ADVERTISEMENT

ഹോളിവുഡ് ഫാന്‍റസി സിനിമകളിലെ സ്ഥിരം കാഴ്ചയാണ് കടലിനടിയിലെ അദ്ഭുതനഗരങ്ങള്‍. പണ്ടെങ്ങോ കടലിനടിയില്‍ മുങ്ങിപ്പോയ അത്തരം മനോഹരനഗരങ്ങള്‍ സിനിമകളില്‍ മാത്രമല്ല, നേരിട്ട് കാണാനുള്ള അവസരങ്ങളും ധാരാളമുണ്ട് എന്നതാണ് സത്യം. വിസ്മയങ്ങളുടെ ലോകത്തേക്ക് വാതായനങ്ങള്‍ തുറക്കുന്ന ഇത്തരമിടങ്ങള്‍, നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ജീവിച്ചിരുന്ന ആളുകളുടെ ജീവിതത്തിലേക്ക് സഞ്ചാരികളെ കൈപിടിച്ചു കൂട്ടിക്കൊണ്ടുപോകുന്നു. അത്തരത്തിലൊരു ഇടമാണ് ചൈനയിലെ ക്വിയാണ്ടോ തടാകം.

ആയിരം ദ്വീപുകളുടെ തടാകം 

ആയിരം ദ്വീപുകളുടെ തടാകം എന്നാണ് ക്വിയാണ്ടോ തടാകം അറിയപ്പെടുന്നത്. ചൈനയിലെ ഹാങ്‌സോ നഗരത്തിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ അകലെയായി, ഷെജിയാങ്ങിലാണ് ക്വിയാൻ‌ഡോ തടാകം സ്ഥിതിചെയ്യുന്നത്. സിനാൻ നദിയിലെ ജലവൈദ്യുത നിലയം പൂർത്തീകരിച്ചതിന് ശേഷം രൂപംകൊണ്ട ഒരു കൃത്രിമ തടാകമാണിത്. പേരുപോലെ തന്നെ, 1,078 വലിയ ദ്വീപുകളും ആയിരക്കണക്കിന് ചെറിയ ദ്വീപുകളും ഈ ദ്വീപിലുണ്ട്.

qiandao-lake1
Scenery beautiful lake and many islands at Qiandao Island from Cable car. Image Source: Sunwand24/shutterstock

ഈ ദ്വീപുകളുടെ 90% ത്തിലധികം വനപ്രദേശമാണ്. ശുദ്ധമായ വെള്ളമാണ് തടാകത്തില്‍ ഉള്ളത്. പ്രശസ്തമായ മിനറല്‍ വാട്ടര്‍ ബ്രാന്‍ഡ്‌ ആയ നോങ്ഫു സ്പ്രിംഗ് നിര്‍മ്മിക്കാന്‍ തടാകത്തിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ബേർഡ് ഐലൻഡ്, സ്നേക്ക് ഐലൻഡ്, മങ്കി ഐലൻഡ്, ലോക്ക് ഐലൻഡ് എന്നിങ്ങനെ ഇവിടെയുള്ള നിരവധി ദ്വീപുകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളാണ്. 

തടാകത്തിനടിയിലാണ് യഥാര്‍ത്ഥത്തിലുള്ള കാഴ്ചയുള്ളത്. 1300 വർഷങ്ങൾക്ക് മുമ്പ് ടാങ് രാജവംശത്തിന്‍റെ കാലത്ത് ഷി ചെങ്, ഹെ ചെങ് എന്നിങ്ങനെ അതിമനോഹരമായ രണ്ടു നഗരങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു. ഒരുകാലത്ത് രാഷ്ട്രീയത്തിന്‍റെയും സാമ്പത്തിക ശാസ്ത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും കേന്ദ്രമായിരുന്നു ഇത്. 1959 സെപ്തംബറിൽ ചൈനീസ് ഗവൺമെന്‍റ് ഇവിടെ ഒരു ജലവൈദ്യുത നിലയവും ഒരു റിസർവോയറും നിര്‍മിച്ചപ്പോള്‍ ഈ രണ്ട് പുരാതന പട്ടണങ്ങളും ഒപ്പം മറ്റ് 27 ചെറിയ പട്ടണങ്ങളും 1,377 ഗ്രാമങ്ങളും ഏതാണ്ട് 50,000 ഏക്കർ കൃഷിയിടങ്ങളും ആയിരക്കണക്കിന് വീടുകളും വെള്ളത്തിനടിയിലായി. പദ്ധതിക്കായി 290,000 പേരെ മാറ്റിപ്പാർപ്പിച്ചു. പുരാതന നഗരങ്ങളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ വലിയ വിലയൊന്നും കല്‍പ്പിച്ചിരുന്നില്ല.

പിന്നീട്, 40 വർഷത്തോളം ഈ നഗരങ്ങളെക്കുറിച്ച് എല്ലാവരും മറന്നുപോയി. അതിനുശേഷം, 2001- ല്‍ ഈ പ്രദേശത്തെ ടൂറിസം സാദ്ധ്യതകള്‍ ആരായുന്നതിനിടയിലാണ് വെള്ളത്തിനടിയില്‍ യാതൊരുവിധ കേടുപാടുകളും കൂടാതെ ചില കെട്ടിടങ്ങളും മറ്റും നിലനില്‍ക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. പിന്നീട് 2005- ൽ, പ്രാദേശിക ടൂറിസം വകുപ്പ് വെള്ളത്തിനടിയിൽ മൂന്ന് പുരാതന പട്ടണങ്ങൾ കണ്ടെത്തി. 

2011- ല്‍ പ്രാചീന പട്ടണങ്ങളെ പ്രവിശ്യാ തലത്തിലുള്ള അവശിഷ്ടങ്ങളായി വിലയിരുത്തി. കാലങ്ങളായിട്ടും കടലിനടിയില്‍ പ്രത്യേകിച്ച് കേടുപാടുകളൊന്നും കൂടാതെ അവ നിലനില്‍ക്കുന്ന കാഴ്ച വിസ്മയകരമായിരുന്നു. അധികം വൈകാതെ, സര്‍ക്കാര്‍ ഈ പട്ടണങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചു. സന്ദര്‍ശകര്‍ക്ക് കടലിനടിയിലേക്ക് എത്താന്‍ ഭീമനൊരു അന്തര്‍വാഹിനി നിര്‍മിച്ചെങ്കിലും, കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇത് ഉപയോഗിച്ചില്ല. ഇപ്പോള്‍ ബോട്ടുകളിലാണ് സഞ്ചാരികള്‍ തടാകത്തിലൂടെ യാത്ര ചെയ്യുന്നത്.

English Summary: Qiandao Lake: The Thousand Island Lake and Ancient Submerged Cities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com