ദിനോസറുകള്‍ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു രാത്രി മ്യൂസിയത്തില്‍! ഒടുവിൽ കസ്റ്റഡിയിൽ
Mail This Article
'നൈറ്റ് അറ്റ് ദി മ്യൂസിയം' എന്ന പ്രശസ്തമായ ഹോളിവുഡ് കോമഡി ചിത്രങ്ങള്‍ പലരും കണ്ടു കാണും. മിലന്‍ ട്രങ്കിന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കി എടുത്ത ആ ഫാന്‍റസി സിനിമകളിലേതു പോലെ ഒരു രാത്രി ഒരു മ്യൂസിയത്തിനുള്ളില്‍ താമസിക്കാന്‍ ഒരു അവസരം കിട്ടിയാല്‍ എത്രപേര്‍ അതിനു തയ്യാറാകും? കൊറോണ പടര്‍ന്നു പിടിക്കുന്ന സമയത്ത് ഐസോലേഷനില്‍ കഴിയാന്‍ ഒരു മ്യൂസിയം കിട്ടിയെങ്കില്‍ എന്നാഗ്രഹിക്കുന്ന പുരാവസ്തു സ്നേഹികളും ഉണ്ടാകും എന്ന കാര്യം വിസ്മരിക്കുന്നില്ല!
അമൂല്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയങ്ങളില്‍ അതിക്രമിച്ചു കയറുക എന്നത് എല്ലാ രാജ്യങ്ങളിലും ശിക്ഷാര്‍ഹമായ കുറ്റം തന്നെയാണ്. ഇത്തരത്തില്‍ ഒരു യുവാവിനെ ഈയടുത്ത് ആസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പൊക്കി; ഓസ്ട്രേലിയയിലെ ഏറ്റവും പഴക്കമേറിയ സിഡ്നി ഓസ്ട്രേലിയന്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ച ദിനോസറുകള്‍ക്കൊപ്പം സെല്‍ഫി എടുക്കാനായി മ്യൂസിയത്തിനുള്ളില്‍ ആരും കാണാതെ കയറിയതായിരുന്നു കക്ഷി!
കഴിഞ്ഞ മേയ് പത്തിനായിരുന്നു സംഭവം നടന്നത്. ജര്‍മനിയില്‍ നിന്നുള്ള 25- കാരനായ പോള്‍ കുന്‍ എന്ന വിദ്യാര്‍ഥിയാണ് രാത്രി ഒരു മണിക്ക് മ്യൂസിയത്തിനുള്ളില്‍ കയറിയത്. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു ഇവിടം. മ്യൂസിയത്തിനുള്ളില്‍ ഇയാള്‍ ഏകദേശം 40 മിനിറ്റോളം അലഞ്ഞുതിരിഞ്ഞു നടന്നു. തുടര്‍ന്ന്, കോട്ട് റാക്കിൽ നിന്ന് ഒരു സ്റ്റാഫിന്‍റെ കൌബോയ് തൊപ്പി മോഷ്ടിച്ച് ടി. റെക്സ് ദിനോസറിനൊപ്പം പോസ് ചെയ്യുകയും ചെയ്തു. എന്നാല്‍ മ്യൂസിയത്തിനുള്ളില്‍ തന്‍റെ എല്ലാ ചലനങ്ങളും നിരീക്ഷിച്ചു കൊണ്ട് സെക്യൂരിറ്റി ക്യാമറകള്‍ ഉണ്ടെന്ന കാര്യം പോള്‍ മറന്നു പോയി!
ഈ സിസിടിവി ഫൂട്ടേജ് ഉപയോഗിച്ചാണ് പോലീസ് 'കള്ളനെ' പിടികൂടിയത്. അവര്‍ ഈ വിഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുകയും ദൃശ്യത്തില്‍ കാണുന്ന ആളിനെ തിരിച്ചറിയാന്‍ സഹായിക്കണമെന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് യുവാവ് നേരിട്ടുതന്നെ സ്യുരി ഹില്‍സ് പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. യുവാവിനെതിരെ അതിക്രമിച്ചു കടക്കലിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
ചുവരുകളിൽ നിന്ന് വിലപ്പെട്ട ഒരു ചിത്രം നീക്കംചെയ്യുകയും കൌബോയ് തൊപ്പിയുമായി സ്ഥലം വിടുകയും ചെയ്തതാണ് പോള്‍ ചെയ്ത ഏറ്റവും വലിയ കുറ്റം. ഓസ്‌ട്രേലിയയുടെയും പസഫിക്കിന്റെയും പാരിസ്ഥിതിക സാംസ്കാരിക ചരിത്രങ്ങൾ പ്രദർശിപ്പിക്കുന്ന 21 ദശലക്ഷം അമൂല്യ വസ്തുക്കളിൽ ഒന്നും കേടുവരുത്തുകയോ നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
ഒരു ഘട്ടത്തില്‍ പൂട്ടിയിട്ടിരിക്കുന്ന ഒരു മുറിയിലേക്കുള്ള പ്രവേശനത്തിനായി യുവാവ് ഡോർബെൽ മുഴക്കുന്നതും വിഡിയോയില്‍ കാണാം. മോഷണത്തിനോ മറ്റു മോശമായ ഉദ്ദേശങ്ങള്‍ക്കോ വേണ്ടിയല്ല യുവാവിന്‍റെ വരവെന്നും തമാശ മാത്രമാണ് ഉദ്ദേശിച്ചത് എന്നും ഇതിലൂടെ മനസിലാക്കാം. എന്നിരുന്നാലും കോടതി ശിക്ഷയായി ഇയാളുടെ പാസ്സ്‌പോര്‍ട്ട് വാങ്ങി വയ്ക്കുകയും കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഒരു സര്‍വ്വകലാശാല വിദ്യാര്‍ഥിയെ സംബന്ധിച്ചിടത്തോളം വലിയ ശിക്ഷ തന്നെയാണിത്.
ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിലെ സിഡ്‌നി സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് 1 വില്യം സ്ട്രീറ്റില്‍ സ്ഥിതിചെയ്യുന്ന ഹെറിറ്റേജ് ലിസ്റ്റഡ് മ്യൂസിയമാണ് ഓസ്ട്രേലിയൻ മ്യൂസിയം എന്നറിയപ്പെടുന്നത്. ഓസ്ട്രേലിയയിലെ ഏറ്റവും പുരാതനമായ മ്യൂസിയമാണിത്. എക്സിബിഷനുകൾക്ക് പുറമെ, തദ്ദേശീയ പഠന ഗവേഷണങ്ങളും കമ്മ്യൂണിറ്റി പ്രോഗ്രാമുകളുമെല്ലാം ഇവിടെ നടക്കുന്നു.
"ദിനോസേഴ്സ് ഫ്രം ചൈന", "ഫെസ്റ്റിവൽ ഓഫ് ഡ്രീമിംഗ്", "ബ്യൂട്ടി ഫ്രം നേച്ചർ: ആർട്ട് ഓഫ് സ്കോട്ട് സിസ്റ്റേഴ്സ്", "വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയര്‍" എന്നിവ പോലുള്ള സ്ഥിരമായതും താൽക്കാലികവും ടൂറിംഗ് എക്സിബിഷനുകനും ഉൾപ്പെടെ 1854 മുതൽ ഇന്നുവരെ നിരവധി പ്രദർശനങ്ങൾ മ്യൂസിയം നടത്തിയിട്ടുണ്ട്.