ADVERTISEMENT

പച്ചപ്പിന്‍റെ പുതപ്പണിഞ്ഞ മലനിരകള്‍ക്കിടയിലൂടെ പുകയെന്ന പോലെ പരന്നൊഴുകുന്ന കോടമഞ്ഞ്... തൊട്ടുരുമ്മി ഒഴുകി നീങ്ങുന്ന മേഘക്കുഞ്ഞുകള്‍... മരംകോച്ചുന്ന തണുപ്പില്‍ ഇവയ്ക്കിടയിലൂടെ ഒഴുകി നടന്നാലോ? സ്വപ്നമല്ല, മനോഹരമായ ഈ അനുഭവം സഞ്ചാരികള്‍ക്ക് നേരിട്ടനുഭവിക്കാന്‍ പറ്റുന്ന ഒരിടമുണ്ട്; ചൈനയിലെ ഹുനാൻ പ്രവിശ്യയിലെ പ്രകൃതിരമണീയമായ വുലിങ്ങ്യുവാൻ പർവതപ്രദേശത്തുള്ള ഷാങ്ജിയാജി ദേശീയോദ്യാനം. മലനിരകള്‍ക്കിടയിലൂടെ ഒരുക്കിയ കിടിലന്‍ കേബിള്‍ കാര്‍ യാത്രകളാണ് ഇവിടുത്തെ ഏറ്റവും പ്രധാന ആകര്‍ഷണം.

cable-car3
Horizontal image of Tianmen mountain. Image Source: Tatiana_kashko_photo/shutterstock

പാർക്കിനുള്ളിൽ മൂന്ന് റൂട്ടുകളില്‍ ഓടുന്ന കേബിള്‍ കാര്‍ സംവിധാനങ്ങളുണ്ട്. രാവിലെ എഴുമണി മുതല്‍ വൈകീട്ട് ആറുമണി വരെ കേബിള്‍ കാര്‍ ഓടുന്നുണ്ട്. ടിയാൻമെൻ മൗണ്ടൻ കേബിൾ കാർ, ഷാങ്ജിയാജി കേബിൾ കാർ, ഹുവാങ്ഷിഷായി കേബിൾ കാർ എന്നിവയാണവ. ഓരോ റൂട്ടിലും വ്യത്യസ്തമായ ടിക്കറ്റ് നിരക്കുകളാണ് ഈടാക്കുന്നത്.

അതിശയമായി കേബിൾ കാർ സവാരി

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കേബിൾ കാർ സവാരി എന്നാണ് ടിയാൻമെൻ മൗണ്ടൻ കേബിൾ കാർ സര്‍വീസ് അറിയപ്പെടുന്നത്. 7,455 മീറ്റർ ദൂരം അരമണിക്കൂറില്‍ സഞ്ചരിക്കുന്ന യാത്രയാണിത്. ഷാങ്ജിയാജി സിറ്റിയുടെ പനോരമ കാഴ്ചയും ടിയാൻമെൻ ഗുഹയും മലമുകളിലെ ക്ലിഫ്-ഹാങ്ങിങ് ഗ്ലാസ് നടപ്പാതകളുമെല്ലാം ഈ റൂട്ടില്‍ ആസ്വദിക്കാം. മലമുകളിലേക്കും താഴേക്കും കയറാനും ഇറങ്ങാനുമാണ് അഞ്ചു മിനിറ്റ് ദൈര്‍ഘ്യമുള്ള ഷാങ്ജിയാജി കേബിള്‍ കാര്‍ യാത്ര ഒരുക്കിയിട്ടുള്ളത്. 1,200 മീറ്റർ ഉയരമുള്ള ഹുവാങ്ഷിഷായി പര്‍വ്വത പ്രദേശത്തു കൂടിയുള്ള കേബിള്‍കാര്‍ യാത്രയില്‍ പ്രദേശത്തെ ഹരിതഭംഗിയുടെ ആകാശക്കാഴ്ച ആവോളം ആസ്വദിക്കാം. കേബിള്‍ കാര്‍ വഴി യാത്ര ചെയ്യാന്‍ താല്‍പ്പര്യം ഇല്ലാത്തവര്‍ക്ക് വിവിധ റൂട്ടുകളിലൂടെ ട്രെക്കിങ് നടത്താനും പറ്റും. ഇത്തരത്തില്‍ യാത്ര ചെയ്യുന്ന നിരവധി ബാക്ക്പാക്കര്‍മാരെ ഈ ഏരിയയില്‍ ഉടനീളം കാണാം.

കേബിള്‍ കാര്‍ യാത്രകള്‍ കൂടാതെ വേറെയും നിരവധി രസകരമായ അനുഭവങ്ങള്‍ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഔട്ട്‌ഡോർ എലിവേറ്ററായ ബെയ്‌ലോംഗ് എലിവേറ്റർ, 2002- ലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. 326 മീറ്റർ ഉയരമുള്ള എലിവേറ്ററില്‍ കയറിയാല്‍ രണ്ടുമിനിറ്റ് കൊണ്ട് സന്ദര്‍ശകര്‍ മുകളിലെത്തും. മൂന്ന് വ്യത്യസ്ത ഗ്ലാസ് എലിവേറ്ററുകൾ ഉൾക്കൊള്ളുന്നതാണ് ഈ ഘടന, അവയിൽ ഓരോന്നിനും ഒരേ സമയം 50 പേർക്ക് യാത്ര ചെയ്യാൻ കഴിയും.

തുറന്ന 2016 ഓഗസ്റ്റിൽ ആരംഭിച്ച ഷാങ്ജിയാജി ഗ്രാൻഡ് കാന്യോൺ ഗ്ലാസ് ബ്രിഡ്ജ് ആണ് മറ്റൊരു അദ്ഭുതകാഴ്ച. 430 മീറ്റര്‍ നീളമുള്ള ഈ ചില്ലുപാലം, 300 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. തുറന്ന് പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം, സന്ദർശകരുടെ ബാഹുല്യം കാരണം പാലം അടച്ചുപൂട്ടേണ്ടിവന്നു. പിന്നീട്, 2016 സെപ്റ്റംബർ 30- ന്,  കൂടുതല്‍ സഞ്ചാരികള്‍ക്ക് സഞ്ചരിക്കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം പാലം വീണ്ടും തുറക്കുകയായിരുന്നു. ഇവ കൂടാതെ, ടിയാൻമെൻ മൗണ്ടൻ ക്ലിഫ് ഹാംങ്ങിങ് ഗ്ലാസ് വാക്ക്‌വേ പോലെ, പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ വേറെയും അദ്ഭുതക്കാഴ്ചകൾ ഇവിടെ.

cable-car1
The Heaven’s Gate of Tianmen Shan, National Park Zhangjiajie. Image source: BorripatBKK/shutterstock

1982- ലാണ് 11,900 ഏക്കർ വിസ്തൃതിയുള്ള ഷാങ്ജിയാജി പാർക്ക് ചൈനയിലെ ആദ്യത്തെ ദേശീയ വന പാർക്കായി അംഗീകരിക്കപ്പെട്ടത്. 1992- ൽ, യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായും ഇവിടം തിരഞ്ഞെടുക്കപ്പെട്ടു. ആകാശത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന തൂണുകള്‍ പോലുള്ള പര്‍വ്വതഭാഗങ്ങളാണ് ഈ പ്രദേശത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ജെയിംസ് കാമറൂണ്‍ സംവിധാനം ചെയ്ത, ഹോളിവുഡ് ഇതിഹാസ ചിത്രമായ ‘അവതാറി’ന്‍റെ പശ്ചാത്തലത്തിന് ഈ സ്ഥലം പ്രചോദനമായതായി സംവിധായകന്‍ പറഞ്ഞിരുന്നു.

English Summary:  Tianmen Mountain Cable Car - Longest Cable Car Ride in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com