തയ്ക്കാനറിയാമോ? നിങ്ങൾക്കുമാകാം ഒരു കൊച്ചു ഫാഷൻ ഡിസൈനർ!
Mail This Article
ഗാർമെന്റ് രംഗത്ത് സംരംഭസാധ്യത വളരെക്കൂടുതലാണ്. ചെറിയ സ്ഥാപനങ്ങൾപോലും ഇപ്പോൾ ഗാർമെന്റ് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്. നാട്ടിലും പുറത്തും ഒരുപോലെ ഡിമാൻഡ് ഉള്ളതിനാൽ വലിയ കമ്പനികൾക്കു മാത്രമല്ല, ലഘു സംരംഭങ്ങൾക്കും ശോഭിക്കാനാകും. കുഞ്ഞുടുപ്പുകൾ, ഫ്രോക്കുകൾ, കഫ്ത്താൻ, കൂർത്തികൾ, ചുരിദാറുകൾ, ബോട്ടം, പട്ടുപാവാടകൾ, നൈറ്റികൾ തുടങ്ങി ധാരാളം ഉൽപന്നങ്ങൾക്കു സാധ്യതയുണ്ട്. തയ്യൽ രംഗത്തു പരിചയമുള്ള ആർക്കും ഈ സംരംഭത്തിലേക്ക് എളുപ്പത്തിൽ കടന്നുവരാം. മുൻപരിചയമില്ലാത്തവർക്കു നല്ല ഡിസൈനർമാരെയും തയ്യൽക്കാരെയും ജോലിക്കു വച്ചു സംരംഭം തുടങ്ങാം. നന്നായി ഡിസൈൻ ചെയ്യുകയാണ് ഏറ്റവും പ്രധാനം. ഡിസൈൻ അനുസരിച്ചും ഗാർമെന്റിന്റെ സ്വഭാവം അനുസരിച്ചും കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്ത് ആവശ്യമായ എംബ്രോയ്ഡറി വർക്കും മറ്റ് അലങ്കാരജോലികളും ചെയ്ത് വിൽക്കുകയാണു ചെയ്യേണ്ടത്.
കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാം; പിന്നെ വിപുലമാക്കാം
കുറഞ്ഞ നിക്ഷേപത്തിൽ തുടങ്ങാൻ കഴിയും എന്നത് ഇത്തരം സംരംഭത്തിന്റെ ആകർഷണമാണ്. ഈറോഡ്, തിരുപ്പൂർ, രാജസ്ഥാൻ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ആവശ്യമായ എല്ലാ തുണിത്തരങ്ങളും ലഭിക്കും. പാഴ്സലിൽ ഇവ ലഭിക്കുന്നുണ്ട്. അഹമ്മദാബാദിലെ സ്വകാര്യ കച്ചവടക്കാരിൽനിന്നും കുറഞ്ഞ വിലയിൽ തുണി കിട്ടും. കോട്ടൺ, ലിനൻ മെറ്റീരിയലുകൾക്കു പ്രാധാന്യം നൽകാം.
മൂന്നു ലക്ഷം രൂപയുടെ മെഷിനറികൾ സ്ഥാപിച്ചാൽ 10 തൊഴിലാളികൾക്കെങ്കിലും ജോലി നൽകാൻ കഴിയും. സ്റ്റിച്ചിങ് പവർ മെഷിനുകൾ, അംബ്രല മെഷിനുകൾ, ഇന്റർലോക്ക് മെഷിനുകൾ, എംബ്രോയ്ഡറി മെഷിനുകൾ തുടങ്ങിയവയാണ് പ്രധാനമായി വേണ്ടത്. 500 ചതുരശ്ര അടി കെട്ടിടവും 5 എച്ച്പിയിൽ താഴെ പവറും ആവശ്യമുണ്ട്. മുകളിലെ നിലയിലായാലും നടത്തിക്കൊണ്ടുപോകാൻ പ്രയാസമില്ല. കെട്ടിടം വാടകയ്ക്കെടുത്താലും മതി.
കയറ്റുമതികൂടി ലക്ഷ്യമാക്കാം
കയറ്റുമതികൂടി ലക്ഷ്യമിട്ടുവേണം സംരംഭത്തെ മുന്നോട്ടു കൊണ്ടുപോകാൻ. കഫ്ത്താൻ, കുർത്തികൾ, കുഞ്ഞുടുപ്പുകൾ എന്നിവയ്ക്കു വിദേശത്തു നല്ല സാധ്യതയാണുള്ളത്. യൂറോപ്യൻ രാജ്യങ്ങളിലേക്കും അറേബ്യൻ രാജ്യങ്ങളിലേക്കും ഇത്തരം ഉൽപന്നങ്ങൾ കയറ്റി അയയ്ക്കാൻ കഴിയും. ഏജൻസികൾ വഴിയും ഉൽപന്നങ്ങൾ അയക്കാം. സ്ഥിരം കസ്റ്റമേഴ്സിനെ കണ്ടെത്താൻ കഴിഞ്ഞാൽ ബിസിനസിൽ വലിയ നേട്ടമുണ്ടാക്കാം. കേരളത്തിലെ ഷോപ്പുകൾ വഴിയും ഓർഡറുകൾ പിടിച്ച് വിപണി കണ്ടെത്താനാകും.
വിജയിക്കാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
∙മികച്ച മോഡലുകൾ അവതരിപ്പിക്കണം
∙മികച്ച രീതിയിലെ ഡിസൈനിങ് കൊണ്ടുവരാൻ നിരന്തരം ശ്രദ്ധിക്കണം
∙ആവശ്യക്കാരുടെ ഡിസൈൻ ഉൾക്കൊള്ളാൻ കഴിയണം
∙ഭംഗിയായി തയ്യൽ ചെയ്യണം
∙നൈപുണ്യമുള്ള തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തണം
∙മികച്ച പായ്ക്കിങ് ആയിരിക്കണം
∙വിപണിവിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം പാടില്ല
‘നൈസായി’ ലാഭം കൊയ്ത് അലീഡിയ
എറണാകുളം ജില്ലയിൽ പറവൂരിൽ പ്രവർത്തിക്കുന്ന നൈസ് കലക്‌ഷൻസ് ഇത്തരത്തിൽ ഒരു മാതൃകാ സംരംഭമാണ്. കുടുംബ ബിസിനസ് എന്ന നിലയിൽ വർഷങ്ങളായി നടത്തുന്ന സംരംഭമാണിത്. ഗാർമെന്റ് ഉൽപന്നങ്ങൾ നിർമിച്ച് സ്വദേശത്തും വിദേശത്തും വിൽപന നടത്തുന്നുണ്ട്. ഏജൻസികൾ വഴിയാണു കയറ്റുമതി ചെയ്യുന്നത്. അലീഡിയ സിറിൽ എന്ന വനിതാ സംരംഭകയാണ് ഉടമ. യൂറോപ്യൻ രാജ്യങ്ങളിലേക്കും സൗദിയിലേക്കും കഫ്ത്താൻ, കുർത്തീസ്, കുഞ്ഞുടുപ്പുകൾ എന്നിവ കയറ്റി അയയ്ക്കുന്നുണ്ട്.