കുറഞ്ഞ ചെലവിൽ ആൻഡമാൻ യാത്ര പ്ലാൻ ചെയ്യാം
Mail This Article
ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപ സമൂഹം സഞ്ചാരികളുടെ സ്വപ്ന ഭൂമിയാണ്. കാഴ്ചയിൽ അതിസുന്ദരമാണ് ഇവിടുത്തെ ദ്വീപുകളെല്ലാം. നമ്മുടെ രാജ്യത്തിന്റെ ചെറുപതിപ്പെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇവിടുത്തെ ദ്വീപുകളിൽ മലയാളികളും തമിഴരും ബംഗാളികളും സിഖുകാരും ഉൾപ്പെടെ എല്ലാ ദേശങ്ങളിൽ നിന്നുള്ളവരുമുണ്ട്.
ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാലത്തു ആൻഡമാൻ ജയിലിൽ അടയ്ക്കപ്പെട്ടവരിൽ ഭൂരിപക്ഷം പേരും സ്വാതന്ത്ര്യത്തിനുശേഷവും തിരിച്ചുവരാതെ അവിടെ തന്നെ താമസിക്കുകയാണ് ചെയ്തത്. ദ്വീപുകളിൽ ഇന്ത്യയുടെ പലഭാഗത്തു നിന്നുള്ള, പല ഭാഷകൾ സംസാരിക്കുന്ന, പല സംസ്കാരങ്ങളിൽപ്പെട്ട ഒരു ജനതയെ കാണാൻ കഴിയും. ഇവിടുത്തെ 555 ദ്വീപുകളിൽ ഏകദേശം 37 ദ്വീപുകളിൽ മാത്രമേ ജനവാസമുള്ളൂ. കടലിന്റെ കാഴ്ചകൾ ഒരിക്കലും മതിവരാത്ത സഞ്ചാരികൾക്കു ഈ ദ്വീപുകളും അവിടേക്കുള്ള യാത്രകളും സ്വപ്നതുല്യമായിരിക്കും. അധികപണം ചെലവാക്കാതെ ആൻഡമാൻ യാത്ര നടത്താൻ താൽപര്യമുണ്ടോ? എന്നാൽ ചിലത് ശ്രദ്ധിക്കാം.
ചരിത്രവും സംസ്കാരവും ഇഴപിരിഞ്ഞു കിടക്കുന്ന നാടാണ് ആൻഡമാൻ. മോഹിപ്പിക്കുന്ന കടൽത്തീരങ്ങളും കടുംപച്ചയണിഞ്ഞു നിൽക്കുന്ന വനങ്ങളും മനം മയക്കുന്ന പ്രകൃതിയും തുടങ്ങി ഏതൊരു സഞ്ചാരിയുടെയും ഹൃദയം കവരുന്ന കാഴ്ചകൾ ആൻഡമാന് സ്വന്തമാണ്. കയ്യിലല്പം പണം കുറവാണെങ്കിലും യാത്രാച്ചെലവിലും ഭക്ഷണം, താമസക്കാര്യങ്ങളിലും ആസൂത്രിതമായി പണം ചെലവഴിച്ചാൽ കീശ കാലിയാകാതെ കാഴ്ചകൾ ആസ്വദിക്കാം.
യാത്ര ചെലവ് കുറയ്ക്കാൻ
യാത്രയ്ക്കു തയാറാകുമ്പോൾ തന്നെ ഓടിച്ചെന്നു ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്കുചെയ്യാതെ, വിമാന കമ്പനികൾ യാത്രാനിരക്കിൽ ഇളവുകൾ പ്രഖ്യാപിക്കുന്ന സമയം നോക്കി ടിക്കറ്റുകൾ ബുക്കുചെയ്യാൻ ശ്രമിക്കുക. കുറച്ചു പണം ലാഭിക്കാൻ ഈ മാർഗം സഹായിക്കും. ചെറിയൊരു യാത്രയാണ് മനസിലെങ്കിൽ ആദ്യമേ തന്നെ സന്ദർശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഉണ്ടായിരിക്കണം. താമസത്തിനായി പോർട്ട് ബ്ലെയർ തിരഞ്ഞെടുക്കാവുന്നതാണ്. ഹാവ്ലോക്ക് ദ്വീപിലും താമസ സൗകര്യങ്ങൾ ലഭ്യമാണ്.
കപ്പൽ മാർഗമോ വിമാനത്തിലോ ആൻഡമാനിൽ എത്തിച്ചേരാവുന്നതാണ്. കപ്പൽ മാർഗമാകുമ്പോൾ യാത്രാചെലവ് അൽപം കുറവായിരിക്കും. അവിടെ എത്തിച്ചേർന്നതിനു ശേഷം ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് യാത്ര പോകുന്നതിനായി ബസുകളെ ആശ്രയിക്കുന്നതാണ് ധനനഷ്ടം കുറയ്ക്കാൻ അനുയോജ്യമായ വഴി. സഞ്ചാരികൾ ഏറ്റവും കൂടുതൽ എത്തുന്ന സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ബസ് സർവീസുകൾ ഉണ്ട്. ഇവയുടെ സമയം എപ്പോഴാണ് എന്നറിഞ്ഞുവെച്ചു കാഴ്ചകൾ കാണാനായി ഇറങ്ങാം. യാത്രയ്ക്കായി ടാക്സികളെ ആശ്രയിച്ചാൽ കൂടുതൽ പണം മുടക്കേണ്ടതായി വരും.
താമസ ചെലവു കുറയ്ക്കാൻ
വലിയ തിരക്കേറിയ സ്ഥലങ്ങളിലെ ഹോട്ടലുകളെ താമസത്തിനായി ആശ്രയിക്കാതിരിക്കുന്നതാണ് ഉത്തമം. ഒരു ദിവസം താമസിക്കുന്നതിനു തന്നെ ചിലപ്പോൾ വലിയ തുക നൽകേണ്ടി വരും. അതുകൊണ്ടു നഗരങ്ങളിൽ നിന്നു അൽപം മാറിയുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളോ അതിഥിമന്ദിരങ്ങളോ താമസത്തിനായി തിരഞ്ഞെടുക്കാം. കുറച്ചു പണം ലാഭിക്കാൻ അതുവഴി സാധിക്കും. ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണമെന്നു മുൻക്കൂട്ടി തീരുമാനിക്കുക, സമയ നഷ്ടം കുറയ്ക്കാൻ ഇതൊരു എളുപ്പമാർഗമാണ്. പോർട്ട് ബ്ലെയർ, ഹാവ്ലോക്ക് ദ്വീപ്, ബറാടാങ് ദ്വീപ്, നീൽ ദ്വീപ്, ജോളി ബോയ് ദ്വീപ് ഇവയെല്ലാമാണ് ആൻഡമാൻ സന്ദർശനത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട സ്ഥലങ്ങൾ. ചെലവുകുറഞ്ഞ രീതിയിൽ ഇവിടെയെല്ലാം എത്തിപ്പെടുന്നതിനായി ശ്രമിക്കുകയും പൊതുഗതാഗത മാർഗങ്ങളെ അതിനായി ആശ്രയിക്കുകയും ചെയ്താൽ ഒരു പരിധി വരെ ധനനഷ്ടം കുറയ്ക്കാം.
കാശറിഞ്ഞ് വിനോദ പരിപാടികൾ
ജലവുമായി ബന്ധപ്പെട്ടു ധാരാളം വിനോദോപാധികളുള്ള ഒരിടം കൂടിയാണ് ആൻഡമാനിലെ ദ്വീപുകൾ. വലിയ പണം മുടക്കാതെ തന്നെ ഇവയൊക്കെ ആസ്വദിക്കാവുന്നതുമാണ്. ഹാവ്ലോക്ക് ദ്വീപിലെ പ്രധാന വിനോദങ്ങളിലൊന്നാണ് കയാക്കിങ്. ട്രെക്കിങ് താൽപര്യമുള്ളവർക്കു ഏറെയിഷ്ടപ്പെടും ബറാടാങ് ദ്വീപിലെ ചുണ്ണാമ്പ് കല്ലുകൾ കൊണ്ടുള്ള ഗുഹയിലേക്കുള്ള യാത്ര. സിൻക്യു ദ്വീപിൽ നിന്നുള്ള മീൻ പിടിത്തം, എലിഫന്റ് ബീച്ചിലെ സ്‌നോർക്കലിങ് തുടങ്ങിയവയെല്ലാം സഞ്ചാരികളെ ആകർഷിക്കും. സ്‌ക്യൂബ ഡൈവിങ്ങിൽ പ്രിയമുള്ളവർക്കു ഹാവ്ലോക്ക് ദ്വീപിൽ അതാസ്വദിക്കാനുള്ള അവസരമുണ്ട്. ചിടിയ ടാപുവിലെത്തിയാൽ ധാരാളം പക്ഷികളെ കാണാൻ കഴിയും. പക്ഷി നിരീക്ഷണത്തിൽ താൽപര്യമുള്ളവർക്കു അതേറെയിഷ്ടപ്പെടും. കടലിന്റെ അടിത്തട്ടിലെ കാഴ്ചകൾ വ്യക്തമാക്കുന്ന, അടിഭാഗത്തു ഗ്ലാസ് ഘടിപ്പിച്ച ബോട്ട് യാത്രയും സഞ്ചാരികളിൽ കൗതുകമുണർത്തുന്ന കാഴ്ചകളാണ്.
വ്യക്തമായ പദ്ധതികളോടെ, വിവേകപൂർവം പണം ചെലവഴിച്ചാൽ കീശ കാലിയാകാതെ, മനസുനിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കും ആൻഡമാൻ നിക്കോബാർ ദ്വീപുകൾ.