ADVERTISEMENT

ജപ്പാനിലെ ഏറ്റവും കൂടുതല്‍ മഞ്ഞുള്ള പ്രദേശങ്ങളിലൊന്നാണ് നാഗാനോയിലെ ടാറ്റേയാമ, ടോയാമ, ഇമാച്ചി എന്നിവയ്ക്കിടയിലുള്ള പർവത പാതയായ ടാറ്റേയാമ കുരോബ് ആൽപൈൻ റൂട്ട്. ജപ്പാനിലെ ഏറ്റവും വലിയ അണക്കെട്ടായ കുരോബ് ഡാം ഉൾപ്പെടെ നിരവധി മനോഹരമായ കാഴ്ചകളും കാൽനട പാതകളുമുള്ള ഹിഡ പർവതനിരകളിലെ ടാറ്റേയാമയിലൂടെയാണ് ആൽപൈൻ റൂട്ട് പോകുന്നത്. ട്രെക്കിങ്ങിനായി നിരവധി സഞ്ചാരികള്‍ ഇവിടെയെത്തുന്നു. തെളിഞ്ഞ ദിവസമാണെങ്കില്‍ ഇവിടെ നിന്നും ഫ്യുജി പര്‍വതത്തിന്‍റെ സുന്ദരമായ ദൃശ്യം കാണാം. 

ഏകദേശം 20 മീറ്റർ ഉയരത്തിൽ നില്‍ക്കുന്ന മഞ്ഞു മതിലുകള്‍ക്കിടയിലൂടെ 22 മൈൽ ദൂരമാണ് ടാറ്റേയാമ കുരോബ് ആൽപൈൻ റൂട്ടിലൂടെയുള്ള യാത്രയില്‍ സഞ്ചരിക്കാനുള്ളത്.സമുദ്രനിരപ്പില്‍ നിന്നും  2,450 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം, ജപ്പാനിലെ ഏറ്റവും മഞ്ഞുവീഴ്ചയുള്ള ഒരു പർവത റോഡാണ്. പ്രാദേശിക ഭാഷയില്‍ "യൂക്കി നോ ഊട്ടാനി" എന്നാണ് ഇതിനു പേര്, 'മഞ്ഞിന്‍റെ വലിയ താഴ്‌‌‌വര എന്നാണ് ഇതിനര്‍ത്ഥം. 

Tateyama-Kurobe-Alpine-Route
By joesayhello/shutterstock

രാജ്യത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. 1971 മുതലാണ് ഇതിലൂടെയുള്ള ഡബിള്‍ ലെയ്ന്‍ റോഡ്‌ പൊതുജനങ്ങൾക്കായി തുറന്നത്. പരിസ്ഥിതിക്ക് യാതൊരു കോട്ടവും തട്ടാത്ത തരത്തിലാണ് ഇത് നിർമിച്ചിരിക്കുന്നത്. സ്കീയർമാരും കാറുകളും ബസുകളുമെല്ലാം ഇതുവഴിയാണ് കടന്നു പോകുന്നത്. സഞ്ചാരികള്‍ക്കായി ഹോട്ടലുകൾ ഉൾപ്പെടെ നിരവധി റിഫ്രെഷ്മെന്‍റ് പോയിൻറുകളും ഉണ്ട്. ഏപ്രിൽ മുതൽ മെയ് വരെയുള്ള സമയത്താണ് കൂറ്റന്‍ മഞ്ഞുമതിലുകള്‍ ഈ റൂട്ടിനിരുവശത്തും ഉയരുന്നത്. ഈ സമയത്താണ് ഇവിടേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിച്ചേരുന്നത്. 

കടുത്ത മഞ്ഞുവീഴ്ച കാരണം, നവംബർ പകുതി മുതൽ ഏപ്രിൽ ആദ്യം വരെ ഇവിടേക്കുള്ള യാത്ര സാധ്യമല്ല. അതിനു ശേഷം റോഡുകളില്‍ നിറഞ്ഞു കിടക്കുന്ന മഞ്ഞു കൂമ്പാരം നീക്കി അവ വീണ്ടും യാത്രായോഗ്യമാക്കി തീര്‍ക്കുക എന്നത്, ഏകദേശം മൂന്നുമാസം നീളുന്ന ശ്രമകരമായ ജോലിയാണ്. എക്‌സ്‌കവേറ്ററുകളുടെയും ബുൾഡോസറുകളുടെയും സഹായത്തോടെ, പ്രത്യേകം ഡിസൈന്‍ ചെയ്ത മഞ്ഞ്‌ കലപ്പകള്‍ ഉപയോഗിച്ചാണ് അവ നീക്കം ചെയ്യുന്നത്. 

ഫ്യൂണിക്കുലർ, ബസ്, ട്രോളിബസ്, ഏരിയൽ ട്രാംവേ എന്നിങ്ങനെ ഇവിടെക്കെത്താന്‍ വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മഞ്ഞുവീഴ്ചയില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു ഫ്യൂണിക്കുലർ റെയിൽ‌വേയും രണ്ട് ബസ് ലൈനുകളും തുരങ്കങ്ങളിലൂടെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരിസ്ഥിതിമലിനീകരണം ഒഴിവാക്കാന്‍ ഇലക്ട്രിക് ബസുകളാണ് ഇതിലൂടെ ഓടുന്നത്. വേനൽക്കാലത്ത്, ടോയാമയ്ക്കും മുരോഡയ്ക്കും ഇടയിലുള്ള ഷട്ടിൽ ബസുകളും ലഭ്യമാണ്.

അവിസ്മരണീയമായ ഫ്യുജി പര്‍വതക്കാഴ്ചക്ക് പുറമേ ജപ്പാനിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടമായ ഷോമിയോയും നീലക്കുളങ്ങള്‍ നിറഞ്ഞ മിഡാഗഹാരയും മഞ്ഞു നിറഞ്ഞ യുകിനോ ഒട്ടാനി വെള്ളച്ചാട്ടവും ഒയാമ കൊടുമുടിയുമെല്ലാം ഈ യാത്രയില്‍ സഞ്ചാരികള്‍ക്ക് കാണാന്‍ കഴിയുന്ന മനോഹര കാഴ്ചകളാണ്.

 

 English Summary: Tateyama Kurobe Alpine Route

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com