മസ്കും ആമസോണും പിന്നിലായി, താരമായി അർനോൾട്ട്; അറിയാം ഫോബ്സിന്റെ അതിസമ്പന്നരെ, പട്ടികയിൽ മലയാളി വനിതയും
Mail This Article
സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് പുറത്തിറക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ഒന്നാമനായി. 23,300 കോടി ഡോളറിന്റെ സ്വത്തുമായാണു ഫാഷൻ ആഡംബര ബ്രാൻഡുകളുടെ ഉടമയായ അർനോൾട്ട് ഒന്നാമതെത്തിയത്. ടെസ്‌ല സഹസ്ഥാപകനായ ഇലോൺ മസ്‌കിനാണു രണ്ടാം സ്ഥാനം. 19,500 കോടി ഡോളറാണു മസ്കിന്റെ ആസ്തി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് 19,400 കോടി ഡോളറുമായി മൂന്നാം സ്ഥാനം സ്വന്തമാക്കി.
ഇന്ത്യൻ സമ്പന്നരിൽ അംബാനി ഒന്നാമൻ
അതിസമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഒന്നാമനായി. 11600 കോടി ഡോളറിന്റെ (9.6 ലക്ഷം കോടി രൂപ) ആസ്തിയുള്ള അംബാനി ലോക റാങ്കിൽ 9ാം സ്ഥാനത്താണ്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് ഇന്ത്യയിലെ രണ്ടാമൻ. 8400 കോടി ഡോളറിന്റെ (6.9 ലക്ഷം കോടി രൂപ) ആസ്തിയോടെ അദാനി ലോക റാങ്കിൽ 17ാം സ്ഥാനത്താണ്.
ഫോബ്സ് നിരയിൽ ആദ്യ മലയാളി വനിത
ഫോബ്സ് മാഗസിൻ പട്ടികയിൽ ആദ്യമായി ഒരു മലയാളി വനിത ഇടം നേടി. മുത്തൂറ്റ് ഗ്രൂപ്പിലെ സാറാ ജോർജ് മുത്തൂറ്റാണ് ഈ വർഷത്തെ ഫോബ്സ് പട്ടികയുടെ ഭാഗമായി ചരിത്രം കുറിച്ചത്. എം.എ.യൂസഫലി തന്നെയാണ് സമ്പന്ന മലയാളികളിൽ ഒന്നാമത്. 760 കോടി ഡോളറിന്റെ ആസ്തിയുമായി ലോക റാങ്കിങ്ങിൽ 344ാം സ്ഥാനത്താണ് യൂസഫലി.