ADVERTISEMENT

ഭര്‍ത്താവ് മരിച്ചു പോയ സ്ത്രീകള്‍ക്ക് ചിതയില്‍ ചാടി ജീവനൊടുക്കുന്ന  'സതി' പോലെയുള്ള ദുരാചാരമെല്ലാം ഇന്ത്യയില്‍ നിന്ന് നീക്കം ചെയ്തിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. എന്നാല്‍ ഇന്നും ഭയപ്പെടുത്തുന്ന ചില  ആചാരങ്ങള്‍ പിന്തുടരുന്ന ജനവിഭാഗങ്ങള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളിലും വസിക്കുന്നു. സാമാന്യബുദ്ധിക്ക് നിരക്കാത്ത ഇത്തരം നികൃഷ്ടപ്രവൃത്തികളുടെയെല്ലാം ഫലം അനുഭവിക്കേണ്ടി വരുന്നതോ, മിക്കവാറും സ്ത്രീകള്‍ തന്നെയായിരിക്കും എന്നതാണ് മറ്റൊരു സങ്കടകരമായ കാര്യം.

പ്രിയപ്പെട്ടവര്‍ ജീവിതത്തില്‍ നിന്നും വിട പറയുമ്പോള്‍ വൈകാരികമായി വേദനയുണ്ടാകുന്നത് സാധാരണയാണ്. എന്നാല്‍ അത് ശരീരത്തില്‍ കൂടിയുള്ള മുറിവേല്‍പ്പിക്കല്‍ ആകുമ്പോള്‍ വേദന മടങ്ങുകളായി മാറും. ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലെ സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന ക്രൂരത കേട്ടാല്‍ ഞെട്ടും. പ്രിയപ്പെട്ടവര്‍ ആരെങ്കിലും മരിച്ചാല്‍ സ്ത്രീകളുടെ വിരലിന്‍റെ മുകള്‍ഭാഗം മുറിച്ചു കളയുന്നതാണ് ഇവിടത്തെ ആചാരം. 'ഇകിപാലിന്‍' എന്നാണ് ഈ ആചാരത്തിന്‍റെ പേര്. കുടുംബത്തില്‍ അംഗസംഖ്യ കൂടുതലുണ്ടെങ്കില്‍ പോകുന്ന വിരലുകളുടെ എണ്ണവും കൂടുമെന്നര്‍ത്ഥം.

dani-tribe1

പടിഞ്ഞാറന്‍ ന്യൂ ഗിനിയയില്‍ 250,000ത്തോളം ഗോത്രവര്‍ഗ്ഗക്കാര്‍ ജീവിക്കുന്നുണ്ട്. റിച്ചാര്‍ഡ് ആര്‍ക്ക്ബോള്‍ഡ് എന്ന അമേരിക്കന്‍ പര്യവേഷകനാണ് ഇവരെ കണ്ടെത്തിയത്.

ദുരാത്മാക്കളെ ഓടിക്കാന്‍ 

വിരല്‍ മുറിച്ചു കളയുന്നത് ദുരാത്മാക്കളുടെ ഉപദ്രവം ഇല്ലാതിരിക്കാനാണ് എന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. മരിച്ചു പോയ ആളുടെ ആത്മാവ് അലഞ്ഞുതിരിഞ്ഞു നടക്കുമത്രെ. അതിന്‍റെ ദൃഷ്ടിയില്‍ നിന്നും രക്ഷപ്പെടാനാണ് ഈ വിരല്‍ മുറിക്കുന്നത്. 

മുതിര്‍ന്നവര്‍ക്ക് മാത്രമല്ല ദുരാചാരങ്ങളുടെ ഫലം അനുഭവിക്കേണ്ടി വരുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അമ്മമാര്‍ ഇവരുടെ വിരല്‍ കടിച്ചു മുറിച്ചു കളയുന്ന തരം ആചാരവും ഉണ്ട്. ഇങ്ങനെ ചെയ്‌താല്‍ കുഞ്ഞുങ്ങള്‍ക്ക് ആയുസ്സ് കൂടും എന്നാണ് ഇവരുടെ വിശ്വാസം.

കല്ലു കൊണ്ടുള്ള കത്തി ഉപയോഗിച്ചാണ് വിരല്‍ മുറിക്കല്‍ കര്‍മ്മം നിര്‍വഹിക്കുന്നത്. മുറിച്ചു കളഞ്ഞ വിരല്‍ഭാഗം എവിടെയെങ്കിലും കൊണ്ടുപോയി അടക്കം ചെയ്യും.

സംരക്ഷിക്കാന്‍ നിയമം 

കുറച്ചു വര്‍ഷങ്ങള്‍ മുന്‍പേ ഈ ദുരാചാരം ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നിയമം മൂലം നിരോധിച്ചിരുന്നു. ഇപ്പോഴും പല വീടുകളിലും വളരെ രഹസ്യമായി ഈ ആചാരം പിന്തുടരുന്നവരും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പഴയ തലമുറയിലെ സ്ത്രീകളുടെ കയ്യില്‍ നോക്കിയാല്‍ മുഴുവന്‍ വിരലുകളുള്ള ആരെയും ഇവിടെ കാണാനാവില്ല.

dani-tribe2

ലിംഗാഭരണവും മമ്മിയും 

ഡാനി ഗോത്രത്തിലെ പുരുഷന്മാര്‍ തങ്ങളുടെ പുരുഷത്വം മറയ്ക്കാനായി 'കോട്ടെക്ക' എന്ന പേരില്‍ ലിംഗത്തിന് ചുറ്റും ഒരു ആവരണം ധരിക്കുന്നു. രണ്ടു മൂന്നു മുഴം നീളത്തില്‍ ലിംഗത്തില്‍ നിന്ന് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രീതിയിലാണ് ഈ പ്രത്യേക ആവരണം ഉണ്ടാക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന ഒരു പഴം ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഇവരെക്കൊണ്ട് ഷോര്‍ട്ട്സ് ധരിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് വെറുതെയാവുകയാണ് ഉണ്ടായത്. 

തങ്ങളുടെ ഗോത്രത്തിലെ വീരന്മാരായിരുന്ന ആളുകള്‍ മരിക്കുമ്പോള്‍ അവരുടെ മൃതദേഹം മമ്മിയാക്കി സൂക്ഷിക്കുന്ന പതിവും ഇവര്‍ക്കിടയിലുണ്ട്.

ഡാനി ഗോത്രക്കാരെ കാണാന്‍ ഇന്തോനേഷ്യയിലേക്ക്

ഗവേഷകരും സഞ്ചാരികളുമായി നിരവധി പേര്‍ ഡാനി ഗോത്രത്തിലെ ആളുകളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം പ്രകടിപ്പിക്കുകയും അവിടേക്ക് യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്. പാപ്പുവയുടെ ഇന്തോനേഷ്യൻ പ്രവിശ്യയായ പടിഞ്ഞാറൻ ന്യൂ ഗിനിയയിലെ ഉയർന്ന പ്രദേശങ്ങളിൽ നിന്നുള്ളവരാണ് ഡാനി ജനത. ഇവിടുത്തെ ഏറ്റവും ജനസംഖ്യയുള്ള ഗോത്രങ്ങളില്‍ ഒന്നാണിത്. 

പാപ്പുവയിലെ ബാലിം വാലിയിലാണ് ഇവരെ കൂടുതലായി കണ്ടുവരുന്നത്. സമുദ്രനിരപ്പില്‍ നിന്നും 5,200–5,600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഏകദേശം 2 ലക്ഷത്തോളം ഡാനി ഗോത്രക്കാര്‍ ഉണ്ടെന്ന് കരുതുന്നു. ബാലിം താഴ്‌വരയിലേക്കുള്ള യാത്രക്ക് ഏക വഴി, ഇവിടത്തെ പ്രധാന പട്ടണമായ വമേനയിലൂടെയാണ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ ജക്കാര്‍ത്ത അല്ലെങ്കില്‍ ബാലിയിലേക്ക് ആദ്യം വിമാനം കയറുക. ഇവിടെ നിന്നും അടുത്ത വിമാനം ജയപുരയിലേക്കാണ് ബുക്ക് ചെയ്യേണ്ടത് .

ജയപുരയിൽ നിന്ന് വമേനയിലേക്ക് നിരവധി വിമാന സര്‍വീസുകളുണ്ട്. ഏകദേശം 40 മിനിറ്റ് ആണ് ഇതിനായി എടുക്കുന്ന സമയം. വമേനയിലെത്തിയാല്‍ ബാലിം താഴ്വര പോലെയുള്ള ഉള്‍പ്രദേശങ്ങളിലേക്കുള്ള യാത്രക്ക് കാര്‍ വാടകക്കെടുക്കാം. അല്ലെങ്കില്‍ ബസ് സര്‍വീസുകളും ഉണ്ട്. 

ഇന്തോനേഷ്യൻ പ്രദേശത്തിന് കീഴിലാണ്പപ്പുവയുടെ ഈ ഭാഗം, എന്നിരുന്നാലും ബാലിം താഴ്‌വരയുടെ ചില ഭാഗങ്ങൾ സന്ദർശിക്കാൻ പ്രത്യേക പെർമിറ്റ് ആവശ്യമാണ്. ഇത് സാധാരണയായി വമേന വിമാനത്താവളത്തിൽ ലഭിക്കും. ആഗസ്റ്റ്‌ മാസത്തിലാണ് യാത്ര എങ്കില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ പ്രധാന ഉത്സവമായ ബാലിം വാലി ഫെസ്റ്റിവലില്‍ പങ്കെടുക്കാനും അവസരം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com