ഈ വർഷം ഇല്ല, ജർമനിയുടെ ബിയർ ഫെസ്റ്റും, സ്പെയിനിന്റെ കാളപ്പോരും
Mail This Article
കൊറോണ വൈറസ് ഭീതിയിൽ യൂറോപ്പിലെ ഈ വർഷത്തെ പ്രമുഖ മേളകൾ റദ്ദാകുന്നു. ജർമനിയിലെ മ്യുണിക്കിലെ ഒക്ടോബർ ബിയർ ഫെസ്റ്റിവലും സ്‌പെയിനിലെ ഏറ്റവും പ്രശസ്‌തമായ സാൻ ഫെർമിൻ കാളകളുടെ ഫിയസ്റ്റയുമാണ് ഉപേക്ഷിക്കുന്നത്. ബിയർ ഫെസ്റ്റ്, സെപ്റ്റംബർ 19 മുതൽ ഒക്ടോബർ നാല് വരെയായിരുന്നു ജർമനിയിലെ ബവേറിയയിൽ നടക്കേണ്ടിയിരുന്നത്.
ജൂലൈ ആറ് മുതൽ എട്ട് ദിവസ്സം നീണ്ടു നിൽക്കുന്നതാണ് സ്‌പെയിനിലെ വടക്കൻ നഗരമായ പാംപ്ലോണയിലെ നവാറയിൽ നടക്കുന്ന സാൻ ഫെർമിൻ കാള ഫിയസ്റ്റ.
1810 മുതൽ ആരംഭിച്ച ഒക്ടോബർ ഫെസ്റ്റിൽ 60 ലക്ഷം സന്ദർശകർ പങ്കെടുക്കുന്നുവെന്നാണ് കണക്ക്. 1.2 ബില്യൺ ഡോളറിനു മേലാണ് വരുമാനം. കോളറ കാരണം 1854 ലും, 1873 ലും മേള നടന്നില്ല. ലോകമഹായുദ്ധ കാലത്തും, കൂടാതെ 1923 ലെ പണപ്പെരുപ്പ സമയത്തും അല്ലാതെ ഒക്ടോബർ ഫെസ്റ്റ് ഉപേക്ഷിച്ച ചരിത്രമില്ല.
10 ലക്ഷം പേർ പങ്കെടുക്കുന്ന കാള ഫെസ്റ്റിവലിന് സ്‌പെയിനിലെ ദേശീയോൽസവം എന്നാണ് വിളിപ്പേര്. കാളപ്പോര്, ഇടുങ്ങിയ തെരുവകളിലൂടെ കാളകൾക്ക് പുറകെയുള്ള ഓട്ടം, പരേഡുകൾ, സംഗീതകച്ചേരികൾ എന്നിവയാണ് പ്രധാന ആഘോഷങ്ങൾ. സ്പാനിഷ് ആഭ്യന്തരയുദ്ധകാലത്ത് 1937ലും, 1938 ലും, കൂടാതെ 1978 ൽ ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റതിനെ തുടർന്നും, ആകെ മൂന്ന് തവണയേ ഫെർമിൻ കാള ഫിയസ്റ്റ ചരിത്രത്തിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ളൂ.