ADVERTISEMENT

ഏതു ദിക്കിലേക്ക് പോയാലും കാണാന്‍ ഒട്ടേറെ കാഴ്ചകളുള്ള നാടാണ് ഇന്ത്യ. വിനോദസഞ്ചാരികളുടെ തിരക്കില്‍ നിന്നും ഒഴിഞ്ഞുമാറി സ്വസ്ഥമായി എവിടേക്കെങ്കിലും യാത്ര പോകാന്‍ ആലോചിക്കുകയാണോ? എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്, വിനോദസഞ്ചാരികളുടെ തിക്കും തിരക്കുമില്ലാത്ത ഒട്ടേറെ ഇടങ്ങള്‍. ഇന്ത്യയിലെ അത്തരം ചില ടൂറിസ്റ്റ് ആകര്‍ഷണങ്ങളിലൂടെ ഒരു യാത്ര...

ഗുരേസ് വാലി, കശ്മീർ

ദാല്‍ തടാകവും ഗുല്‍മാര്‍ഗും പോലെ മനോഹരമായ ഒട്ടേറെ കാഴ്ചകള്‍ കശ്മീര്‍ താഴ്‍‍‍‍വരയിലുണ്ട്. കശ്മീരിലെ അത്രയധികം പ്രശസ്തമല്ലാത്തതും എന്നാല്‍ അതിസുന്ദരവുമായ ഒരു പ്രദേശമാണ് ഗുരേസ് താഴ്‍‍വര. ചിത്രങ്ങളില്‍ കാണുന്ന പോലെയുള്ള ഭൂപ്രദേശങ്ങളും പച്ചപ്പും പര്‍വത നിരകളും അവയ്ക്കിടയിലൂടെ ആട്ടിന്‍പറ്റങ്ങളെ മേച്ചു നീങ്ങുന്ന ഇടയന്മാരും നദികളുമെല്ലാമായി സ്വര്‍ഗീയ സുന്ദരമാണ് ഇവിടം. നിയന്ത്രണരേഖയ്ക്ക് അരികില്‍ സ്ഥിതിചെയ്യുന്നതിനാല്‍ വളരെയധികം സുരക്ഷിതവുമാണ് ഇവിടേക്കുള്ള യാത്ര. 

1198929424
Ankit Sand/shutterstock

വുലാർ തടാകം, റസ്ദാൻ ചുരം, പീർ ബാബ ദേവാലയം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍. മെയ് മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.

കനാതൽ, ഉത്തരാഖണ്ഡ്

ഡെറാഡൂണിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ കുഗ്രാമമാണ് കനാതല്‍. വളരെ റൊമാന്റിക് ആയ അന്തരീക്ഷമാണ് ഇവിടെ. ഹണിമൂണ്‍ ആഘോഷിക്കുന്ന യുവദമ്പതിമാര്‍ക്ക് തിരക്ക് കൂടാതെ സമയം ചിലവഴിക്കാന്‍ പറ്റിയ ഇടമാണിത്. മഞ്ഞുമൂടിയ മലനിരകളും പുലരികളും പച്ചപ്പുമെല്ലാം ആസ്വദിക്കാവുന്ന ടെറസ് സ്റ്റേകളാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകളില്‍ ഒന്ന്.

1267844569
Shakti om/shutterstock

സുർക്കന്ദ ദേവി ക്ഷേത്രം, തെഹ്‌രി ഡാം തുടങ്ങിയ ഒട്ടേറെ ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ഉള്ള കനാതല്‍ സന്ദര്‍ശിക്കാന്‍ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളാണ് ഏറ്റവും മികച്ചത്. 

ഡാംറോ, അരുണാചൽ പ്രദേശ്

അരുണാചൽ പ്രദേശിലെ ഏറ്റവും നീളം കൂടിയ തൂക്കുപാലമാണ് ഡാംറോയിലെ പ്രധാന കാഴ്ച. ഓല മേഞ്ഞ മുള വീടുകളും വിചിത്രമായ തൂക്കുപാലങ്ങളുമെല്ലാം ഇവിടെ കാണാം. കൃഷിയില്‍ അധിഷ്ഠിതമായ ജീവിതമായതിനാല്‍, വയലുകളുടെ കാഴ്ചയും ഇവിടെ അതിമനോഹരമാണ്. ഡാംറോ ലബോകെല്ലി ടീ ഗാർഡൻ ആണ് ഡാംറോയിലെ പ്രശസ്തമായ മറ്റൊരു കാഴ്ച. ഒക്ടോബർ മുതൽ ഏപ്രിൽ വരെയുള്ള സമയം ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യമാണ്.

ലേപാക്ഷി, ആന്ധ്രാപ്രദേശ്

ശിവന്‍റെ അവതാരമായ വീരഭദ്രന് സമർപ്പിച്ചിരിക്കുന്ന സ്ഥലമാണ്, ആന്ധ്രാപ്രദേശിലെ കൊച്ചുപട്ടണമായ ലേപാക്ഷി. രാമായണത്തിലെയും മഹാഭാരതത്തിലെയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്ന ഒട്ടേറെ കെട്ടിടങ്ങളും ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ലേപാക്ഷി ക്ഷേത്രത്തിലെ തൂങ്ങിക്കിടക്കുന്ന തൂണാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം.

വീരഭദ്ര ക്ഷേത്രം, ജടായു തീം പാർക്ക് തുടങ്ങിയ ആകര്‍ഷണങ്ങളുമുണ്ട്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

ദരോജി സ്ലോത്ത് ബിയർ സാങ്ച്വറി, കർണാടക

കര്‍ണാടകയിലെ പ്രസിദ്ധമായ ഹംപിയെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍, ദരോജി കരടി സങ്കേതം എന്നറിയപ്പെടുന്ന കരടി സംരക്ഷണ കേന്ദ്രത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 120 ലധികം സ്ലോത്ത് കരടികളും ധാരാളം  കാട്ടുമൃഗങ്ങളും ഇവിടെയുണ്ട്. മുകളിലുള്ള വാച്ച് ടവറിൽ നിന്ന് ഇവയെ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.

1349602436
Amitrane/shutterstock

ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. കമലാപുര, മഹാനവമി ദിബ്ബ തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും കരടി സങ്കേതത്തിനടുത്തായാണ് സ്ഥിതിചെയ്യുന്നത്.

English Summary: Explore Hidden Tourist Places in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com