ADVERTISEMENT

വളരെ വിജയകരമായി ചെയ്യാവുന്ന ഒരു സംരംഭമാണ് എഫ്ആർപി ഡോറുകളുടെ നിർമാണവും വിൽപനയും. കെട്ടിടനിർമാണത്തിന് ഇത്തരം ഡോറുകൾ ഇപ്പോൾ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. നനഞ്ഞാലും കേടുവരാത്തതാണിവ. വീടുകളിൽ മുറികളുടെ വാതിലായും ടോയ്‌ലറ്റിനുമെല്ലാം എഫ്ആർപി ഡോറുകൾ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പുതിയ മോഡലുകൾ അവതരിപ്പിച്ച് ആകർഷകമാക്കാനും സാധ്യതയുണ്ട്. മോഡുലാർ കിച്ചൻ വർക്കുകളും വീടുകളുടെ ഇന്റീരിയർ വർക്കുകളും ഈ മെറ്റീരിയലിൽ ചെയ്യാവുന്നതാണ്.

നിർമാണരീതി

ഫൈബർ ഗ്ലാസ്, റെസിനുകൾ, കളർ പിഗ്‌മെന്റ്സ് എന്നിവയാണ് FRP ഡോറുകൾ നിർമിക്കാൻ വേണ്ട പ്രധാന അസംസ്കൃതവസ്തുക്കൾ. സ്വകാര്യ കച്ചവടക്കാർ വഴി ഇവ സുലഭമായി ലഭിക്കും. ക്വാളിറ്റി മെറ്റീരിയലുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. നിശ്ചയിച്ച അനുപാതത്തിൽ മെറ്റീരിയലുകൾ നന്നായി മിക്സ് ചെയ്ത്, ഫൈബർ ഡൈ സെറ്റുകളിൽ ഒഴിച്ചു ഫിറ്റ് ചെയ്തെടുക്കുകയാണ് നിർമാണരീതി. ഫിനിഷിങ്, കളർ എന്നിവയുടെ കൃത്യത ഉറപ്പുവരുത്തണം

അടിസ്ഥാനസൗകര്യം

10 ലക്ഷം രൂപ നിക്ഷേപത്തിൽ ഈ സംരംഭം തുടങ്ങാം. ഡോറുകളുടെ 50 ഫൈബർ ഡൈ സെറ്റ് മോൾഡുകൾ സ്ഥാപിച്ച് സ്ഥാപനം തുടങ്ങാൻ ഇത്രയും നിക്ഷേപം മതി. ഫൈബർ ഡൈ സെറ്റുകൾക്കാണു നിക്ഷേപം കൂടുതൽ വേണ്ടത്. ഇതിനു പല രീതിയിലുള്ള വായ്പാസൗകര്യങ്ങളും ലഭ്യമാണ്. നൈപുണ്യമുള്ള തൊഴിലാളികളെ കണ്ടെത്തിയാൽ ആദ്യപടി വിജയകരമായി എന്നു പറയാം.

വിപണനം

ധാരാളം ഡീലർമാർ ഇത്തരം ഉൽപന്നങ്ങൾ ഏറ്റെടുത്തു വിൽക്കുന്നുണ്ട്. കെട്ടിടനിർമാതാക്കളിൽനിന്നു നേരിട്ട് നേരിട്ട് ഓർഡർ പിടിച്ചും വിൽപന നടത്താം. ആവശ്യക്കാരുടെ സ്പെസിഫിക്കേഷൻ അനുസരിച്ചും ഡോറുകൾ നിർമിച്ചു നൽകാം. ഇത് ഫിറ്റ് ചെയ്തു കൊടുക്കുന്ന ഡീലർമാർ വഴിയാണു കൂടുതലായി ഓർഡറുകൾ ലഭിക്കാറുള്ളത്. മുൻകൂട്ടി ഓർഡർ ശേഖരിച്ചശേഷമാണു മിക്ക ഓർഡറും നൽകുന്നത് എന്നതിനാൽ ക്രെഡിറ്റ് വിൽപന വലിയ ഭീഷണിയാകാറില്ല. 10 ലക്ഷം രൂപ നിക്ഷേപത്തിൽ നടത്തുന്ന സ്ഥാപനത്തിന് കുറഞ്ഞത് 10 ലക്ഷം രൂപയുടെ പ്രതിമാസ വിറ്റുവരവ് ഉണ്ടാക്കാനും 20 ശതമാനത്തിൽ കൂടാത്ത അറ്റാദായം നേടാനും കഴിയും.

മാതൃകാസംരംഭം

എഫ്ആർപി ഡോറുകൾ നിർമിച്ചു വിൽക്കുന്ന പാലക്കാട് പൊൽപുള്ളിയിലെ  വിജയ് ഇൻഡസ്ട്രീസ് എന്ന സംരംഭം വിജയകരമായി മുന്നോട്ട് കൊണ്ടുപോവുകയാണ് കെ.പി.ശാന്തി എന്ന സംരംഭക. ബികോം പഠിച്ചശേഷം പല ബിസിനസിലൂടെ കടന്നുവന്ന ശാന്തി ഒടുവിൽ വിജയം കൊയ്ത മേഖലയാണിത്. നൂറ്റിപ്പത്തിലേറെ ഡൈ സെറ്റുകൾ ഉപയോഗിച്ച് ഇവർ വർക്ക് ചെയ്തുവരുന്നു. ഏതു രീതിയിലുള്ള ഓർഡർ കിട്ടിയാലും ചെയ്തുകൊടുക്കാൻ സാധിക്കുന്ന യൂണിറ്റാണിത്. ഏകദേശം 10 തൊഴിലാളികളുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com