ADVERTISEMENT

സ്വര്‍ണവര്‍ണമാര്‍ന്ന മണല്‍ വിരിച്ച ബീച്ചുകള്‍ക്കും പ്രകൃതിഭംഗിക്കും വന്യജീവി സമ്പത്തിനുമെല്ലാം പ്രശസ്തമാണ് ആഫ്രിക്കൻ വൻകരയിലെ ഏറ്റവും ചെറിയ രാജ്യമായ ഗാംബിയ. ഇതിനു പുറമേ ഒരു കാര്യം കൂടി ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കിന്‍റെ ആക്കം കൂട്ടുന്നുണ്ട്; ഫീമെയില്‍ സെക്സ് ടൂറിസം. അതേ, പുരുഷന്മാര്‍ ലൈംഗിക സ്വാതന്ത്ര്യം ആസ്വദിക്കാനായി പട്ടായയിലേക്ക് യാത്ര ചെയ്യുന്നതുപോലെ, സ്ത്രീകള്‍ പോകുന്ന സ്ഥലമായി മാറിവരികയാണ് ഗാംബിയ.

tourism-in-the-gambia1

കൊളോലിക്ക് ചുറ്റുമുള്ള തീരപ്രദേശമായ ‘സെനെഗാംബിയ സ്ട്രിപ്പ്’ ലൈംഗിക ടൂറിസത്തിന് ഏറെ ജനപ്രിയമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ തെരുവുകളിൽ ‘ബംസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന പുരുഷ ലൈംഗികത്തൊഴിലാളികളെ കാണാം. അധികം പ്രായമില്ലാത്ത, ചെറുപ്പക്കാരായ യുവാക്കള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ്. 

വെറും ലൈംഗികത ആസ്വദിക്കൽ എന്ന രീതിയിലല്ല ഇവിടേക്ക് കൂടുതല്‍ സ്ത്രീകളും എത്തുന്നത്. അതുകൊണ്ടുതന്നെ ഒറ്റ നോട്ടത്തില്‍  ഇതിനെ സെക്സ് ടൂറിസം എന്ന് വിളിക്കുക ബുദ്ധിമുട്ടാണ്. ഇഷ്ടമുള്ള ഒരാളെ കണ്ടെത്തിയ ശേഷം അയാളുമായി പ്രണയത്തിലാകുന്നതാണ് പൊതുവേയുള്ള രീതി. അയാളുടെ കൂടെ പറ്റാവുന്നിടത്തോളം കാലം ജീവിതം പങ്കിടുന്നതും കാണാം. അങ്ങനെ ഉണ്ടാകുന്ന ശാരീരിക ബന്ധം ന്യായീകരിക്കാവുന്നതും സാധാരണ രണ്ടു കമിതാക്കള്‍ തമ്മിലുണ്ടാകുന്നതുപോലെയുള്ള ഒന്നുമാണ് എന്നാണ് ഇങ്ങനെ എത്തിച്ചേരുന്ന സ്ത്രീകളുടെ നിലപാട്.

tourism-in-the-gambia

യൂറോപ്പില്‍ നിന്നുമാണ് ഇവിടേക്ക് കൂടുതലും സെക്സ് ടൂറിസ്റ്റുകള്‍ ഒഴുകിയെത്തുന്നതത്രേ. മധ്യവയസ്കരായ, യൂറോപ്യന്‍ സ്ത്രീകള്‍ ഹോളിഡേ റൊമാന്‍സിനും നൈറ്റ് സ്റ്റാന്‍ഡുകള്‍ക്കുമെല്ലാമായി ഗാംബിയയെ ഒരു ആശ്രയ സ്ഥാനമായി കാണുന്നു. വീസയ്ക്കായി വിവാഹം കഴിക്കുന്നതു പോലുള്ള തട്ടിപ്പുകളും ഇതിനിടെ ധാരാളം അരങ്ങേറുന്നുണ്ട്. യൂറോപ്യന്‍ സ്ത്രീകളെ പ്രണയത്തിന്‍റെ പേരില്‍ പറ്റിച്ച് പണം അടിച്ചുമാറ്റുന്ന റാക്കറ്റുകളും ഇവിടെ സജീവമാണ്.

ഗാംബിയയില്‍ ലൈംഗിക ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന പ്രധാനപ്പെട്ട ഒരു ഘടകം അവിടുത്തെ ദാരിദ്ര്യമാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇവിടത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗം പേര്‍ക്കും ഒരു ദിവസം 1.25 ഡോളറില്‍ താഴെയാണ് വരുമാനം. ആവശ്യമായ തൊഴിലവസരങ്ങള്‍ ഇല്ല. അങ്ങനെയൊരു സന്ദര്‍ഭത്തില്‍ സ്വന്തം ശരീരം തന്നെ അവര്‍ മൂലധനമായി കാണുന്നു. പണം, സമ്മാനങ്ങൾ, യൂറോപ്പിലേക്ക് കുടിയേറാനുള്ള വിസ എന്നിവ നേടുന്നതിനുള്ള മാര്‍ഗമായി ഗാംബിയൻ പുരുഷന്മാർ പാശ്ചാത്യ വനിതാ വിനോദസഞ്ചാരികളോട്‘തന്ത്രപരമായ ലൈംഗികത’ പ്രയോഗിക്കുന്നു. 

ലൈംഗിക ടൂറിസത്തിന്‍റെ കേന്ദ്രമായി രാജ്യം മാറുന്നതിനോട് ഗാംബിയന്‍ സര്‍ക്കാരിന് അത്ര യോജിപ്പില്ല. അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ അവര്‍ നടത്തുന്നുണ്ടെങ്കിലും ടൂറിസം എന്നത് സമ്പദ്‍‍വ്യവസ്ഥയുടെ ഒരു പ്രധാനഘടകമായതിനാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുക പ്രായോഗികമല്ല. അതുകൊണ്ടുതന്നെ തായ്‍‍‍ലൻഡിലും ജമൈക്കയിലുമൊക്കെ കാണുന്നതുപോലെയുള്ള തരം ലൈംഗിക ടൂറിസം ഇവിടെയും വളര്‍ന്നു കൊണ്ടേയിരിക്കുന്നു. 

കരീബിയൻ ദ്വീപസമൂഹത്തിലുള്ള ഡൊമിനിക്കൻ റിപ്പബ്ലിക്, ആംസ്റ്റർഡാം, സ്പെയിൻ, നെതർലൻഡ്സ്, ബ്രസീൽ, ഫിലിപ്പീൻസ്, ബാർബഡോസ്, ക്യൂബ എന്നിവയും ലൈംഗിക ടൂറിസം പ്രോത്സാഹിപ്പിക്കുന്ന മറ്റു ചില രാജ്യങ്ങളാണ്. സ്റ്റാഗ് ഹോളിഡേ, ഡാൻസ് പാർട്ടി എന്നിവ പോലുള്ള പരിപാടികളുമായി നെതർലൻഡ്സിൽ ലൈംഗിക ടൂറിസം നിയമപരമായി അംഗീകൃതമാണ്. സ്പെയിനിലെ മാഡ്രിഡ്, ഇബിസ, ബാർലസലോണ നഗരങ്ങളിൽ ചുവന്ന തെരുവുകള്‍ കാണാം. ലൈംഗിക ടൂറിസം നിരുത്സാഹപ്പെടുത്തുന്ന ബ്രസീലിലാണ് കഴിഞ്ഞ അൻപതു വർഷത്തിനിടെ ലോകത്ത് ഏറ്റവുമധികം ലൈംഗിക ടൂറിസം വികസിച്ചത്.  ഫിലിപ്പീൻസിലെ മനിലയിലുള്ള ഒലോങാപോ, ഏയ്ഞ്ചലസ് നഗരങ്ങളിലെ മസാജ് പാർലറുകൾ പ്രസിദ്ധമാണ്. 

തായ്‌ലൻഡിന്‍റെ ആകെ വരുമാനത്തിന്‍റെ അൻപതു ശതമാനം ടൂറിസം മേഖലയിൽ നിന്നാണ്. ലൈംഗിക ടൂറിസം തഴച്ചു വളരുന്ന പട്ടായ, ഫുക്കറ്റ്, പഠോങ് തുടങ്ങിയ പ്രദേശങ്ങള്‍ വിനോദസഞ്ചാരമേഖലയുടെ നെടുംതൂണുകളാണ്.

 

English Summary: European sex tourists flock to the Gambia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com