ADVERTISEMENT

വിമാനയാത്രികരുടെ എണ്ണം രാജ്യാന്തര തലത്തില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും വിമാനത്താവളങ്ങളിലെ തിരക്കും വര്‍ധിക്കുന്നു. ലോകത്തെ ഏറ്റവും തിരക്കേറിയ പത്തു വിമാനത്താവളങ്ങളുടെ പട്ടികയെടുത്താല്‍ അതിലൊരു സ്ഥാനം ഇന്ത്യയില്‍ നിന്നുള്ള വിമാനത്താവളത്തിനുള്ളതാണ്. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തരവിമാനത്താവളമാണ് പത്താം സ്ഥാനത്ത് എത്തിയിരിക്കുന്നത്. തിരക്കേറിയ മറ്റു വിമാനത്താവളങ്ങൾ ഏതൊക്കെയെന്നു നോക്കാം.

Hartsfield–Jackson Atlanta International Airport. Image Credit: juanpabloms/shutterstock
Hartsfield–Jackson Atlanta International Airport. Image Credit: juanpabloms/shutterstock

1. അറ്റ്‌ലാന്റ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ രാജ്യാന്തര വിമാനത്താവളം

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന വിശേഷണം അറ്റ്‌ലാന്റ ഹാര്‍ട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ വിമാനത്താവളത്തിന് ചേരും. കഴിഞ്ഞ വര്‍ഷം 10.46 കോടി യാത്രികരാണ് ഈ വിമാനത്താവളം വഴി കയറിയിറങ്ങിയത്. ഡെല്‍റ്റ എയര്‍ലൈന്‍സുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിമാനത്താവളത്തില്‍ നിരവധി ഡെല്‍റ്റ സ്‌കൈ ക്ലബുകളും അമേരിക്കന്‍ എയര്‍ലൈന്‍സ് അഡ്മിറല്‍സ് ക്ലബ്, യുണൈറ്റഡ് ക്ലബ് എന്നിങ്ങനെയുള്ള ലോഞ്ചുകളുമുണ്ട്. നൂറിലേറെ ഭഷ്യവിഭവങ്ങളും പാനീയങ്ങളും ലഭ്യമായിട്ടുള്ള വിമാനത്താവളം കൂടിയാണിത്. 

ദുബായ് രാജ്യാന്തര വിമാനത്താവളം. ആകാശക്കാഴ്ച. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ദുബായ് രാജ്യാന്തര വിമാനത്താവളം. ആകാശക്കാഴ്ച. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

2.ദുബായ് രാജ്യാന്തര വിമാനത്താവളം 

ഏപ്രിലില്‍ മാത്രം 49 ലക്ഷം യാത്രികരമാണ് ഈ വിമാനത്താവളം വഴി യാത്ര ചെയ്തത്. രാജ്യാന്തര തലത്തിലെ യാത്രകളുടെ കേന്ദ്രമായി ദുബായ് രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തിക്കുന്നു. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള ദീര്‍ഘദൂരയാത്രകള്‍ ദുബായ് വഴിയാണ് പലപ്പോഴും ഉണ്ടാവാറ്. തന്ത്രപ്രധാനമായ പശ്ചിമേഷ്യയിലെ സ്ഥാനവും ദുബായ്, വിമാന യാത്രികരുടെ കേന്ദ്രമാക്കി മാറ്റുന്നുണ്ട്. ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എക്കാലത്തും  ദുബായ് രാജ്യാന്തര വിമാനത്താവളം മുന്നിലുമാണ്. 

dallas-airport
ഡാലസ് രാജ്യാന്തര വിമാനത്താവളം

3. ഡാലസ്/ ഫോര്‍ട്ട് വര്‍ത്ത് രാജ്യാന്തര വിമാനത്താവളം

അഞ്ച് ടെര്‍മിനലുകളും 168 ഗേറ്റുകളുമായി 26 ചതുരശ്ര മൈല്‍ വിസ്തൃതിയില്‍ നീണ്ടു പരന്നു കിടക്കുന്നു ഡാലസ്/ഫോര്‍ട്ട് വര്‍ത്ത് രാജ്യാന്തര വിമാനത്താവളം. അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്‌ളാഗ്ഷിപ് ഫസ്റ്റ് ലോഞ്ച്, അഡ്മിറല്‍സ് ക്ലബ്, ഡെല്‍റ്റ സ്‌കൈ ക്ലബ് എന്നിങ്ങനെയുള്ള നിരവധി ലോഞ്ച് സൗകര്യങ്ങള്‍ യാത്രികര്‍ക്കായി ഇവിടെയുണ്ട്. ഭക്ഷണ വൈവിധ്യത്തിനൊപ്പം മസാജ് സലൂണുകളും വിഡിയോ ഗെയിം സൗകര്യവും വിപുലമായുള്ള വിമാനത്താവളം കൂടിയാണിത്.

London Heathrow airport, 2019. Image Credit : Dibin Rose Jacob.
London Heathrow airport, 2019. Image Credit : Dibin Rose Jacob.

4. ലണ്ടന്‍ ഹീത്രു

പ്രതിവര്‍ഷം 6.7 കോടി യാത്രികര്‍ ഹീത്രു വിമാനത്താവളത്തെ യാത്രയ്ക്കായി ആശ്രയിക്കുന്നു. 90ലേറെ എയര്‍ലൈനുകളും 180 സ്ഥലങ്ങളും ലണ്ടന്‍ ഹീത്രു വിമാനത്താവളവുമായി ബന്ധപ്പെട്ടിരിക്കുന്നു. നാല് ടെര്‍മിനലുകളിലായി യാത്രികര്‍ക്ക് വൈവിധ്യമാര്‍ന്ന സേവനങ്ങളും ലണ്ടന്‍ ഹിത്രു ഒരുക്കിയിരിക്കുന്നു. ഓണ്‍ലൈന്‍ റസ്റ്ററന്റ് ഡയറക്ടറിയും മൊബൈല്‍ പിക് അപ് ആപ്പുമുള്ള ഹീത്രുവില്‍ നിരവധി ലോഞ്ചുകളും എയര്‍പോര്‍ട്ട് ഹോട്ടലുകളും പ്ലേ സോണുകളും ഷോപ്പിങ് ഓപ്ഷനുകളും ഹീത്രു വിമാനത്താവളത്തിലുണ്ട്. 

ടോക്യോ ഹനേഡ രാജ്യാന്തര വിമാനത്താവളം (ഫയൽ ചിത്രം)

5. ടോക്യോ ഹനേഡ രാജ്യാന്തര വിമാനത്താവളം

45 ലക്ഷം യാത്രികരാണ് ഏപ്രിലില്‍ മാത്രം ടോക്യോ വിമാനത്താവളം വഴി യാത്ര ചെയ്തത്. ജപ്പാനിലേക്കുള്ള വാതിലാണ് ഈ വിമാനത്താവളം. ജപ്പാന്‍ എയര്‍ലൈന്‍, ഓള്‍ നിപ്പോണ്‍ എയര്‍വേസ് തുടങ്ങിയ എര്‍ലൈനുകള്‍ വഴി ജപ്പാനിലേക്കും ഏഷ്യയിലേക്കുമുള്ള പ്രവേശന കവാടമായി ടോക്യോ വിമാനത്താവളം മാറാറുണ്ട്. 

A United Airlines flight is de-iced before takeoff during a winter storm at Denver International Airport. Photo by: Michael Ciaglo / GETTY IMAGES NORTH AMERICA / Getty Images via AFP
Denver Airport (File Photo)

6.ഡെന്‍വര്‍ രാജ്യാന്തര വിമാനത്താവളം

ആകെ 90 ഗേറ്റുകളുണ്ട് ഡെന്‍വര്‍ രാജ്യാന്തര വിമാനത്താവളത്തിന്. ഔട്ട്‌ഡോര്‍ ഐസ് സ്‌കേറ്റിങ് സൗകര്യം, തല്‍സമയ പരിപാടികള്‍, ഔട്ട്‌ഡോര്‍ ഡെക്കുകള്‍, ഫാമിലി സീറ്റിങ് ഏരിയകള്‍, വ്യത്യസ്തമായ റസ്റ്ററന്റുകൾ എന്നിവയെല്ലാം ഡെന്‍വര്‍ രാജ്യാന്തര വിമാനത്താവളത്തിലുണ്ട്. ഭൂമിസ്തൃതിയില്‍ പശ്ചിമാര്‍ദ്ധഗോളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണിത്. 

7. ഇസ്താംബൂള്‍ വിമാനത്താവളം

തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളം ലോകത്തിലെ തന്നെ പ്രധാന ഏവിയേഷന്‍ ഹബുകളിലൊന്നാണ്. തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളം. 2023ല്‍ 7.6 ലക്ഷത്തിലേറെ യാത്രികര്‍ ഈ വിമാനത്താവളം വഴി യാത്ര ചെയ്തു. 2023ല്‍ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമെന്ന നേട്ടവും ഇസ്താംബൂള്‍ വിമാനത്താവളം സ്വന്തമാക്കി. 

8. ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളം

കലിഫോര്‍ണിയയുടെ പ്രൈമറി എയര്‍പോര്‍ട്ടാണിത്. ആര്‍ട്ട് ഇന്‍സ്റ്റലേഷനുകള്‍ കൊണ്ടും ഡൈനിങ് ഓപ്ഷനുകള്‍ കൊണ്ടും പ്രസിദ്ധം. ടോം ബ്രാഡ്‌ലി രാജ്യാന്തര ടെര്‍മിനലിലെ സര്‍ഫ് തീമ്ഡ് പ്ലേ ഏരിയയും പേരു കേട്ടതാണ്. 3,500 ഏക്കറില്‍ നാലു റണ്‍വേകള്‍. 2023ല്‍ 7.50 കോടി യാത്രികര്‍ ഈ വിമാനത്താവളത്തെ ഉപയോഗിച്ചു. 

9. ചിക്കാഗോ രാജ്യാന്തര വിമാനത്താവളം

ഏപ്രിലില്‍ മാത്രം 39 ലക്ഷം യാത്രികര്‍ യാത്ര ചെയ്ത വിമാനത്താവളമാണിത്. 2023ല്‍ ആകെ 7.3 കോടി യാത്രികരാണ് ചിക്കാഗോ വിമാനത്താവളം വഴി യാത്ര ചെയ്തത്. അമേരിക്കയിലെ നാലാമത്തെ തിരക്കേറിയ വിമാനത്താവളമാണിത്. 214 കേന്ദ്രങ്ങളിലേക്ക് വിമാനയാത്ര ചെയ്യാവുന്ന ഈ വിമാനത്താവളം ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ സ്ഥലങ്ങളിലേക്കു ബന്ധമുള്ള വിമാനത്താവളമാണ്. 1963 മുതല്‍ 1998 വരെ ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പേര് ചിക്കാഗോ വിമാനത്താവളത്തിനായിരുന്നു. ഇന്നും ആദ്യപത്തില്‍ ചിക്കാഗോ വിമാനത്താവളമുണ്ട്. 

Indira_Gandhi_International_Airport-delhi

10. ന്യൂഡല്‍ഹി ഇന്ദിര ഗാന്ധി രാജ്യാന്തരവിമാനത്താവളം

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. ലോകത്തെ പത്താമത്തെ തിരക്കേറിയ വിമാനത്താവളം. മൂന്നു ടെര്‍മിനലുകള്‍. ഏഷ്യ പസഫിക് മേഖലയിലെ ആദ്യകാര്‍ബണ്‍ ന്യൂട്രല്‍ ടെര്‍മിനലാണ് ടെര്‍മിനല്‍ 3. ലോഞ്ചുകള്‍, റസ്റ്ററന്റുകള്‍, കഫേ, പ്രീമിയം ഷോപ്പുകള്‍ എന്നിങ്ങനെ നിരവധി സേവനങ്ങളും സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. രണ്ടാം ലോക മഹായുദ്ധ കാലത്തു നിര്‍മിച്ചു. തുടക്കത്തില്‍ സൈനിക വിമാനത്താവളമായിരുന്നു. പിന്നീട് യാത്രികരുടെ എണ്ണം കൂടിയപ്പോള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിമാനത്താവളമാക്കി. 2023 ല്‍ 7.36 കോടി യാത്രികര്‍ ഇന്ദിരഗാന്ധി വിമാനത്താവളം വഴി യാത്ര ചെയ്തു.

English Summary:

The top 10 busiest airports in the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com