ADVERTISEMENT

ചില യാത്രായിടങ്ങൾ സന്ദർശിക്കുമ്പോൾ ഇവിടെ സ്ഥിരം താമസമാക്കിയാലോ എന്നുതോന്നുന്നത് സ്വാഭാവികമാണ്. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഭൂപ്രകൃതിയും കാര്യക്ഷമമായ നിയമസംവിധാനങ്ങളും ഒക്കെയാണ് പലരെയും മറ്റു രാജ്യങ്ങളിൽ സ്ഥിരതാമസത്തിനു പ്രേരിപ്പിക്കുന്നത്. പക്ഷേ ഇതിനായി ഇരട്ട പൗരത്വം വേണ്ടി വരും. ഇത് അനുവദിക്കുന്ന ചില രാജ്യങ്ങളുണ്ട്. രണ്ടു മുതൽ അഞ്ചു വരെ വർഷം രാജ്യത്തു താമസിക്കുക എന്നതാണ് ഈ രാജ്യങ്ങൾ പൗരത്വമാഗ്രഹിക്കുന്നവർക്കു മുമ്പിൽ വയ്ക്കുന്ന പ്രധാന നിബന്ധന. മികച്ച ജീവിത സാഹചര്യങ്ങളുള്ള ഈ രാജ്യങ്ങളിലെ പൗരത്വം ലഭിക്കാൻ എന്തൊക്കെയാണ് മറ്റു നിബന്ധനകൾ എന്നറിയാം.

അർജന്റീന 

ലാറ്റിൻ അമേരിക്കയിലെ അതിസുന്ദരമായ നാടുകളിലൊന്നാണ് അർജന്റീന. കാൽപന്തുകളിയുടെ സ്വർഗമായ ഇവിടം നദികളും കടലുകളും കാനനങ്ങളും പർവതങ്ങളുമെല്ലാം നിറഞ്ഞ സുന്ദരഭൂമിയാണ്. വളരെ കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ പറ്റിയ രാജ്യം കൂടിയാണ് അര്‍ജന്റീന.  ഇവിടെ സ്ഥിരതാമസമാക്കാൻ ആ രാജ്യാതിർത്തിക്കുള്ളിൽ രണ്ടു വർഷം മാത്രം താമസിച്ചാൽ മതിയാകും. ലോകത്തെ പ്രധാനപ്പെട്ട പാസ്പോർട്ടുകളുടെ പട്ടികയിൽ പത്തൊമ്പതാം സ്ഥാനമുണ്ട് അർജന്റീനയുടെ പാസ്‌പോർട്ടിന്. വീസയില്ലാതെ 170 രാജ്യങ്ങൾ സന്ദർശിക്കാമെന്നതും അർജന്റീനയുടെ പാസ്പോർട്ട് സ്വന്തമാക്കുന്നവരെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. 

Argentina
By Oomka/shutterstock

രണ്ടുവർഷം സ്ഥിരമായി താമസിക്കണം എന്നതു കൂടാതെ, പതിനെട്ടു വയസ്സ് തികഞ്ഞിരിക്കണം, മതിയായ വരുമാനത്തിന്റെ, അല്ലെങ്കിൽ തൊഴിലിന്റെ രേഖകൾ സമർപ്പിക്കണം, താമസത്തിനായി ആ രാജ്യത്തുനിന്ന് ആദ്യം ലഭിച്ച പെർമിറ്റ്, പാസ്പോർട്ട്, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതിന്റെ രേഖകൾ എന്നിവയാണ് അര്ജന്റീനിയൻ പാസ്പോർട്ട് ലഭിക്കാനായി സമർപ്പിക്കേണ്ടവ. അമേരിക്കൻ പൗരനെങ്കിൽ ഇരട്ടപൗരത്വം അനുവദിക്കുന്ന രാജ്യം കൂടിയാണ് അർജന്റീന. 

പെറു 

ചരിത്രം ഉറങ്ങുന്ന രാജ്യങ്ങളിലൊന്നാണ് പെറു. തെക്കേ അമേരിക്കയിലെ ഏറ്റവും ആകർഷകമായ രാജ്യങ്ങളിലൊന്ന്. മാച്ചു പിച്ചുവിലെ ഇങ്കാ സിറ്റാഡല്‍, മനോഹരമായ നാസ്ക ലൈന്‍സ് തുടങ്ങി ഭൂതകാലത്തിന്‍റെ സ്മരണകള്‍ അവശേഷിപ്പുകളായി പേറുന്ന ഈ രാജ്യം സഞ്ചാരികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിലൊന്നാണ്. അതിശയിപ്പിക്കുന്ന പ്രകൃതിസൗന്ദര്യമുള്ള ആമസോൺ കാടുകളും വിശാലമായ തീരദേശ മരുഭൂമികളും ആൻഡീസിലെ മഞ്ഞുമലകളുമെല്ലാം സാഹസിക സഞ്ചാരികളുടെ സ്വപ്നഭൂമികളാണ്. 

peru
By David Ionut/shutterstock

ഈ രാജ്യത്തെ പൗരനാകണമെങ്കിൽ രണ്ടു വർഷം ഇവിടെ സ്ഥിരതാമസമാക്കിയാൽ മതി. ഇതിനൊപ്പം ആ രാജ്യം മുന്നോട്ടു വയ്ക്കുന്ന പ്രധാന നിബന്ധനകൾ ഇവയാണ്, രാഷ്ട്രത്തലവനായ പ്രസിഡന്റിനു സ്ഥിര താമസത്തിനുള്ള അപേക്ഷ നൽകണം, ആരോഗ്യവാനായിരിക്കണം, സ്പാനിഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ അറിഞ്ഞിരിക്കണം. പെറുവിന്റെ ചരിത്രം, ഭൂമിശാസ്ത്രം, സംസ്കാരം എന്നിവയെ കുറിച്ചുള്ള പരീക്ഷയിൽ വിജയിക്കണം. കൂടാതെ, പതിനെട്ടു വയസ്സ് തികഞ്ഞിരിക്കണം, മതിയായ വരുമാനത്തിന്റെ, അല്ലെങ്കിൽ തൊഴിലിന്റെ രേഖകൾ സമർപ്പിക്കണം, താമസത്തിനായി ആ രാജ്യത്തു നിന്നു ആദ്യം ലഭിച്ച പെർമിറ്റ്, പാസ്പോർട്ട്, ഗുരുതരമായ ക്രിമിനൽ കുറ്റങ്ങളിൽ ഏർപ്പെട്ടിട്ടില്ല എന്നതിന്റെ രേഖകൾ ഇത്രയും സമർപ്പിക്കണം. അനുമതി കിട്ടിയാൽ പെറുവിലെ പൗരനാകാം.

ഇക്വഡോർ, ഹോണ്ടുറാസ്, പോളണ്ട്, പാരഗ്വായ്

തുടർച്ചയായി മൂന്നുവർഷം താമസിച്ചാൽ മാത്രമേ ഇക്വഡോർ പൗരത്വം നൽകുകയുള്ളൂ. ഹോണ്ടുറാസിലും സ്ഥിതി വ്യത്യസ്തമല്ല.യൂറോപ്യൻ യൂണിയനിൽ അംഗമായ രാജ്യമാണ് പോളണ്ട്. യൂറോപ്യൻ യൂണിയന്റെ പാസ്പോർട്ട് കയ്യിലുണ്ടെങ്കിൽ പോളണ്ട് പൗരത്വം വളരെ എളുപ്പം നേടാം കൂടാതെ സ്ഥിരവരുമാനമുണ്ടെന്നതിന്റെ രേഖയും സമർപ്പിക്കേണ്ടതാണ്. 

മൂന്നു വർഷം സ്ഥിരതാമസം നടത്തി, മതിയായ രേഖകളും സമർപ്പിച്ചാൽ പാരഗ്വായുടെ പൗരത്വം സ്വന്തമാക്കാം. 

poland

ബ്രസീൽ

ഒരു ഭൂഖണ്ഡത്തിലാണ് ജീവിക്കുന്നതെന്നു പറയാനാഗ്രഹിക്കുന്ന ആളുകളാണ് ബ്രസീലുകാര്‍. യുഎസിനേക്കാന്‍ വലുപ്പമേറിയ ഈ രാജ്യത്ത് പര്‍വത പ്രദേശങ്ങളില്ല. എന്നാല്‍ പ്രകൃതിസൗന്ദര്യവും പാരമ്പര്യവും ഒത്തിണങ്ങിയ പ്രദേശങ്ങളാണ് ഇവിടെയുള്ളത്. 

ആവശ്യമായ രേഖകൾ സമർപ്പിച്ചാൽ വലിയ തടസങ്ങൾ ഇല്ലാതെ എളുപ്പം പൗരത്വം നേടാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. പൗരത്വത്ിതനുള്ള പ്രധാന നിബന്ധനകളിലൊന്ന് നാലുവർഷം ഇവിടെ സ്ഥിരതാമസം നടത്തണമെന്നതാണ്. കൂടാതെ ക്രിമിനൽ പശ്ചാത്തലമൊന്നുമില്ല എന്നതു തെളിയിക്കുന്ന രേഖകളും സമർപ്പിക്കേണ്ടതായുണ്ട്.

ഓസ്‌ട്രേലിയ, ബാർബഡോസ്, ബെലിസ്, ചിലെ, കൊളംബിയ, ചെക് റിപ്പബ്ലിക്ക്, ഫിൻലൻഡ്‌, ഫ്രാൻസ്, അയർലൻഡ്, ജമൈക്ക, ലാത്‌വിയ, മെക്സിക്കോ, നെതർലൻഡ്‌സ്‌, ന്യൂസീലൻഡ്, പനാമ, സിംഗപ്പൂർ, സ്വീഡൻ, തായ്‌ലൻഡ്, ടർക്കി, ഇംഗ്ലണ്ട്, യുറഗ്വായ് തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വം ലഭിക്കാനുള്ള പ്രധാന നിബന്ധന അഞ്ചു വർഷം ആ രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കണമെന്നതാണ്. ചില രാജ്യങ്ങളിൽ അവരുടെ ഭാഷ കൂടി പഠിച്ചാൽ മാത്രമേ പൗരത്വം നൽകുകയുള്ളൂ. ഉദാഹരണമായി, ഫിന്നിഷ് അല്ലെങ്കിൽ സ്വീഡിഷ് ഭാഷ കൂടി സംസാരിക്കാൻ പഠിച്ചാൽ മാത്രമേ ഫിൻലൻഡ് പൗരനാകാൻ സാധിക്കുകയുള്ളൂ. ഡച്ച് അറിഞ്ഞാലേ നെതർലൻഡ്‌സിലെ പൗരനാകാൻ കഴിയൂ. സ്പാനിഷ് സംസാരിക്കാൻ അറിയുന്നതിനൊപ്പം പനാമയുടെ ചരിത്രം, ഭൂമിശാസ്ത്രം, രാഷ്ട്രീയം എന്നിവയെ കുറിച്ചും അറിവ് നേടിയെടുത്താലേ പനാമയിലെ പൗരനാകാൻ കഴിയുകയുള്ളൂ.

brazil-trip

English Summary: Dual Citizenship - The Complete Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com