ഹൈക്കോടതി വിധിയും വെട്ടി മന്ത്രിസഭ അനുമതി കൊടുത്തു; ഹൈസ്കൂളുകളിൽ ഇംഗ്ലിഷ് (ടെംപററി) അധ്യാപകർ!
Mail This Article
സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളിൽ ഇത്തവണയും ഇംഗ്ലിഷ് അധ്യാപകരുടെ സ്ഥിരം നിയമനമില്ല.
ഭാഷാവിഷയമായി അംഗീകരിച്ചു തസ്തികനിർണയം നടത്തി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന ഹൈക്കോടതി വിധിപോലും മാനിക്കാതെയാണ് ജൂലൈ 3നു ചേർന്ന മന്ത്രിസഭായോഗം ഇത്തവണയും താൽക്കാലികനിയമനം മതിയെന്ന തീരുമാനമെടുത്തത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 2024–25 അധ്യയനവർഷം ഇംഗ്ലിഷ് വിഷയത്തിന് പിരിയഡ് അടിസ്ഥാനത്തിൽ തസ്തികനിർണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്എസ്ടി ഇംഗ്ലിഷ് തസ്തിക താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താനാണു മന്ത്രിസഭായോഗം അനുമതി നൽകിയത്.
സർക്കാർ സ്കൂളുകളിൽ അധികതസ്തികകളിൽ തസ്തികനഷ്ടം വരുന്ന എച്ച്എസ്ടി ഇംഗ്ലിഷ് അധ്യാപകരെ ക്രമീകരിച്ചശേഷം ബാക്കി തസ്തികകളിലാണു ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുക. എയ്ഡഡ് സ്കൂളുകളിൽ എച്ച്എസ്ടി ഇംഗ്ലിഷ് അധിക തസ്തികകളിൽ അതേ മാനേജ്മെന്റിൽ തസ്തികനഷ്ടം വന്നു പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെഇആർ അധ്യായം XXI ചട്ടം 7 (2) പ്രകാരം മറ്റു സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർവിന്യസിച്ചശേഷം മാത്രം ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും. തസ്തികനിർണയം നടത്തി ഇംഗ്ലിഷ് അധ്യാപകരെ നിയമിക്കണമെന്ന് 2021ലാണു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ, സ്ഥിരം അധ്യാപകരെ നിയമിക്കണമെന്ന് കോടതി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടില്ലെന്ന പഴുതുപയോഗിച്ചാണു താൽക്കാലിക നിയമനം തുടരുന്നത്. സർക്കാർ തീരുമാനത്തിനെതിരെ ഉദ്യോഗാർഥികൾ വീണ്ടും കോടതിയെ സമീപിക്കുമെന്നാണു സൂചന.