പെരുമ്പാമ്പുകളും മൂര്‍ഖനും നിറഞ്ഞ നിഗൂഢ ക്ഷേത്രം; വിചിത്രം ഇൗ കാഴ്ച
Mail This Article
മലേഷ്യയിലെ ബയാൻ ലെപാസിലുള്ള സുംഗൈ ക്ലുവാങ് വിമാനത്താവളത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയാണ് പെനാങ് സ്നേക്ക് ടെമ്പിൾ. ഭയവും ഭക്തിയും നിഗൂഢതയും ഇടകലരുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് ഇവിടം. പെരുമ്പാമ്പുകളും മൂര്‍ഖന്‍മാരും ഉൾപ്പെടുന്ന പ്രദര്‍ശനവും ഇതിനടുത്ത് ഉണ്ട്. വർഷംതോറും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ഈ സ്ഥലം ആകർഷിക്കുന്നു.
നിഗൂഢത നിറഞ്ഞ സ്നേക്ക് ടെമ്പിൾ
19-ആം നൂറ്റാണ്ടിന്‍റെ മധ്യകാലത്താണ് സ്നേക്ക് ടെമ്പിൾ നിര്‍മിച്ചത്. ഔദ്യോഗികമായി ഹോക്ക് ഹിൻ കിയോങ്, ചെങ് ഹൂൻ ജിയാം എന്നെല്ലാമാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. സോങ് രാജവംശത്തിന്‍റെ (960-1279) കാലത്ത് ചൈനയിൽ ജനിച്ച ബുദ്ധ സന്യാസിയും രോഗശാന്തിക്കാരനുമായിരുന്ന ക്വിംഗ്ഷൂയി അഥവാ ചോർ സൂ കോങ്ങിന്‍റെ ബഹുമാനാര്‍ഥമാണ് ഈ ക്ഷേത്രം നിര്‍മിച്ചത്.
ജീവിച്ചിരുന്ന കാലത്ത് ആ പ്രദേശത്ത് ഉണ്ടായിരുന്ന പാമ്പുകള്‍ക്കെല്ലാം അഭയവും സുരക്ഷയും നല്‍കിയിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ മരണശേഷവും പാമ്പുകളുടെ വരവ് നിന്നില്ല. അങ്ങനെയാണ് പാമ്പുകള്‍ക്കായി ഇവിടെ ഈ ക്ഷേത്രം സ്ഥാപിച്ചത്. സ്കോട്ട്ലൻഡുകാരനായ ഡേവിഡ് ബ്രൗൺ ക്ഷേത്രം പണിയാനുള്ള പണം സംഭാവന ചെയ്തു,
ദൈവങ്ങളായി ആരാധിക്കുന്നു
നിരവധി ആളുകള്‍ ഈ പാമ്പുകളെ ദൈവങ്ങളായി കണക്കാക്കുന്നു, ചിലർ അവയെ ഭൂതങ്ങൾ എന്ന് വിളിക്കുന്നു, ചിലർ അവ ഡ്രാഗണുകളാണെന്ന് കരുതുന്നു. പാമ്പുകൾ കോങ്ങിന്‍റെ ശിഷ്യന്മാരാണെന്ന ഒരു വിശ്വാസവും പ്രദേശവാസികള്‍ക്ക് ഉണ്ടായിരുന്നു. ചൈനയിലും ഇതേ ചിന്താരീതിയാണ് കാണുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് മൈലുകൾ സഞ്ചരിച്ച് ഭക്തർ പെനാങ് സർപ്പക്ഷേത്രത്തിൽ എത്തിച്ചേരുകയും നാഗദൈവങ്ങളുടെ അനുഗ്രഹം നേടുകയും ചെയ്യുന്നു. അവർ പലതരം സാധനങ്ങൾ വഴിപാടായി കൊണ്ടുവരുന്നു.
അതിമനോഹരം ഇൗ വാസ്തുവിദ്യ
വ്യത്യസ്ത ഇനത്തിലുള്ള പാമ്പുകള്‍ ഉള്ളതുകൊണ്ടുമാത്രമല്ല ഈ ക്ഷേത്രം ശ്രദ്ധേയമാകുന്നത്. അതിമനോഹരമായ വാസ്തുവിദ്യയും ഈ കെട്ടിടത്തെ വേറിട്ട് നിര്‍ത്തുന്ന ഒരു ഘടകമാണ്. ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ കാണപ്പെടുന്ന ലളിതമായ പരമ്പരാഗത ഭവന ശൈലിയിലായിരുന്നു ഇത് ആദ്യം നിര്‍മിച്ചത്. പതിറ്റാണ്ടുകൾ നീണ്ട മെച്ചപ്പെടുത്തലുകൾക്കും നവീകരണങ്ങൾക്കും ശേഷം, വാതിലുകളിലും ബീമുകളിലുമെല്ലാം സങ്കീർണ്ണമായ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഗംഭീരമായ ഒരു ഘടനയായി ഇത് വളർന്നു.
ലോകമെമ്പാടും നിന്ന് ശേഖരിച്ച വിലകൂടിയതും ആഡംബരപൂർണ്ണവുമായ കല്ലുകൾ കൊണ്ടാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. വിവിധ ദൈവങ്ങളുടെ പഴയതും പുതിയതുമായ പ്രതിമകൾ അവിടെയുണ്ട്. 1886ൽ ചൈനയിൽ നിന്ന് കൊണ്ടുവന്ന 600 പൗണ്ട് ഭാരമുള്ള മണിയാണ് പെനാങ്ങിലെ പാമ്പ് ക്ഷേത്രത്തിലെ ഏറ്റവും രസകരമായ മറ്റൊരു കാഴ്ച.
പാമ്പുകളുമൊത്ത് ചിത്രം പകർത്താം
പ്രധാന ക്ഷേത്രം, മുറ്റം പോലെയുള്ള ഒരു ഭാഗത്തേക്കാണ് തുറക്കുന്നത്. കുവാൻ യിനിന്‍റെ പ്രാര്‍ഥനാഹാള്‍ ഇവിടെയാണ് ഉള്ളത്. അരികിലായി സുന്ദരമായ സസ്യലതാദികള്‍ നിറഞ്ഞ ഉദ്യാനക്കാഴ്ചയും കാണാം. പെരുമ്പാമ്പുകളും മൂര്‍ഖന്‍മാരും ഉൾപ്പെടുന്ന ഒരു പ്രദര്‍ശനമാണ് മറ്റൊര അതിശയ കാഴ്ച. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം സൗജന്യമാണെങ്കിലും, ഈ പാമ്പുകളുമൊത്ത് ഫോട്ടോ എടുക്കണമെങ്കില്‍ പണം വേറെ നൽകണം.
ഇവിടെ നിന്നും അല്‍പ്പം നടന്നാല്‍, പ്രശസ്തമായ 'സ്നേക്ക് പൂളി'ൽ എത്തിച്ചേരും. ഇവിടെയുള്ള മരങ്ങളില്‍ നിറയെ നാനാജാതിയില്‍പ്പെട്ട പാമ്പുകളെ കാണാം. നിരന്തരം ധൂപം പുകയ്ക്കുന്നതിനാല്‍ ഇവിടെയുള്ള പാമ്പുകള്‍ എപ്പോഴും ശാന്തത പാലിക്കുന്നുവെന്ന് കരുതപ്പെടുന്നു.
ഇതുവരെ ഈ ക്ഷേത്രത്തില്‍ വന്നവര്‍ക്ക് ആര്‍ക്കുംതന്നെ പാമ്പുകളുടെ കടിയേറ്റിട്ടില്ലെന്ന് പറയപ്പെടുന്നു. എന്നാല്‍ ഇവിടം സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും ജാഗ്രത പാലിക്കേണ്ടതുണ്ട്. ചെറിയ കുട്ടികളെയും കൊണ്ട് ഇവിടേക്ക് യാത്ര ഒഴിവാക്കുന്നതാണ് നല്ലത്.
ഈ പ്രദേശത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്ന നിർമാണ, വികസന പ്രവർത്തനങ്ങൾ കാരണം ക്ഷേത്രത്തിലെ പാമ്പുകളുടെ എണ്ണം അനുദിനം കുറയുന്നതായി നാട്ടുകാര്‍ പറയുന്നു. സാധാരണ ദിവസങ്ങളെ അപേക്ഷിച്ച്, ഉത്സവ സീസണുകളിൽ കൂടുതൽ പാമ്പുകളെ ക്ഷേത്രത്തിനുള്ളിൽ കാണാം. പെനാങ്ങിൽ അവധിക്കാലം ചെലവഴിക്കുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണിത് .
എങ്ങനെ എത്താം?
പെനാങ് നഗരത്തിൽ നിന്ന് ഏകദേശം 25 മിനിറ്റ് ഡ്രൈവ് ചെയ്താൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്താം. ഇവിടേക്ക് ടാക്സികളും സൗജന്യ ഷട്ടിൽ ബസ് സര്‍വീസും ലഭ്യമാണ്. ക്ഷേത്രത്തിന് ചുറ്റും കാണാനായി കൂടുതൽ കാഴ്ചകള്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ എല്ലായിടവും സന്ദര്‍ശിച്ചു കഴിഞ്ഞ ശേഷം തിരിച്ചു പോകും വഴി ഇവിടെ കയറുന്നതാവും കൂടുതല്‍ ഉചിതം.
മലേഷ്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് പെനാങ്ങ്. മനോഹരമായ കടൽത്തീരങ്ങളും ഇടതൂര്‍ന്ന വനങ്ങളും കുന്നുകളുമെല്ലാമായി പ്രകൃതിമനോഹരമാണ് ഇവിടം. മലേഷ്യയുടെ ഭക്ഷ്യ തലസ്ഥാനം എന്ന നിലയിലും ഈ സ്ഥലം പ്രശസ്തമാണ് . പ്രാദേശികവും അന്തർദേശീയവുമായ ധാരാളം ഭക്ഷണവിഭവങ്ങൾ പെനാങ്ങില്‍ ആസ്വദിക്കാം.
English Summary: Visit Snake Temple – Bayan Lepas Malaysia