അപേക്ഷകർ ഓർക്കുന്നുണ്ടോ? ഏഴര വർഷം മുൻപ് അപേക്ഷിച്ച എൽഡിസി വിജ്ഞാപനത്തിനു റാങ്ക് ലിസ്റ്റായി
Mail This Article
കാസർകോട് ജില്ലയിലെ വിവിധ വകുപ്പുകളിൽ എൽഡിസി (കന്നഡയും മലയാളവും അറിയുന്നവർ) റാങ്ക് ലിസ്റ്റ് പിഎസ്‌സി പ്രസിദ്ധീകരിച്ചു. മെയിൻ ലിസ്റ്റിൽ 97, സപ്ലിമെന്ററി ലിസ്റ്റിൽ 48, ഭിന്നശേഷി ലിസ്റ്റിൽ 1 എന്നിങ്ങനെ 146 പേരാണു ലിസ്റ്റിൽ. പുനഃപരിശോധന, ഉത്തരക്കടലാസ് ഫോട്ടോകോപ്പി, ലിസ്റ്റിൽനിന്ന് ഒഴിവാകൽ എന്നിവയ്ക്കു ജൂലൈ 15 വരെ അപേക്ഷ നൽകാം. ഈ തസ്തികയുടെ 109 ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിജ്ഞാപനം 2016ൽ
വിജ്ഞാപനം വന്ന് ഏഴര വർഷത്തിനു ശേഷമാണ് ഈ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. 2016 ഡിസംബർ 30നായിരുന്നു വിജ്ഞാപനം. ഉദ്യോഗാർഥികൾ നൽകിയ കേസുകൾ അനന്തമായി നീണ്ടതും ലിസ്റ്റിന്റെ പുനഃക്രമീകരണം ഉൾപ്പെടെയുള്ള നടപടികളുമാണു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരണം വൈകിച്ചത്.
2021 ഡിസംബറിൽ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചെങ്കിലും ലിസ്റ്റിൽ ഉൾപ്പെടാത്ത ചിലർ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഹർജി നൽകിയതിനെത്തുടർന്ന് ലിസ്റ്റ് റദ്ദാക്കി പുതിയതു പ്രസിദ്ധീകരിക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചു.
കന്നഡ, മലയാളം ഭാഷകൾക്ക് 30% മിനിമം മാർക്ക് നിശ്ചയിച്ചത് മുൻകൂട്ടി അറിയിച്ചില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി. ഇതിനെതിരെ പിഎസ്‌സി ഹൈക്കോടതിയിൽ അപ്പീൽ നൽകി. മിനിമം മാർക്ക് നിശ്ചയിക്കാതെ ലിസ്റ്റ് പ്രസിദ്ധീകരിച്ചാൽ ഉദ്യോഗാർഥികളുടെ യോഗ്യത തെളിയിക്കൽ പ്രായോഗികമാവില്ലെന്നു വിലയിരുത്തി വിധി ഹൈക്കോടതി സ്റ്റേ ചെയ്തു.
നിയമന ശുപാർശ കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കുമെന്നും വ്യക്തമാക്കി. ഇപ്പോൾ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിലും കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കും തുടർനടപടികൾ എന്നു വ്യക്തമാക്കിയിട്ടുണ്ട്.
വിജ്ഞാപനം മുതൽ റാങ്ക് ലിസ്റ്റ് വരെ
∙വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 30.12.2016
∙അപേക്ഷകർ: 2,21,244
∙ഒഎംആർ പരീക്ഷ: 22.10.2019.
∙പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തത്: 8,273 പേർ, വിജയികൾ: 1,270
∙വിവരണാത്മക പരീക്ഷ: 03.10.2020, എഴുതിയത് 904 പേർ.
∙സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 21.12.2021, ലിസ്റ്റിൽ ഉൾപ്പെട്ടവർ: 98
∙പുതുക്കിയ സാധ്യതാ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്: 09.05.2023, ലിസ്റ്റിൽ 151 പേർ
(മെയിൻ ലിസ്റ്റ്–99, സപ്ലിമെന്ററി ലിസ്റ്റ് 52)
∙റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്: 20.06.2024