആലോചിച്ചുകൂടേ?
വിവാഹം, വിവാഹവാർഷികം, ജന്മദിനം പോലുള്ള സന്ദർഭങ്ങളിൽ സമ്മാനമായി നൽകാൻ ആകർഷകമായ ചിത്രങ്ങളും സുവനീറുകളുമൊക്കെ ഉണ്ടാക്കി നൽകാം. നൈപുണ്യമുള്ള പാചകക്കാരാണെങ്കിൽ നല്ല ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തുനോക്കാം. ചിത്രങ്ങൾ എംബ്രോയ്ഡറി ചെയ്തു ജീവസ്സുറ്റതാക്കി വിൽക്കാം. നായ്ക്കളെ ഇഷ്ടപ്പെടുന്നവർക്ക് അവയുടെ പരിപാലനവും നായ്ക്കുട്ടികളുടെ വിൽപനയും അവയുടെ തീറ്റ, മരുന്ന്, ഉപകരണങ്ങൾ എന്നിവയുടെ വിൽപനയും വലിയ സാധ്യതയുള്ള ബിസിനസാക്കാം. കിളികളെ സ്നേഹിക്കുന്നവർക്ക് അതിന്റെ സെന്ററുകൾ തുടങ്ങാം. യോഗ, ജിംനേഷ്യം, കരാട്ടെ തുടങ്ങി ഹോബികളെല്ലാം പ്രതിഫലം ലഭിക്കാൻ സാധ്യതയുള്ളവതന്നെയാണ്.
ചെറിയ മുതൽമുടക്ക്; ഉയർന്ന ലാഭം
ഹോബികളെ ബിസിനസ് ആക്കാൻ കാര്യമായ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമില്ല. വീട്ടിൽത്തന്നെയുള്ള ഉപകരണങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തി ഇത്തരം ബിസിനസുകളിലേക്കു കടന്നുവരാം. കംപ്യൂട്ടറും നെറ്റ് കണക്‌ഷനും വേണം. മിക്കവർക്കും ഇപ്പോൾ അതുണ്ടാകാം. അഥവാ, അങ്ങനെയൊരു നിക്ഷേപം വേണ്ടിവന്നാൽ പരമാവധി ഒരു ലക്ഷം രൂപ ചെലവുണ്ടാകും. തനിക്കു ചുറ്റുമുള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിത്തന്നെ ഹോബിയെ എങ്ങനെ മാർക്കറ്റ് ചെയ്യാം എന്നാണു ചിന്തിക്കേണ്ടത്. സംരംഭം കൂടുതൽ വ്യാപക്കുമ്പോൾ, ആവശ്യമെങ്കിൽ മാത്രം കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ മതി. തീർച്ചയായും
സംരംഭത്തിന്റെ സ്വഭാവമനുസരിച്ച് വിപണനം രൂപപ്പെടുത്തണം. നല്ല രീതിയിൽ മോഡലുകൾ അവതരിപ്പിക്കുക പ്രധാനമാണ്. നേരിട്ടും ഓൺലൈനിലൂടെയും ഓർഡറുകൾ ക്യാൻവാസ് ചെയ്യാം. ഒരു ചിത്രമാണു വിൽക്കുന്നതെങ്കിൽ അതിന്റെ മോഡൽ ഓൺലൈനിലൂടെ പ്രചരിപ്പിച്ച് വിൽപനസാധ്യത തേടാം. കൂടുതൽ വർക്കുകൾ ലഭിക്കുമ്പോൾ ഒരേ ഹോബിയുള്ളവരെ ഉൾപ്പെടുത്താം. മ്യൂറൽ ചിത്രങ്ങൾ, മറ്റിനം ചിത്രപ്പണികൾ, കൊത്തുപണികൾ, ഹാൻഡിക്രാഫ്റ്റ്, ഗാർമെന്റ്, കളിക്കോപ്പുകൾ, ഭക്ഷ്യസാമഗ്രികൾ, മൃഗപരിപാലനം എന്നിവയെല്ലാം ഓൺലൈനിലൂടെ പ്രചരിപ്പിച്ച് വലിയ വരുമാനം നേടിത്തരാൻ സഹായകമായ ബിസിനസുകളാണ്.
കൈത്തുന്നൽ തൊഴിലാക്കി; ലാഭവഴിയിൽ ഫിയോണിക്സ്
എറണാകുളത്തെ ഫിയോണിക്സ് ബൈ അമൃത എന്ന സംരംഭം ഇതിനൊരു മാതൃകയാണ്. അമൃതയുടെ ഹോബിയാണ് ചിത്രരചനയും എംബ്രോയ്ഡറി വർക്കും. ഇത് ഉപയോഗപ്പെടുത്തിക്കൊണ്ട് ഹൂപ് ആർട്ട് (Hoop Art) അല്ലെങ്കിൽ ഹൂപ് എംബ്രോയ്ഡറി (Hoop Embroidery) എന്ന കലയും തൊഴിലും സ്വന്തമാക്കുകയാണ് അമൃത ചെയ്തത്. ഇന്ത്യയിൽ ഇതു വേണ്ടത്ര പ്രചാരം നേടിയിട്ടില്ല. ചിത്രങ്ങളെ ഹാൻഡ് എംബ്രോയ്ഡറി ചെയ്ത് ആകർഷകമാക്കുന്ന രീതിയാണിത്.
ജന്മദിനം, വിവാഹം, വിവാഹ വാർഷികം, മാമോദീസ, ആഘോഷങ്ങൾ തുടങ്ങിയ ചടങ്ങുകൾക്കു സമ്മാനമായി നൽകാനായി ഇവ ധാരാളം പേർ വാങ്ങുന്നു. ചുമരിൽ തൂക്കുന്ന രൂപത്തിലും ചെയ്തു കൊടുക്കുന്നു. ധാരാളം മോഡലുകൾ അവതരിപ്പിച്ചതിനെത്തുടർന്ന് സ്ഥിരമായി വർക്കുകൾ ലഭിക്കുന്നുണ്ട്. വാങ്ങിയ ആളുകൾ പറഞ്ഞുള്ള പ്രചാരമാണ് അമൃതയ്ക്കു കൂടുതൽ ഓർഡർ നേടിക്കൊടുക്കുന്നത്. സ്ഥിരമായ വരുമാനം ഉണ്ടാക്കിയെടുക്കുന്നു എന്നതാണു നേട്ടം.
കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ടിരിക്കുന്ന സമയത്താണ് ഇതു പരീക്ഷിക്കാൻ അമൃതയ്ക്കു തോന്നിയത്. ഇപ്പോൾ ജീവിതത്തിന്റെ മുഖ്യ വരുമാന സ്രോതസ്സായി ഇതു മാറി. ഓർഡറുകൾ ധാരാളമുണ്ട്, ചെയ്യാൻ തയാറായാൽ മാത്രം മതി എന്നാണ് അമൃത പറയുന്നത്.