മെയിൻ ലിസ്റ്റിൽ ആകെ 10 പേർ മാത്രം; നോക്കുകുത്തിയായി സപ്ലിമെന്ററി ലിസ്റ്റ്
Mail This Article
വിഎച്ച്എസ്ഇ നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്സ് ജൂനിയർ ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിൽ പിഎസ്സി ഉൾപ്പെടുത്തിയത് 10 പേരെ മാത്രം! മെയിൻ ലിസ്റ്റിൽ 10, സപ്ലിമെന്ററി ലിസ്റ്റിൽ 55, ഭിന്നശേഷി ലിസ്റ്റിൽ 7 എന്നിങ്ങനെ 72 പേരാണു ലിസ്റ്റിലുള്ളത്. കട്ട് ഓഫ് മാർക്ക്: 57.67. മെയിൻ ലിസ്റ്റിനൊപ്പം മാത്രമേ സപ്ലിമെന്ററി ലിസ്റ്റിന് നിലനിൽപുള്ളൂ എന്നിരിക്കെ സപ്ലിമെന്ററി ലിസ്റ്റിൽ 55 പേരെ ഉൾപ്പെടുത്തിയത് എന്തിനെന്നു വ്യക്തമല്ല. മെയിൻ ലിസ്റ്റിൽ ആവശ്യത്തിന് ഉദ്യോഗാർഥികളെ ഉൾപ്പെടുത്താത്തതിനാൽ കാലാവധി പൂർത്തിയാക്കാതെ ലിസ്റ്റ് അവസാനിക്കുമെന്ന് ഉറപ്പാണ്. ഈ തസ്തികയുടെ 5 ഒഴിവാണു പിഎസ്സിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 3 വർഷ കാലാവധിക്കുള്ളിൽ കൂടുതൽ ഒഴിവു റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. 2015 ജൂൺ 22നു നിലവിൽ വന്ന മുൻ ലിസ്റ്റ് 2018 ജൂൺ 21ന് അവസാനിച്ചിരുന്നു. ഈ ലിസ്റ്റിലെ 105 പേർക്കാണു നിയമന ശുപാർശ ലഭിച്ചത്.
സയന്റിഫിക് അസിസ്റ്റന്റ് മെയിൻ ലിസ്റ്റിലും 10 പേർ!
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (അനാട്ടമി) ഷോർട് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലും 10 പേർ മാത്രം. സപ്ലിമെന്ററി ലിസ്റ്റിൽ 57, ഭിന്നശേഷി ലിസ്റ്റിൽ 5 എന്നിങ്ങനെ 72 പേരാണു ലിസ്റ്റിൽ ഉൾപ്പെട്ടത്. കട്ട് ഓഫ് മാർക്ക്: 35.33. ഈ തസ്തികയുടെ ഒരു ഒഴിവാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.