ADVERTISEMENT

വിനോദസഞ്ചാരത്തിന്‍റെ അവിഭാജ്യ ഘടകമാണ് നൈറ്റ് ലൈഫ്. പകല്‍ സമയത്തെ ചൂടും വെയിലും ട്രാഫിക്കും സഹിച്ച് പുറത്തു പോകാന്‍ മടിയുള്ളവര്‍ക്ക്, സമാധാനപരമായി ആഘോഷിക്കാം എന്ന് മാത്രമല്ല, വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാമ്പത്തിക, സാംസ്കാരിക, സാമൂഹിക തലങ്ങളിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച നൈറ്റ്ലൈഫ് എവിടെയാണ്? ടൈം ഔട്ട് മാഗസിന്‍ പുറത്തിറക്കിയ പട്ടിക അനുസരിച്ച്, ഏറ്റവും മനോഹരമായ രാത്രി ജീവിതമുള്ള നഗരങ്ങള്‍ ഇവയാണ്.

 Rio de Janeiro, Brazil. Image Credit: ClaireMcAdams/istockphoto
Rio de Janeiro, Brazil. Image Credit: ClaireMcAdams/istockphoto

1. റിയോ ഡി ജനീറോ: ആകാശം മുട്ടുന്ന പർവതങ്ങൾക്കും നീല ജലാശയങ്ങൾക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന റിയോ എന്ന ബ്രസീലിയൻ കടൽത്തീര നഗരം, കോപകബാന, ഇപനേമ തുടങ്ങിയ അതിമനോഹരമായ ബീച്ചുകൾക്ക് പേരുകേട്ടതാണ്. 700 മീറ്റർ ഉയരമുള്ള കോർകോവാഡോ പർവതത്തിന് മുകളിൽ, കൈകൾ നീട്ടി 98 അടി ഉയരത്തിൽ നിൽക്കുന്ന ക്രൈസ്റ്റ് ദി റിഡീമർ പ്രതിമ ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ്.  നിറങ്ങളുടെയും സംഗീതത്തിൻ്റെയും നൃത്തത്തിൻ്റെയും വാര്‍ഷിക ഉത്സവമായ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ എത്തുന്നു. ടൈം ഔട്ട് മാഗസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, രാത്രി ജീവിതത്തിന് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലമാണ് റിയോ.

Image Credit: bugking88/istockphoto
Image Credit: bugking88/istockphoto

2. മനില: ഫിലിപ്പീൻസിന്റെ തിരക്കേറിയ തലസ്ഥാനമായ മനില, ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ആധുനികതയുടെയും അതുല്യമായ ഒത്തുചേരലിനു പേരുകേട്ടതാണ്. വിലയേറിയ സാധനങ്ങള്‍ വില്‍ക്കുന്ന  മാളുകള്‍ മുതല്‍, തിരക്കേറിയ തെരുവ് മാർക്കറ്റുകൾ വരെ ഷോപ്പിങ്ങിന് അനന്തമായ സാധ്യതതകള്‍ തുറന്നിടുന്നു. സൂര്യൻ അസ്തമിക്കുമ്പോൾ മനില സജീവമാകുന്നു, നഗരത്തിന്റെ രാത്രിജീവിതം ഊർജ്ജസ്വലവും വൈവിധ്യപൂർണവുമാണ്, ഹിപ് ബാറുകൾ, സ്പീക്കീസ്, നൈറ്റ്ക്ലബ്ബുകൾ, ലൈവ് മ്യൂസിക് എന്നിങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്തത്ര വിനോദ അവസരങ്ങളുണ്ട്. 

Berlin-Wall-Tour-2
Berlin Wall

3. ബെർലിൻ: യൂറോപ്പിൽ പാർട്ടിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളില്‍ ഒന്നാണ് ജർമൻ തലസ്ഥാനമായ ബെർലിൻ. 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള താമസക്കാരുള്ള ബെർലിൻ, സംസ്കാരങ്ങളുടെ സംഗമഭൂമിയാണ്. ലോകത്തിലെ ഏറ്റവും നീളമേറിയ ബിയർ ഗാർഡനും ആകെ വിസ്തൃതിയുടെ മൂന്നിലൊന്നോളം വ്യാപിച്ചുകിടക്കുന്ന വനപ്രദേശവുമെല്ലാം ബെര്‍ലിന്‍റെ പ്രത്യേകതയാണ്. വെനീസിനേക്കാൾ കൂടുതൽ പാലങ്ങൾ ബെർലിനുണ്ട്, 1,700 ഓളം പാലങ്ങൾ അതിന്റെ വിവിധ നദികളിലും കനാലുകളിലും വ്യാപിച്ചുകിടക്കുന്നു. "ലോകത്തിന്റെ ടെക്‌നോ തലസ്ഥാനം" എന്നറിയപ്പെടുന്ന ബെർലിനിലെ രാത്രിജീവിതം വളരെ ആകര്‍ഷകമാണ്. 

Teotihuacan pyramids. Image Credit :Starcevic/istockphoto
Teotihuacan pyramids. Image Credit :Starcevic/istockphoto

4. ഗ്വാഡലജാര: മെക്സിക്കോയുടെ സാംസ്കാരിക ഹൃദയമെന്നാണ് ഗ്വാഡലജാര നഗരം അറിയപ്പെടുന്നത്. ഒരുകാലത്ത് നഗരത്തിലെ പ്ലാസകളിലും തെരുവുകളിലും നിറഞ്ഞിരുന്ന റോസ പൂന്തോട്ടങ്ങളുടെ സമൃദ്ധി കാരണം ഗ്വാഡലജാരയ്ക്ക് "സിറ്റി ഓഫ് റോസസ്" എന്ന് വിളിപ്പേര് ലഭിച്ചു. മരിയാച്ചി സംഗീതത്തിന്റെയും ടെക്വിലയുടെയും ജന്മസ്ഥലം കൂടിയായ ഈ നഗരത്തിലെ രാത്രിജീവിതം അതിന്റെ സംസ്കാരം പോലെ ഊർജ്ജസ്വലവും വൈവിധ്യപൂർണവുമാണ്. ചടുലമായ കാന്റിനകളും സൽസ ക്ലബ്ബുകളും മുതൽ ആധുനിക റൂഫ്‌ടോപ്പ് ബാറുകളും ഇലക്ട്രോണിക് ഡാൻസ് ക്ലബ്ബുകളുമായി ഇവിടം രാത്രി ആഘോഷങ്ങള്‍ക്ക് അനന്തമായ സാധ്യതകള്‍ തുറന്നിടുന്നു.

Texas Horse Park
Texas Horse Park

5. ഓസ്റ്റിൻ, ടെക്‌സാസ്: 250 ലധികം തത്സമയ സംഗീത വേദികളും രണ്ട് പ്രധാന സംഗീതോത്സവങ്ങളും (SXSW, ACL) ഉള്ള ഓസ്റ്റിൻ "ലൈവ് മ്യൂസിക് ക്യാപിറ്റൽ ഓഫ് ദി വേൾഡ്" എന്നാണ് അറിയപ്പെടുന്നത്. കൂടാതെ, വടക്കേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ വവ്വാലുകള്‍ ഉള്ള നഗരം കൂടിയാണ് ഇത്. ഡൈവ് ബാറുകളും സ്പീക്കീസുകളും മുതൽ ഉയർന്ന നിലവാരത്തിലുള്ള കോക്ടെയ്ൽ ലോഞ്ചുകളും ഡാൻസ് ക്ലബ്ബുകളും വരെ ഓസ്റ്റിന്റെ രാത്രിജീവിതം വൈവിധ്യപൂർണ്ണമാണ്. ചരിത്രപ്രസിദ്ധമായ ഡ്രിസ്കിൽ ഹോട്ടലിൽ സ്ഥിതി ചെയ്യുന്ന ദി ഡ്രിസ്കിൽ ബാർ പോലെയുള്ള ഐക്കണിക് സ്പോട്ടുകൾ വര്‍ഷംതോറും ലക്ഷക്കണക്കിന്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ബംഗ്ലാവ് ശൈലിയിലുള്ള ബാറുകള്‍ നിറഞ്ഞ റെയ്‌നി സ്ട്രീറ്റ് മറ്റൊരു നൈറ്റ് ലൈഫ് ഹോട്ട്‌സ്‌പോട്ടാണ്. രാത്രിയിൽ നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് പോപ്പ് മുതൽ ഇൻഡി റോക്ക് വരെയുള്ള തീം നൃത്ത രാത്രികൾക്ക് പേരുകേട്ട ബാർബറല്ല ഉണ്ട്. റെഡ് റിവർ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ചിയർ അപ്പ് ചാർലീസില്‍, ചടുലമായ ഡാൻസ് ഫ്ലോറും ലൈവ് മ്യൂസിക്കും സന്ദര്‍ശകരെ വരവേല്‍ക്കുന്നു.

banana-island-lagos
ലാഗോസ്

6. ലാഗോസ്: തിരക്കേറിയ മാർക്കറ്റുകളും മനോഹരമായ ബീച്ചുകളും മുതൽ വൈവിധ്യമാർന്ന രുചികളും ത്രില്ലിങ് നൈറ്റ് ലൈഫുമുള്ള ലാഗോസ്, ആഫ്രിക്കയുടെ ആത്മാവറിഞ്ഞ നഗരമാണ്. പശ്ചിമാഫ്രിക്കയിലെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ ബലോഗൻ മാർക്കറ്റ്, ചരിത്രപ്രസിദ്ധമായ ഫ്രീഡം പാർക്ക്, സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങളും മനോഹരമായ ഗോതിക് ശൈലിയിലുള്ള വാസ്തുവിദ്യയുമുള്ള കത്തീഡ്രൽ ചർച്ച് ഓഫ് ക്രൈസ്റ്റ്, ഓപ്പൺ എയർ വിനോദ കേന്ദ്രമായ ന്യൂ ആഫ്രിക്ക ഷ്‌റൈൻ തുടങ്ങിയവയെല്ലാം സന്ദര്‍ശകരുടെ പ്രിയപ്പെട്ട ഇടങ്ങളാണ്. തർക്വ ബേ, എലഗുഷി, ഇലാഷെ തുടങ്ങിയ ബീച്ചുകള്‍ രാത്രിപാര്‍ട്ടികള്‍ക്കും സമുദ്രവിനോദങ്ങള്‍ക്കും പേരുകേട്ടതാണ്. കൂടാതെ, വിക്ടോറിയ ഐലൻഡിലെ ക്വിലോക്സ് നൈറ്റ്ക്ലബ് ലാഗോസിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നാണ്.  

English Summary:

Passport to Party: The World's Best Cities for Nightlife.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com