ADVERTISEMENT

വിനോദസഞ്ചാരികളെക്കൊണ്ടുള്ള 'ശല്യം' കൂടിയതോടെ പുതിയ നടപടികളുമായി ഗോവയിലെ കലംഗുട്ട് പഞ്ചായത്ത്. ആവർത്തിച്ചുള്ള പരാതികളെത്തുടർന്ന്, ഹോട്ടൽ റിസർവേഷനില്ലാതെ വിനോദസഞ്ചാരികൾ ഇവിടേക്ക് പ്രവേശിക്കുന്നത് തടയാൻ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് നിർദ്ദേശിച്ചു. വിനോദസഞ്ചാരിയിൽ നിന്ന് പണം തട്ടിയതിന് കലംഗുട്ടിലെ രണ്ട് നിശാക്ലബ് ജീവനക്കാരെ അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പഞ്ചായത്തിൻ്റെ നിർദ്ദിഷ്ട പ്രമേയം. ഒരു സ്ത്രീയെ പരിചയപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് തന്നെ നിശാക്ലബ്ബിൽ എത്തിച്ച് പണം ആവശ്യപ്പെട്ടതായി ഗുജറാത്തിൽ നിന്നുള്ള വിനോദസഞ്ചാരി പരാതി നല്‍കിയിരുന്നു. 

Calangute beach. Image Credit: ImagesofIndia/shutterstock
Calangute beach. Image Credit: ImagesofIndia/shutterstock

ഇവിടെയെത്തുന്ന ടൂറിസ്റ്റുകള്‍ ശല്യമാകുന്നു എന്ന രീതിയിലുള്ള പരാതികളില്‍ പ്രകോപിതരായാണ് പഞ്ചായത്തിന്‍റെ പുതിയ നീക്കം. ഹോട്ടൽ റിസർവേഷൻ ഇല്ലാത്ത വിനോദസഞ്ചാരികളെ ഗ്രാമ പഞ്ചായത്തിൻ്റെ അധികാരപരിധിയിൽ പ്രവേശിക്കുന്നത് തടയാൻ ഗ്രാമത്തിലേക്കുള്ള അപ്രോച്ച് റോഡുകളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഒരു കരട് പ്രമേയത്തിൽ നിർദ്ദേശിച്ചു. വിനോദസഞ്ചാരികൾ ഹോട്ടൽ റിസർവേഷൻ തെളിവ് കാണിക്കുകയോ അതിൻ്റെ പരിധിയിൽ പ്രവേശിക്കുന്നതിന് നികുതി അടയ്ക്കുകയോ ചെയ്യുന്നത് നിർബന്ധമാക്കാനാണ് നിര്‍ദേശം. 

Baga Beach. Image Credit: S_Mubeen/shutterstock
Baga Beach. Image Credit: S_Mubeen/shutterstock

സമീപകാലത്ത് ഇവിടം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികൾ ബഹളമുണ്ടാക്കുകയും ഗ്രാമത്തിന് അപകീർത്തി വരുത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്ത സംഭവങ്ങളെ തുടർന്നാണ് തീരുമാനം എടുത്തതെന്ന് കലങ്കുട്ട് സർപഞ്ച് ജോസഫ് സെക്വീര പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സഞ്ചാരികള്‍ കടല്‍ത്തീരത്ത് വച്ച്  മദ്യപിക്കുകയും എല്ലായിടത്തും മാലിന്യം വലിച്ചെറിയുകയും ചെയ്യുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഒട്ടേറെയാണ്. പിടിക്കപ്പെടുമ്പോൾ അവർ ഗ്രാമത്തെ കുറ്റപ്പെടുത്തുന്നു. വൃത്തിയും മര്യാദയും നിലനിർത്തുന്നതിനും പ്രദേശവാസികൾ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങൾ കുറയ്ക്കുന്നതിനുമാണ് പ്രവേശന നികുതി ചുമത്താൻ തീരുമാനിച്ചതെന്ന് സെക്വീര പറഞ്ഞു.

കലംഗുട്ടിലെ 80 ശതമാനത്തിലധികം ഗസ്റ്റ് ഹൗസുകളും ഗോവയ്ക്ക് പുറത്തുള്ള ആളുകൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയാണ്. പലപ്പോഴും, ഈ ഗസ്റ്റ് ഹൗസുകളുടെ പരിസരത്ത് എന്താണ് സംഭവിക്കുന്നത് എന്ന് ഉടമയ്ക്ക് അറിവില്ല. ഇതും വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

പഞ്ചായത്ത് പ്രമേയം, തുടർനടപടികൾക്കായി പനാജിയിലെ ജില്ലാ കളക്ടർക്ക് കൈമാറും. അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ഒക്ടോബറിൽ ആരംഭിക്കുന്ന അടുത്ത ടൂറിസ്റ്റ് സീസൺ മുതൽ ഇത് നടപ്പിലാക്കും. ഈ നിയന്ത്രണങ്ങൾ വിനോദസഞ്ചാരികൾക്ക് മാത്രമായിരിക്കുമെന്നും പ്രദേശവാസികൾക്കുള്ളതല്ലെന്നും സെക്വീര പറഞ്ഞു. വിനോദസഞ്ചാരികളിൽ നിന്ന് എൻട്രി ടാക്‌സ് പിരിക്കുന്ന മഹാരാഷ്ട്രയിലെ മഹാബലേശ്വർ മുനിസിപ്പൽ കൗൺസിലിൻ്റെ മാതൃകയിലായിരിക്കും ഇത് നടപ്പിലാക്കുക.

വടക്കൻ ഗോവയിലെ വളരെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് കലംഗുട്ട്. ക്രിസ്മസ്, ന്യൂ ഇയർ, മേയ് വേനൽക്കാലം എന്നിവയാണ് ഇവിടുത്തെ പ്രധാന ടൂറിസ്റ്റ് സീസൺ. വാട്ടർ സ്കീയിംഗ്, പാരാസെയിലിംഗ്, വാട്ടർ സ്കീയിംഗ് തുടങ്ങിയ കായികവിനോദങ്ങൾ ഇവിടെ സജീവമാണ്. ജൂൺ മുതൽ സെപ്തംബർ വരെയുള്ള മൺസൂൺ കാലത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഈ സമയത്ത് കടലില്‍ ഇറങ്ങി നീന്തൽ നിരോധിച്ചിരിക്കുന്നു.

'ഗോവയിലെ ഈ സ്ഥലങ്ങൾ സുരക്ഷിതമല്ല'; സഞ്ചാരികൾ ജാഗ്രതൈ

വിനോദസഞ്ചാരത്തിനായി ഗോവയിലേക്ക് എത്തുന്ന സഞ്ചാരികൾ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന സർക്കാർ. ഗോവ ടൂറിസം മന്ത്രി റോഹൻ ഖൌണ്ടേ ആണ് വിനോദസഞ്ചാരികളും പ്രദേശവാസികളും തീരപ്രദേശത്തെ അപകടസാധ്യതയുള്ള പ്രദേശങ്ങൾ സന്ദർശിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പറയുന്നത് മാത്രം നോക്കി യാത്ര ചെയ്യുന്ന മിക്ക സഞ്ചാരികളും പലപ്പോഴും സ്വയം അപകടത്തിൽ ചെന്നു ചാടുകയാണെന്നും മന്ത്രി ആശങ്കപ്പെട്ടു.

ഇൻസ്റ്റഗ്രാമിലും മറ്റും പ്രത്യക്ഷപ്പെടുന്ന ഇത്തരം വിഡിയോകൾ കണ്ട് നിരവധി ആളുകളാണ് ഇത്തരം സ്ഥലങ്ങളിലേക്ക് എത്തി അപകടത്തിൽപ്പെടുന്നത്. വെള്ളം നിറഞ്ഞു കിടക്കുന്ന ഉപേക്ഷിക്കപ്പെട്ട ക്വാറികളിൽ നീന്തുന്ന വിഡിയോകളും മറ്റും ഇൻസ്റ്റഗ്രാമിൽ നിരവധി പേർ പങ്കുവച്ചിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ വളരെ അശ്രദ്ധമാണെന്നും അപകടകരമാണെന്നും ഖൌണ്ടേ വ്യക്തമാക്കി. ഇത്തരം സ്ഥലങ്ങളിലെ അപകട സാധ്യതയെക്കുറിച്ച് പലർക്കും ധാരണയില്ല. നിരവധി പേരാണ് ഇത്തരം മേഖലകളിൽ അപകടത്തിൽപ്പെട്ടത്. അപകടകരമായ ഇത്തരം ക്വാറികളിലേക്ക് നീന്താനായി എത്തിയ മിക്കവരെയും കാത്തിരുന്നത് മരണമായിരുന്നു. 

വിനോദസഞ്ചാരികളും പ്രദേശവാസികളും ഇത്തരം അപകടകരമായ സാഹചര്യത്തിലേക്ക് പോകുന്നത് സർക്കാരിന് ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അതുകൊണ്ട് സഞ്ചാരികൾക്കിടയിലും നാട്ടുകാർക്കിടയിലും ഇത് സംബന്ധിച്ച് ഒരു അവബോധം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി വിനോദസഞ്ചാര വകുപ്പ് എത്രയും പെട്ടെന്നു തന്നെ സമഗ്രമായ ഒരു സർക്കുലർ പുറത്തിറക്കുമെന്ന് ഖൌണ്ടേ കൂട്ടിച്ചേർത്തു. ഇത് ഏതെങ്കിലും സാഹസപ്രവർത്തനത്തിൽ ഏർപ്പെടുന്നതിന് മുമ്പ് വ്യക്തിപരമായ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സഞ്ചാരികളെ ബോധവൽക്കരിക്കുന്നു.

മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു, പക്ഷേ മുങ്ങിമരണങ്ങൾ തുടരുന്നു

ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പൊതുജനങ്ങളോട്  സുരക്ഷ ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടു. ആഴമുള്ള വെള്ളത്തിൽ നീന്തുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും തീരപ്രദേശത്ത് മുങ്ങി മരിക്കുന്ന സംഭവങ്ങൾ കൂടുകയാണ്. നിലവിലുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിനായി വരാനിരിക്കുന്ന മഴക്കാലത്തിന് മുന്നോടിയായി ഉത്തര ഗോവയിലെയും ദക്ഷിണ ഗോവയിലെയും കളക്ടർമാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളച്ചാട്ടങ്ങൾ, ഒറ്റപ്പട്ട ക്വാറികൾ, നദികൾ എന്നിവിടങ്ങളിൽ നീന്തലിന് നിരോധനം ഏർപ്പെടുത്തിക്കൊണ്ടാണ് കളക്ടർമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് നോക്കുകയാണെങ്കിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ നിരോധനം തുടരും.

ഇത്തരം മേഖലകളിൽ നീന്തുന്നത് വളരെ അപകടം പിടിച്ചതാണെന്ന കർശനമായ ഓർമപ്പെടുത്തലാണ് ജില്ലാ കളക്ടർമാർ പുറപ്പെടുവിച്ച ഈ ഉത്തരവ് വ്യക്തമാക്കുന്നത്. നിർദ്ദേശങ്ങൾ അവഗണിക്കുന്നവരെ കാത്തിരിക്കുന്നത് കർശനമായ ശിക്ഷാ നടപടികളാണ്. മനുഷ്യ ജീവനും ആരോഗ്യത്തിനും സുരക്ഷയ്കും ഭീഷണിയാകുന്ന ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ കാത്തിരിക്കുന്നത് ഇന്ത്യൻ പീനൽ കോഡ്, വകുപ്പ് 188 പ്രകാരമുള്ള ശിക്ഷയായിരിക്കും.

ഗോവയുടെ ടൂറിസം മേഖലയിലേക്ക് എത്തുന്ന സഞ്ചാരികൾ ഉത്തരവാദിത്തമില്ലാതെ വിനോദപ്രവർത്തനങ്ങളിൽ ഏർപ്പെട്ട്  അപകടങ്ങൾ വരുത്തി വയ്ക്കുന്നതിന്റെ സാധ്യതകൾ കുറയ്ക്കാനാണ് ജില്ലാ ഭരണകൂടവും വിനോദസഞ്ചാര മന്ത്രാലയവും ചേർന്ന് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. സുരക്ഷാ അവബോധം വളർത്തിയെടുക്കുന്നതിലൂടെ ഗോവയുടെ തീരദേശത്ത് സുരക്ഷിതവും ആസ്വാദ്യകരവുമായ ഒരു വിനോദസഞ്ചാര അനുഭവമാണ് ഗോവയിലെ സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

English Summary:

Calangute Village Reacts to Tourist Harassment: Strict Entry Rules Proposed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com