'യാത്രയാണ് എന്റെ തെറാപ്പി'; അദ്ഭുതങ്ങളുടെ നാട്ടിലെത്തിയ റായ് ലക്ഷ്മി
Mail This Article
യാത്രയാണ് എന്റെ തെറാപ്പി, യാത്രയാണ് എന്റെ സന്തോഷം അങ്ങനെ യാത്രയെക്കുറിച്ച് പറയുമ്പോൾ നൂറുനാവാണ് തെന്നിന്ത്യൻ താര സുന്ദരി റായ് ലക്ഷമിയ്ക്ക്. ബീച്ച് വെക്കേഷൻ, അഡ്വഞ്ചർ ട്രിപ്പ്, നേച്ചര്‍ ട്രിപ്പ് എന്നുവേണ്ട ഏതു യാത്രയ്ക്കും റായ് ലക്ഷമി റെഡിയാണ്. പരസ്യചിത്രങ്ങളിലൂടെ മോഡലായി ചലച്ചിത്രരംഗത്ത് ചുവടുറപ്പിച്ച റായ് ലക്ഷമിയ്ക്ക് ആരാധകർ ഏറെയുണ്ട്. അഭിനയവും മോഡലിങ്ങും പോലെ യാത്രകളെയും പ്രണയിക്കുന്നയാളാണ് റായ് ലക്ഷമി. സന്ദർശിച്ച ഇടങ്ങളിലെ അതിമനോഹരമായ നിരവധി ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുമുണ്ട്. ഇൗ കഴിഞ്ഞിടയ്ക്ക് നിരവധി യാത്രകൾ നടത്തിയിട്ടുണ്ടെന്ന് താരത്തിന്റെ ഇൻസ്റ്റഗ്രാമിൽ നിന്ന് മനസ്സിലാക്കാം.
ഇപ്പോഴിതാ വെക്കേഷൻ അടിച്ച്പൊളിച്ച് തുർക്കിയിൽ ആഘോഷിക്കുകയാണ്. തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന പുരാതന നഗരമായ കപ്പഡോഷ്യയിൽ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഏറ്റവും പുതിയതായി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. അതിരാവിലെ കപ്പഡോഷ്യയിലെ കാഴ്ചകണ്ടുള്ള വിഡിയോയും പങ്കുവച്ചിട്ടുണ്ട്.
ഗുഹവീടുകള്‍, ലാവാ മലകള്‍, ആകാശം നിറയെ ബലൂണുകള്‍ ഇൗ കാഴ്ചകളൊക്കെയും ആസ്വദിക്കുന്ന റായ് ലക്ഷ്മിയെയും കാണാം. ഒാരോ ചിത്രങ്ങൾക്കും താഴെ യാത്രയോടുള്ള പ്രണയം പറയുന്ന കുറിപ്പുകളുമുണ്ട്. യാത്രയാണ് തെറാപ്പിയെന്നും സന്തോഷമെന്നും കുറിച്ചിട്ടുണ്ട്. ശരിയാണ് യാത്ര നൽകുന്ന റിഫ്രെഷ്മെന്റ് മറ്റൊരു മരുന്നുകൾക്കും നൽകാനാകില്ല. യാത്രയിലൂടെ നേടുന്ന അറിവും മനസന്തോഷവുമെല്ലാം വളരെ വലുതാണ്. ശരീരത്തിന് ഉന്മേഷവും പുത്തനുണർവുമാണ് ഒാരോ യാത്രയും സമ്മാനിക്കുന്നത്.
അദ്ഭുതങ്ങളുടെ നാട്ടിലെത്തിയ റായ് ലക്ഷ്മി
വിചിത്രാകൃതിയുള്ള പാറക്കെട്ടുകൾക്കും അതിശയകരമായ ഹോട്ട് എയർ ബലൂണിങ് അവസരങ്ങൾക്കും പേരുകേട്ട കപ്പഡോഷ്യയില്‍ പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ നിരവധി അദ്ഭുതങ്ങളുണ്ട്. പ്രത്യേകതരം ഭൂപ്രകൃതി കാരണം മറ്റൊരു ഗ്രഹത്തില്‍ എത്തിയ പോലെയുള്ള മായികമായ അനുഭൂതിയാണ് ഇവിടം സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കപ്പഡോഷ്യയിൽ ഏറെ ജനപ്രിയമായ ഒരു സാഹസിക വിനോദമാണ് ഹോട്ട് എയർ ബലൂണിങ്. നിരവധി ടൂർ ഓപ്പറേറ്റർമാര്‍ ഒരു പാക്കേജായിത്തന്നെ ഇത് നല്‍കുന്നുണ്ട്.
നൂറ്റാണ്ടുകൾക്കു മുൻപ് അഗ്നിപർവതങ്ങൾ പൊട്ടിയൊഴുകിയ ലാവ ഉറച്ച് എങ്ങും മലനിരകളായി മാറിയത് കാണാം. ഈ മലകൾ തുരന്ന് വീടുകളും റസ്റ്ററന്റുകളും ഷോപ്പിങ്ങ് മാളുകളും പണിതിരിക്കുന്നു. പ്രാചീനകാലത്ത് ഈ പ്രദേശത്ത് വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ നിലനിന്നിരുന്നു എന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്.
ആർഗോപ്പ്, ഗെറീം, ഇഹ്‌ലാര വാലി, സെലിം, ഗുസെലിയുർട്ട്, ഉച്ചിസാർ, അവാനോസ്, സെൽവെ എന്നിവയാണ് കപ്പഡോഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട പട്ടണങ്ങള്‍. ഡെറിൻകുയു, കെയ്‌മക്ലി, ഗാസീമീർ, ഓസ്‌കോനാക് എന്നീ ഭൂഗര്‍ഭ നഗരങ്ങളും ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച ഇടങ്ങളില്‍ ഉള്‍പ്പെടുന്നു. ആർഗപ്പ്, ഗെറീം, ഗുസെലിയുർട്ട്, ഉച്ചിസാര്‍ എന്നിവിടങ്ങളിലാണ് ചരിത്രപ്രാധാന്യമുള്ള മാളികകളും വിനോദസഞ്ചാരികള്‍ക്ക് താമസിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ള ഗുഹ വീടുകളും ഉള്ളത്.
English Summary: Raai Laxmi Enjoys Holiday in Cappadocia Turkey