ADVERTISEMENT

സമീപകാലത്തായി കൂടുതല്‍ രാജ്യങ്ങള്‍ നൽകുന്ന ഒരു സൗകര്യമാണ് ഡിജിറ്റൽ നൊമാഡ് വീസ. കോവിഡും അനുബന്ധമായി ഉണ്ടായ ലോക്ഡൗണും മൂലമുണ്ടായ ഒരു അനുഗ്രഹം എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. ലോകത്തെവിടെനിന്നും കൈകാര്യം ചെയ്യാൻ കഴിയുന്ന തരം ജോലിയുള്ള ആളുകൾക്ക് ഈ വീസ ഉപയോഗിച്ച് മറ്റൊരു രാജ്യത്തേക്കു മാറാനും അവിടെനിന്നു ജോലി ചെയ്യാനും കഴിയും. കൂടാതെ, ഈ വീസ ഉപയോഗിച്ച്, ഒരാൾക്ക് ഈ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകളുമായോ ചെറുകിട ബിസിനസുകളുമായോ ചേര്‍ന്നു പ്രവർത്തിക്കാനുമാകും. ഡിജിറ്റൽ നൊമാഡ് വീസ വാഗ്ദാനം ചെയ്യുന്ന മനോഹരമായ ചില രാജ്യങ്ങൾ ഇതാ.

ഗ്രീസ്

greece-gif

ഡിജിറ്റൽ നൊമാഡ് വീസ ഉപയോഗിച്ച് ഒരു വർഷം വരെ ഗ്രീസിൽ വിദൂര ജോലികള്‍ ചെയ്തുകൊണ്ട് താമസിക്കാം. കൂടുതൽ കാലം താമസിക്കാൻ താൽപര്യമുള്ളവര്‍ക്ക് ഡിജിറ്റൽ നൊമാഡ് റസിഡൻസ് പെർമിറ്റിനും അപേക്ഷിക്കാം.

ഐസ്‌ലൻഡ്

iceland-trip

ഐസ്‌ലൻഡിൽ, ‘ഐസ്‌ലൻഡ് റിമോട്ട് വർക്കർ വീസ’ എന്നാണ് ഈ വീസ അറിയപ്പെടുന്നത്. 2020 ഒക്ടോബറിൽ അവതരിപ്പിച്ച വീസ, ഒരു താൽക്കാലിക റസിഡൻസ് പെർമിറ്റ് കൂടിയാണ്. ഇത് ഉപയോഗിച്ച് ഐസ്‌ലാൻഡിൽ ജോലി അന്വേഷിക്കാൻ പറ്റില്ല. അതിനായി പ്രത്യേക തൊഴിൽ വീസയുണ്ട്.

ഇന്തൊനീഷ്യ

bali

അഞ്ചു വർഷം വരെ ഇന്തോനേഷ്യയിൽ താമസിക്കാൻ ഡിജിറ്റൽ നൊമാഡ് വീസ ലഭിക്കുന്നവര്‍ക്കു സാധിക്കും. ഇങ്ങനെയുള്ളവര്‍ നികുതി നല്‍കേണ്ടതില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്.

മൗറീഷ്യസ്

Mauritius

മൗറീഷ്യസ് ഡിജിറ്റൽ നൊമാഡ് വീസ അഥവാ മൗറീഷ്യസ് പ്രീമിയം ട്രാവൽ വീസ ഉപയോഗിച്ച്, അവിടെ ഒരു വർഷം താമസിക്കാനും വിദൂരമായി ജോലി ചെയ്യാനും സാധിക്കും, അതിനുശേഷം ഈ വീസ പുതുക്കാം. മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കുന്നു. ആറുമാസത്തിലധികം മൗറീഷ്യസിൽ താമസിക്കുന്നവരെ നികുതി അടയ്ക്കേണ്ട താമസക്കാരനായി കണക്കാക്കും.

ജർമനി

ജർമനിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ജർമൻ ഫ്രീലാൻസ് വീസയ്ക്ക് അപേക്ഷിക്കാം. ജർമനിയിലെ  ഡിജിറ്റൽ നോമാഡ് വീസ ഉപയോഗിച്ച് സ്റ്റാർട്ടപ്പുകൾ, ചെറുകിട ബിസിനസുകൾ, വ്യക്തികൾ എന്നിവരുമായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യാം.

ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ലിക്കിൽ ഇതിനെ ഫ്രീലാൻസ് വീസ അഥവാ സിവ്നോ വീസ എന്ന് വിളിക്കുന്നു. ഫ്രീലാൻസർമാർക്ക് ഏറെ അനുയോജ്യമാണ് ഈ വീസ. ഒരു വർഷത്തേക്ക് സാധുതയുള്ള വീസ, വേണമെങ്കിൽ രണ്ടു വർഷത്തേക്കു കൂടി നീട്ടാം. നിലവില്‍, മൂന്നു മാസത്തിൽ കൂടുതൽ താമസിക്കാൻ ആഗ്രഹിക്കുന്നവര്‍ക്കാണ് ഈ വീസ നല്‍കുന്നത്.

സ്പെയിൻ

ഒരു വര്‍ഷമാണ്‌ സ്പെയിനിലെ ഡിജിറ്റൽ നൊമാഡ് വീസയുടെ കാലാവധി. അതിനുശേഷം ഇത് രണ്ടു വർഷത്തേക്കു പുതുക്കാം. സ്പാനിഷ് ഇതര കമ്പനികളിലെ ജോലിക്കാര്‍, ഫ്രീലാൻസർമാർ തുടങ്ങി വിദൂര ജോലി ചെയ്യാൻ കഴിയുന്ന എല്ലാവര്‍ക്കും സ്പെയിൻ ഡിജിറ്റൽ നൊമാഡ് വീസ ലഭിക്കും. വീസ ലഭിച്ച്, സ്‌പെയിനിൽ എത്തി, താമസം തുടങ്ങിക്കഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളിൽ റസിഡൻസ് പെർമിറ്റിന് അപേക്ഷിക്കണം.

പോർച്ചുഗൽ

പോർച്ചുഗലിൽ ഇത്തരം ഡിജിറ്റല്‍ നൊമാഡ് വീസകളെ D7 പാസീവ് ഇൻകം വീസ എന്ന് വിളിക്കുന്നു. ഈ വീസയ്ക്ക് യോഗ്യത നേടുന്നതിന്, മതിയായ വരുമാനത്തിന്‍റെയും അതിന്‍റെ ഉറവിടത്തിന്‍റെയും തെളിവ് നൽകേണ്ടതുണ്ട്. വീസ ഉപയോഗിച്ച് ഒരു വർഷം രാജ്യത്ത് തങ്ങാം. ഇത് രണ്ട് വർഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. ഒരു തവണ മാത്രമേ ഇങ്ങനെ നീട്ടാനാവൂ.

English Summary: Mesmerising Countries That Will Grant Nomad Visa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com