ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം; വീണ്ടും ഒന്നാമതായി സഞ്ചാരികളുടെ പ്രിയയിടം
Mail This Article
2021-ലെ വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് പ്രകാരം 149 രാജ്യങ്ങളുടെ പട്ടികയില്‍ ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇക്കുറിയും ഫിൻലൻഡിനാണ്. വടക്കന്‍ യൂറോപ്പിലെ കൊച്ചുരാജ്യമായ ഫിന്‍ലന്‍ഡ് സൗകര്യങ്ങളുടെ കാര്യത്തിലും ജീവിത നിലവാരത്തിന്‍റെ കാര്യത്തിലും മുന്‍പന്തിയിലാണ് ഫിന്‍ലന്‍ഡ്. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നഭൂമിയാണിവിടം.
ഏതു കാലാവസ്ഥയിലും അതിസുന്ദരമായൊരിടം കൂടിയാണ് ഫിന്‍ലൻഡ്. ഈ രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറന്‍ മേഖലയില്‍ തിരക്കു കുറഞ്ഞ ബീച്ചുകളും ദ്വീപുകളും ഉണ്ട്. ദ്വീപസമൂഹത്തില്‍ മരം കൊണ്ടുള്ള വീടുകള്‍, മീന്‍പിടുത്ത ഗ്രാമങ്ങള്‍, പ്രാദേശിക ഭക്ഷ്യ വിപണികള്‍, കരകൗശല വിദഗ്ധരുടെ സ്റ്റുഡിയോകള്‍, പൂന്തോട്ടങ്ങള്‍ എന്നിങ്ങനെ വിനോദസഞ്ചാരികൾക്കായി ധാരാളം കാഴ്ചകളുണ്ട്. ഫിന്‍ലൻഡിലെ മറ്റൊരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് ഹെല്‍സിങ്കി. ഫിന്‍ലൻഡിന്റെ തലസ്ഥാനം കൂടിയായ ഈ മനോഹരയിടം, ഫിന്നിഷ് ഡിസൈനില്‍ പണിയുയര്‍ത്തിയ റസ്റ്ററന്റുകള്‍, ബാറുകള്‍, മികച്ച ഷോപ്പിങ് കേന്ദ്രങ്ങൾ എന്നിവയെല്ലാം കൊണ്ട് സഞ്ചാരികളെ വീണ്ടും ഇവിടേക്കു യാത്ര നടത്താന്‍ പ്രേരിപ്പിക്കും.
ഫിൻലൻഡിന് തൊട്ടു പിന്നാലെ
ഫിൻലൻഡിന് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളിലായി ഐസ്‌ലന്‍ഡ്, ഡെൻമാർക്ക്, സ്വിറ്റ്‌സർലൻഡ്, നെതർലാന്റ്സ്, സ്വീഡൻ, ജർമനി, നോർവേ എന്നീ രാജ്യങ്ങളാണ് ലിസ്റ്റിലുള്ളത്. പാകിസ്ഥാൻ 105 ഉം ബംഗ്ലാദേശ് 101 ഉം ചൈന 84 ഉം സ്ഥാനങ്ങളിലാണ് ഉള്ളത്. അഫ്ഗാനിസ്ഥാനിലാണ് ഏറ്റവും അസന്തുഷ്ടരായ ജനങ്ങളുള്ളത്. തൊട്ടുപിന്നാലെ സിംബാബ്‌വെ (148), റുവാണ്ട (147), ബോട്സ്വാന (146), ലെസോതോ (145) എന്നിവയുമുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണെങ്കിലും, സന്തോഷത്തിന്‍റെ കാര്യത്തില്‍ അമേരിക്ക 19-ാം സ്ഥാനത്താണ്. 149 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ ജനങ്ങള്‍ സ്വന്തം അവസ്ഥകളില്‍ എത്രത്തോളം സന്തോഷവാന്‍മാരാണ് എന്നായിരുന്നു പരിശോധിച്ചത്.
2019–ൽ 140-ആം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യ ഇക്കുറി 139-ആം സ്ഥാനത്താണ്. നേരിട്ടും ടെലിഫോണ്‍ വഴിയുമാണ് വിവരങ്ങള്‍ ശേഖരിച്ചത്. നേരിട്ടുള്ള വിവരങ്ങളെക്കാള്‍, ടെലിഫോൺ പ്രതികരണങ്ങളായിരുന്നു ഇന്ത്യയില്‍ നിന്നും കൂടുതല്‍ ലഭിച്ചത്. എന്നാല്‍ 2019 വര്‍ഷത്തില്‍ ശേഖരിച്ചതിനേക്കാള്‍ കൂടുതല്‍ വ്യക്തിഗത പ്രതികരണങ്ങളാണ് ഇന്ത്യയിൽ നിന്നും ഇക്കുറി ശേഖരിച്ചത്.
പ്രധാനമായും, കോവിഡ് -19- ന്‍റെ പരിണിതഫലങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള ആളുകൾ അത് എങ്ങനെ തരണം ചെയ്തു എന്നതിനെയും അടിസ്ഥാനമാക്കിയാണ് ഇക്കുറി ലിസ്റ്റ് തയാറാക്കിയത്. ഗാലപ്പ് വേൾഡ് പോളിൽ നിന്നുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ലോക രാജ്യങ്ങളെ സന്തോഷത്തിന്‍റെ അടിസ്ഥാനത്തില്‍ റാങ്ക് ചെയ്യുന്നത്. മൊത്തം ആഭ്യന്തര ഉത്പാദനം, ആയുർദൈർഘ്യം, താമസക്കാരുടെ അഭിപ്രായങ്ങൾ എന്നിവയും കണക്കിലെടുക്കുന്നു.
English Summary: World Happiness Report 2021