തീരങ്ങളില്‍ നിറയെ ബോട്ട് കൊണ്ട് വീട്: ഇംഗ്ലീഷുകാരുടെ വിശുദ്ധ ദ്വീപ്
Mail This Article
ഇംഗ്ലണ്ടിന്‍റെ വടക്കുകിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ദ്വീപാണ് ഹോളി ഐലന്‍ഡ് ഓഫ് ലിണ്ടിസ്ഫാൺ എന്നറിയപ്പെടുന്ന ഹോളി ഐലന്‍ഡ്. എ.ഡി ആറാം നൂറ്റാണ്ട് മുതല്‍ക്കുള്ള ചരിത്രമുണ്ട് ഈ ദ്വീപിന്. ചരിത്രപരമായ കെട്ടിടങ്ങള്‍ക്കൊപ്പം പ്രകൃതി മനോഹാരിത കൊണ്ടും സഞ്ചാരികള്‍ക്കിടയില്‍ പ്രിയമേറി വരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇന്ന് ഇവിടം.
ബ്രിട്ടനിലെ ആദ്യകാല ക്രിസ്തുമതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് ലിണ്ടിസ്ഫാൺ. അങ്ങനെയാണ് ഇതിനു ഹോളി ഐലന്‍ഡ് എന്ന പേര് ലഭിച്ചത്. എ.ഡി 635-ൽ ഒരു കൂട്ടം ഐറിഷ് സന്യാസിമാർ ഇവിടെ സ്ഥിരതാമസമാക്കി. ബിഷപ്പ് കത്ബെർട്ടിനെ ആരാധിക്കുന്ന ഒരു ആരാധനാലയവും ഇവിടെ ഉണ്ടായിരുന്നു. ഇതിന്‍റെ ശേഷിപ്പ് എന്ന് കരുതുന്ന ഒരു കെട്ടിടം ഇവിടെ സഞ്ചാരികള്‍ക്ക് ഇപ്പോഴും കാണാം.
ഇരുപതാം നൂറ്റാണ്ടിലാണ് ഈ പ്രദേശത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ ക്രമാനുഗതമായി വളരാന്‍ ആരംഭിച്ചത്. ഇന്ന് ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഇവിടം. ദ്വീപിനെ ചുറ്റിപ്പറ്റിയുള്ള 8,750 ഏക്കർ ദേശീയ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് നിരവധി പക്ഷി നിരീക്ഷകരെത്തുന്നു. വർഷത്തിലെ ചില സമയങ്ങളിൽ, നിരവധി ദേശാടന പക്ഷികളെ കാണാൻ കഴിയും. 2016 ലെ കണക്കനുസരിച്ച് 330 ഇനത്തില്‍പ്പെട്ട പക്ഷിമൃഗാദികൾ ഈ ദ്വീപിൽ ഉണ്ടെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനാറാം നൂറ്റാണ്ടില്‍ നിര്‍മിച്ച "ലിണ്ടിസ്ഫാൺ കാസിൽ" ഇവിടെ സഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ്. ബെബ്ലോ ക്രെയ്ഗ് എന്ന് പേരുള്ള ഒരു അഗ്നിപർവതത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സ്കോട്ട്ലാന്‍ഡിനു വളരെ അടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ബോട്ട് കൊണ്ട് വീട്
തീരങ്ങളില്‍ ഉടനീളം പഴയ ബോട്ടുകള്‍ രൂപാന്തരം വരുത്തി, 'വീടു'കളാക്കി മാറ്റിയത് കാണാം. വാട്ടർപ്രൂഫ് ആക്കി മാറ്റുന്നതിനായി ഈ ബോട്ട് ഫ്രെയിമുകൾ ടാർ കൊണ്ട് മൂടിയതും കാണാം. ലിണ്ടിസ്ഫാണിന്‍റെ മുഖമുദ്രയാണ് ഈ കാഴ്ച. ദ്വീപില്‍ പണ്ടുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന ബോട്ടുകള്‍ ആയിരുന്നു ഇവ. അതുകൊണ്ടുതന്നെ ഇവയ്ക്ക് ചരിത്രപ്രധാന്യമുണ്ട്. ടൂറിസ്റ്റുകള്‍ക്ക് ഏറെ കൗതുകമുണര്‍ത്തുന്ന ഒരു കാഴ്ചയാണിത്.
വെറും 180 പേര്‍ മാത്രമാണ് ഈ ദ്വീപില്‍ വസിക്കുന്നത്. 2020 ഫെബ്രുവരിയിലെ റിപ്പോർട്ട് പ്രകാരം ദ്വീപില്‍ മൂന്ന് പബ്ബുകളും ഒരു ഹോട്ടലും പ്രവർത്തിച്ചിരുന്നു. ഒരു പോസ്റ്റോഫീസ് പ്രവർത്തിച്ചിരുന്നു. പ്രൊഫഷണൽ, മെഡിക്കൽ സേവനങ്ങളൊന്നും ലഭ്യമല്ല. പലചരക്ക് സാധനങ്ങൾക്കും മറ്റുമായി താമസക്കാർ അടുത്തുള്ള പട്ടണമായ ബെർവിക്-ഓൺ-ട്വീഡിലേക്കാണ് പോകുന്നത്.
വേലിയേറ്റ സമയങ്ങളും കാലാവസ്ഥയും പ്രത്യേകം ശ്രദ്ധിച്ചു വേണം ഇവിടേക്ക് യാത്ര ചെയ്യാന്‍. ഇതിനായി ഈ പ്രദേശത്ത് തന്നെ മുന്നറിയിപ്പ് അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വേലിയിറക്ക സമയത്ത് മാത്രമേ ദ്വീപിലേക്ക് കടക്കാനുള്ള വഴി തെളിയൂ. ഉയർന്ന വേലിയേറ്റത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുതൽ അടുത്ത ഉയർന്ന വേലിയേറ്റത്തിന് രണ്ട് മണിക്കൂർ വരെ ഇവിടേക്കുള്ള കോസ്‌വേ പൊതുവേ തുറന്നിരിക്കും. കൊടുങ്കാറ്റുള്ള കാലാവസ്ഥയിൽ ഇത് അടച്ചിടുന്ന കാലയളവ് നീട്ടാം. നോർത്തംബർലാൻഡ് കൗണ്ടി കൗൺസിൽ ആണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുകള്‍ സഞ്ചാരികള്‍ക്ക് നല്‍കുന്നത്.
English Summaty: The Holy Island of Lindisfarne