ADVERTISEMENT

ഏഷ്യയിലെ ഏറ്റവും വലിയ തീം പാർക്ക് മലേഷ്യയിൽ തുറന്നു. "ഡൈനോ ഡെസേർട്ട്" എന്ന് വിളിക്കുന്ന ഈ പാര്‍ക്ക്, മലേഷ്യയിലെ ഏറ്റവും വലിയ ദിനോസർ പാർക്കാണ്. വ്യത്യസ്ത ഇനത്തിലുള്ള അനിമട്രോണിക് ദിനോസറുകളും മറ്റു പല വിനോദ സൗകര്യങ്ങളും ഇതിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. 2024 മേയ് 25 ന് പാര്‍ക്ക് ആദ്യമായി സന്ദർശകർക്കായി തുറന്നു.

ക്വാലലംപൂരിന്റെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന 'മങ്കീസ് കനോപ്പി റിസോർട്ടി'ന്റെ  ഭാഗമായ പാർക്ക്, 11 ഏക്കർ ഭൂമിയില്‍ വ്യാപിച്ചു കിടക്കുന്നു. യഥാർത്ഥ ദിനോസറുകളെപ്പോലെ വലുപ്പമുള്ളതും ചലിക്കുന്നതുമായ 144 വ്യത്യസ്ത തരം  ദിനോസർ മോഡലുകൾ ഇവിടെയുണ്ട്. ഇവ യഥാര്‍ത്ഥ ദിനോസറുകള്‍ക്കൊപ്പം നില്‍ക്കുന്നതു പോലെയുള്ള അനുഭവമാണ്‌ സന്ദര്‍ശകര്‍ക്കു നല്‍കുക. വലിയ പല്ലുകൾക്കു പേരുകേട്ട ടി-റെക്സ്, നീളമുള്ള കഴുത്തുള്ള മാമെഞ്ചിസോറസ്, മൂന്ന് കൊമ്പുകളുള്ള ട്രൈസെറാടോപ്പ്, ടോർവോസോറസ്, ബ്രാച്ചിയോസോറസ്, വെലോസിറാപ്റ്ററുകൾ എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇവ, ദിനോസറുകൾ ഭൂമി ഭരിച്ചിരുന്ന കാലത്തേക്ക് ആളുകളെ കൂട്ടിക്കൊണ്ടുപോകുന്നു. 

‘ജുറാസിക്ക് പാർക്ക്’ സിനിമകളില്‍ കണ്ടതു പോലെ, സന്ദര്‍ശകര്‍ക്കു ചലിക്കുന്ന, അലറുന്ന ദിനോസറുകൾക്കിടയിൽ നടക്കാം. ദിനോസറുകൾ പരസ്പരം പോരടിക്കുന്ന ഡിസ്‌പ്ലേകളാണ് ഏറ്റവും ശ്രദ്ധേയം. ടൈറനോസോറസ് റെക്സും സ്പിനോസോറസും തമ്മിലുള്ള ഏറ്റുമുട്ടൽ വളരെ ജനപ്രിയമാണ്. ഓരോ ദിനോസറിനെക്കുറിച്ചുമുള്ള വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവയുടെ ഭക്ഷണ രീതി, ജീവിതം മുതലായവയെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു. പകല്‍സമയത്ത് മാത്രമല്ല, "അറോറ നൈറ്റ് അറ്റ് ഡിനോ ഡെസേർട്ട്" എന്ന പേരിൽ ഒരു പ്രത്യേക രാത്രികാല പരിപാടിയും പാര്‍ക്കില്‍ ഉണ്ട്. കൂടാതെ, കൂറ്റൻ ദിനോസർ അസ്ഥികൂടങ്ങളുടെ പകർപ്പുകൾ ഉൾക്കൊള്ളുന്ന ഫോസിൽ സോണും പാർക്കിന്റെ കാഴ്ചകള്‍ കാണാന്‍ ലുക്ക് ഔട്ട് പീക്കുമുണ്ട്.

സന്ദര്‍ശകര്‍ക്കു ദിനോസറുകളെ കാണുന്നതിനൊപ്പം, മറ്റു വിനോദങ്ങളിലും ഏര്‍പ്പെടാം. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി തയ്യാറാക്കിയ 'കോണ്‍ക്വര്‍ ഇന്‍ഡോര്‍ എക്സ്ട്രീം പാര്‍ക്ക്' ഇതിനുള്ളില്‍ ഉണ്ട്. ഇവിടെ നിഞ്ച വാരിയർ കോഴ്‌സ്, ഹൈ റോപ്പ് കോഴ്‌സ് മുതലായവ പരീക്ഷിക്കാം. കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് 'എസ്കേപ്പ് സഫാരി പ്ലേലാന്‍ഡ്' എന്ന പേരില്‍ ഇൻഡോർ ഏരിയയുണ്ട്. ഇവിടെ കുട്ടികൾക്ക് കളിക്കാൻ സുരക്ഷിതമായ റൈഡുകളും സ്ലൈഡുകളും ഊഞ്ഞാലുകളും ജിംഗിൾ ജിമ്മുമെല്ലാമുണ്ട്.

മുതിർന്നവർക്ക് ഏകദേശം 982 രൂപ മുതൽക്കും മുതിർന്ന പൗരന്മാർക്കും കുട്ടികൾക്കും 804 രൂപ മുതലും ടിക്കറ്റുകൾ ആരംഭിക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പാര്‍ക്ക് സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.

English Summary:

Giant Dinosaurs Roar to Life at Malaysia's Newest Theme Park

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com