ഈ കല്‍ത്തിരകള്‍ കാണണമെങ്കിൽ 'ലോട്ടറി അടിക്കണം'; വേറിട്ടൊരു യാത്രായിടം
Mail This Article
മണല്‍ക്കല്ലുകളില്‍ പ്രകൃതി തന്നെ ഒരുക്കിയ പ്രത്യേക പാറ്റേണുകളും ആകൃതികളും കാരണം, കരയില്‍ തിരകളുണ്ടായത് പോലെയുള്ള മായിക ദൃശ്യാനുഭവമാണ് യൂട്ടായ്ക്കടുത്ത് അരിസോണയിലെ കൊളറാഡോ പീഠഭൂമിയിലുള്ള 'ദി വേവ്' എന്ന് പേരുള്ള പ്രതിഭാസം ഒരുക്കുന്നത്.
വര്‍ണ്ണാഭമായ ഈ കല്‍ത്തിരകള്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്കും സഞ്ചാരികള്‍ക്കും ഒരേപോലെ പ്രിയപ്പെട്ട ഇടമാണ്. എന്നാല്‍ ഇവിടം ഒരു സംരക്ഷിത പ്രദേശമായതിനാലും കല്ലുകള്‍ക്ക് അത്ര ബലമില്ലാത്തതിനാല്‍ ആള്‍ത്തിരക്ക് കൂടുമ്പോള്‍ അവ പൊടിഞ്ഞു പോകാനിടയുണ്ട് എന്നതിനാലും വെറും ഇരുപതു പേര്‍ക്ക് മാത്രമാണ് ഒരു ദിവസം ഈ പ്രദേശം സന്ദര്‍ശിക്കാന്‍ അനുമതി ലഭിക്കുക.
ദിവസേന ലോട്ടറി സമ്പ്രദായം ഉപയോഗിച്ച് നറുക്കിട്ടാണ് സന്ദര്‍ശിക്കാനുള്ള അവസരം നല്‍കുന്നത്. കനാബ് വിസിറ്റിങ് സെന്ററില്‍ വച്ച്, അടുത്ത ദിവസത്തേക്കുള്ള പെര്‍മിറ്റ് ആണ് ഇങ്ങനെ നറുക്കിട്ടെടുക്കുന്നത്. ഇങ്ങനെ പത്തുപേര്‍ക്ക് അവസരം ലഭിക്കും. കൂടാതെ, നാലു മാസം കഴിഞ്ഞുള്ള യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക്, ഓരോ തീയതിക്കും പത്ത് ഓൺലൈൻ പെർമിറ്റുകൾ വീതം വേറെയും നല്‍കുന്നതിനാല്‍ നേരത്തെ ബുക്ക് ചെയ്യാനുള്ള അവസരവും ഉണ്ട്. പെർമിറ്റുകൾ നേടിയവർക്ക് ഒരു മാപ്പും ഹൈക്കിങ്ങിനെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങളും നൽകും.
ഫെഡറൽ അവധി ദിവസങ്ങൾ ഒഴികെ, തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9:00 മണിക്കാണ് വാക്ക്-ഇൻ പെർമിറ്റിനായുള്ള ലോട്ടറി നറുക്കെടുപ്പ്. വസന്തവും ശരത്കാലവുമാണ് ഇവിടം സന്ദർശിക്കാനുള്ള ഏറ്റവും മികച്ച സമയം, പക്ഷേ, ഒട്ടേറെ ആളുകള്‍ ഒരേ സമയം ശ്രമിക്കുന്നതിനാല്‍ മാർച്ച് മുതൽ നവംബർ വരെ പെര്‍മിറ്റ് കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. ജർമ്മൻ ഡോക്യുമെന്ററി ഫിലിം ഫാഷിനേറ്റിംഗ് നേച്ചർ (1996), ഫാസിനേഷൻ നേച്ചർ - സെവൻ സീസൺസ് (2004) എന്നിവയിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വേവ് യൂറോപ്യൻ വിനോദ സഞ്ചാരികൾക്കിടയിൽ കൂടുതല്‍ പ്രസിദ്ധിയാര്‍ജിച്ചത്.
പരിയ കാന്യോൺ-വെർമിലിയൻ ക്ലിഫ്സ് വേവ് പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ ആഭ്യന്തര വകുപ്പിന്‍റെ ഭാഗമായ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്‌മെന്റാണ് (ബിഎൽഎം) ഈ പ്രദേശത്തെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വേവ് സന്ദർശിക്കാൻ അനുമതി നല്‍കുന്നതും ഇവരാണ്. സഞ്ചാരികള്‍ക്ക് അംഗീകൃത ഗൈഡുകളുടെ സേവനവും ലഭ്യമാണ്.
English Summary: Hiking the Wave in Arizona