ADVERTISEMENT

ന്യൂസിലന്‍ഡിൽ ആര്‍ക്കും അറിയാത്ത ഒരു രഹസ്യ തടാകമോ? കേള്‍ക്കുമ്പോള്‍ വിശ്വസിക്കാൻ അല്‍പ്പം പ്രയാസമാണ്. മഞ്ഞു തടാകങ്ങൾ മുതൽ ആവിപറക്കുന്ന, അഗ്നിപർവത തടാകങ്ങള്‍ വരെ സമൃദ്ധമായുള്ള ഒരു രാജ്യമാണ് ന്യൂസിലന്‍‍‍ഡ്.  ആരും കാണാതെ  തടാകം ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.

രാജ്യത്തെ ഏറ്റവും പ്രശസ്തമായ തടാകങ്ങളിലൊന്നിലെ ഒരു ദ്വീപിലാണ് അരെതുസ എന്നു പേരായ ഈ തടാകം. ന്യൂസിലൻഡിലെ സൗത്ത് ഐലൻഡിലെ ഒട്ടാഗോ മേഖലയിലുള്ള വനാക തടാകത്തിലെ മൗ വാഹോ ദ്വീപിലാണ് ശുദ്ധജല തടാകമായ അരെതുസ സ്ഥിതിചെയ്യുന്നത് ദക്ഷിണ ആൽപ്സ് പർവതനിരകളുടെ താഴെയായാണ് വനാകാ തടാകം. ന്യൂസിലൻഡിലെ നാലാമത്തെ ഏറ്റവും വലിയ തടാകമായ വനാകാ തടാകം, സമുദ്രനിരപ്പിൽ നിന്നും 300 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 192 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുമുണ്ട്. വനാകയെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും, മിക്ക ന്യൂസിലന്‍ഡുകാരും അരെതുസ തടാകത്തെക്കുറിച്ച് കേട്ടിട്ട് പോലുമില്ല.

lake2
Image from Shutterstock

കാണാന്‍ അതിസുന്ദരമാണ് ഈ തടാകം. മുകളില്‍ നിന്ന് നോക്കുമ്പോള്‍ പച്ച നിറത്തിലുള്ള ഒരു രത്നക്കല്ലിലൂടെയെന്ന പോലെ താഴേക്ക് കാണാം. രണ്ടു കുഞ്ഞു പാറ ദ്വീപുകൾ തടാകത്തിന് മുകളിലേക്ക് ഉയര്‍ന്നുനില്‍ക്കുന്നത് കാണാം.

 ഹിമയുഗത്തോളം പഴക്കമുണ്ട് ഈ തടാകത്തിന്. ഹിമയുഗത്തിൽ ഗ്ലേഷ്യൽ സ്‌കോറിങ് വഴി രൂപപ്പെട്ട ഒരു പര്‍വതതടാകം ആണ് അരെതുസ. വാനകാ തടാകത്തിന് മുകളില്‍ ഏകദേശം 150 മീറ്റർ ഉയരത്തിലാണ് ഇതിന്‍റെ സ്ഥാനം. 

വനക തടാകത്തിലെ പ്രധാനപ്പെട്ട നാല് ദ്വീപുകളിൽ ഏറ്റവും വലുതാണ് "ഏറ്റവും പുറത്തുള്ള ദ്വീപ്" എന്നർത്ഥം വരുന്ന മൗ വാഹോ. 120-ഹെക്‌ടർ വിസ്തൃതിയുള്ള ഈ ദ്വീപ്‌ ജൈവവൈവിധ്യത്തിന്‍റെ കലവറയാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികള്‍ വരെ ഇവിടെ ജീവിക്കുന്നു. വേട്ടക്കാരായ ജീവികള്‍ ഇവിടെയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സഞ്ചാരികള്‍ക്ക് ഇവിടെ ഒരു രാത്രി ക്യാമ്പിംഗ് ചെയ്യാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ബോട്ട് വഴി ഇവിടേക്ക് എത്തിച്ചേരാന്‍ എളുപ്പവുമാണ്.

പ്രീ- യൂറോപ്യൻ സെറ്റിൽമെന്റായ മൗ വാഹോയില്‍ പണ്ടുകാലത്ത്, ടൊറ, മാതൈ എന്നിവയുൾപ്പെടെയുള്ള നാടൻ തടി മരങ്ങള്‍ ധാരാളം ഉണ്ടായിരുന്നു. 1860- കളിൽ ദ്വീപിലെത്തിയ ഒരു ബോട്ട് നിർമാണ കമ്പനി, ഇവിടുത്തെ പ്രാദേശിക വിഭവങ്ങൾ കൊള്ളയടിക്കുകയും റേഡിയറ്റ പൈൻ, ഡഗ്ലസ് ഫിർ എന്നിങ്ങനെയുള്ള  വിദേശ മരങ്ങൾ നട്ടുപിടിപ്പിക്കാന്‍ ആരംഭിക്കുകയും ചെയ്തു. കൂടാതെ, അവര്‍ വളര്‍ത്തിയിരുന്ന ആടുകളുടെ മേച്ചിലും കാട്ടുതീയും തദ്ദേശീയ സസ്യങ്ങളെ നശിപ്പിച്ചു, അതിവേഗം വളരുന്ന കാട്ടുപൈൻ മരങ്ങള്‍ നിറഞ്ഞു ഇവിടം ഒരു കാടായി മാറി. ജൈവവൈവിധ്യം നശിപ്പിക്കപ്പെട്ടു.

lake1
Wanaka South Island (Image from Shutterstock)

1988- ൽ, ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കൺസർവേഷൻ(DOC) വനാക ദ്വീപുകളുടെ നടത്തിപ്പ് ഏറ്റെടുക്കുകയും കീട നിർമാർജന പരിപാടികൾ ആരംഭിക്കുകയും എലികൾ, പോസം, സ്‌റ്റോട്ടുകൾ തുടങ്ങിയ ഇരപിടിയന്മാരായ ജീവികളെ കെണി വച്ച് പിടിക്കുകയും ദ്വീപിലെ ജൈവവൈവിധ്യം നശിപ്പിച്ചു കൊണ്ടിരുന്ന കാട്ടുപൈൻ മരങ്ങൾ വെട്ടിമാറ്റുകയും ചെയ്തു. പണ്ടു ദ്വീപില്‍ ഉണ്ടായിരുന്ന നാടൻ മരങ്ങൾ വീണ്ടും നട്ടുപിടിപ്പിക്കാന്‍ ആരംഭിച്ചു. 1995-ൽ മൗ വാഹോയെ കീട വിമുക്തമായി പ്രഖ്യാപിച്ചു.

ഇത്രയും കാര്യങ്ങള്‍ ചെയ്തതോടെ ദ്വീപില്‍ ഒരു അദ്ഭുതം സംഭവിച്ചു. ഏകദേശം 100 വർഷമായി സൗത്ത് ഐലൻഡിൽ നിന്ന് കാണാതായ ഒരു പക്ഷി ഇവിടേക്ക് വീണ്ടും തിരിച്ചെത്തി. 1920-കളിൽ ന്യൂസിലൻഡില്‍ നിന്നും അപ്രത്യക്ഷമായ ബഫ് വെക്ക (ഗല്ലിറല്ലസ് ഓസ്ട്രാലിസ് ഹെക്‌ടോറി) എന്ന അപൂര്‍വ പക്ഷിയായിരുന്നു അത്. ഒരു കോഴിയുടെ വലിപ്പമുള്ള ഈ പക്ഷികള്‍, ഫെററ്റുകൾ, വീസൽസ്, സ്‌റ്റോട്ടുകൾ എന്നിവയുടെ വേട്ടയാടലും ശരിയായ ആവാസവ്യവസ്ഥയില്ലാത്തതും കാരണം ഏറെക്കുറെ നശിച്ചു പോയിരുന്നു.

വംശനാശം സംഭവിക്കുമെന്ന് മനസ്സിലായതോടെ, 1905- ൽ, 12 ബഫ് വെക്കകളെ ന്യൂസിലൻഡിലെ ചാതംസ് ദ്വീപുകളിലേക്ക് കൊണ്ടുവന്നു പാര്‍പ്പിച്ചിരുന്നു. മെയിൻ ലാന്റിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ കിഴക്കുള്ള ഈ ദീപില്‍ അവർ തഴച്ചുവളർന്നു. പിന്നീട്, 2002- ൽ, 30 ബഫ് വെക്കകളെ ചാതംസിൽ നിന്ന് വനാകയിലെ ടെ പെക്ക കാരാര ദ്വീപിലേക്ക് മാറ്റി, അവയെ കുറച്ചു കാലത്തിനു ശേഷം മെയിൻലാൻഡിലേക്ക് പുനരവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊരുത്തപ്പെടുത്തലിനും പ്രജനനത്തിനുമായായിരുന്നു ഇവിടേക്ക് കൊണ്ടുവന്നത്. അതിനു ശേഷം, 2004- ൽ, 35 വെക്കകളെ മൗ വാഹോയിലേക്കും എത്തിച്ചു, അധികം വൈകാതെ ദ്വീപില്‍ സ്വന്തമായി ഇടം കണ്ടത്തിയ പക്ഷികളുടെ എണ്ണം 200 ആയി വർദ്ധിച്ചു.

ഇന്ന് ഇവിടെ ഈ പക്ഷികളെ കൂടാതെ, ഏകദേശം 100 സ്പീഷീസുകള്‍ വേറെയുമുണ്ട്. ആകെ 8,000 മരങ്ങളും ഇവിടെ നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ജീവികള്‍ക്ക് സുരക്ഷിതമായി ജീവിക്കാനായി അടുത്തുള്ള  മൗണ്ട് ആസ്പയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ നിര്‍മിച്ച 40 ചെറിയ തടി മോട്ടലുകളും ഇവിടുത്തെ മറ്റൊരു കാഴ്ചയാണ്. മൗ വാഹോയ്ക്കടുത്തായി ഇതേ വലിപ്പത്തില്‍ മൗ തപു എന്നു പേരായ മറ്റൊരു ദ്വീപു കൂടിയുണ്ട്. 

English Summary: Visit New Zealand's secret lake Arethusa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com