ADVERTISEMENT

സ്കോട്ട്ലന്‍ഡിന്‍റെ വടക്കുഭാഗത്തേക്ക് യാത്ര ചെയ്യുമ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന അദ്ഭുതകരമായ ഒരു കാഴ്ചയുണ്ട്. ചുറ്റുമുള്ള കൊടുമുടികളെ നോക്കി, ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന വൃത്താകൃതിയുള്ള ഭീമന്‍ കല്‍ക്കോട്ടകള്‍. ഉറപ്പുള്ള കല്ലുപയോഗിച്ച് കെട്ടിപ്പൊക്കിയിരിക്കുന്ന ഈ ഗോപുരങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത മേല്‍ക്കൂരകള്‍ ഇല്ല എന്നതാണ്. ഇരുമ്പുയുഗത്തില്‍ പണിതു എന്നറിയാമെങ്കിലും ഇവ ആര്, എന്തിന് നിർമിച്ചു എന്ന കാര്യം ഗവേഷകര്‍ക്ക് ഇപ്പോഴും അജ്ഞാതമാണ്.  

ബ്രോച്ച് എന്നാണ് ഇത്തരം കെട്ടിടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ‘ഫോർട്ട്’ എന്ന അർഥമുള്ള ലോലാൻഡ് സ്കോട്ടിഷ് വാക്കിൽ നിന്നാണ് ഇത് ഉരുത്തിരിഞ്ഞത്. ഇന്നുവരെ, അഞ്ഞൂറോളം ബ്രോച്ച് സൈറ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്, സ്കോട്ട്ലൻഡിന്‍റെ വടക്കുള്ള കെയ്ത്ത്നെസ്, സതർലാൻഡ് കൗണ്ടികളിലും വടക്കൻ ദ്വീപുകളിലുമാണ് ഇവ കൂടുതലുമുള്ളത്.

ഇവ പ്രാദേശിക തലവന്മാരുടെ കോട്ടകളാണെന്നാണ്‌ ഗവേഷകര്‍ ആദ്യം കരുതിയിരുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള ആക്രമണം തടയാനായാണ്‌ ഇത് നിര്‍മ്മിച്ചതെന്നായിരുന്നു അവരുടെ ആദ്യനിഗമനം. എന്നാല്‍ ഇവ സമ്പന്നകുടുംബങ്ങളുടെ പാര്‍പ്പിടങ്ങളായാണ് ഉപയോഗിച്ചിരുന്നതെന്ന് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇവയില്‍ പലതും തന്ത്രപ്രധാനമായ സ്ഥലങ്ങളിലാണ് സ്ഥിതിചെയ്യുന്നത് എന്നതിനാലും കിടങ്ങുകള്‍ പോലെയുള്ള രഹസ്യവഴികളും മറ്റും ഇവയ്ക്കുള്ളില്‍ കാണാം എന്നതിനാലും ആദ്യത്തെ നിഗമനം ഗവേഷകര്‍ പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ല. 

യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍

ഇതുവരെ, 5 മുതൽ 15 വരെ മീറ്റർ വ്യാസമുള്ള ബ്രോച്ചുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഭിത്തികള്‍ക്ക് 3 മീറ്റര്‍ വരെ കട്ടിയുണ്ട്. കൂടാതെ ഉള്‍വശത്ത് സര്‍പ്പിളാകൃതിയില്‍ ഗോവണിയുണ്ട്. ചുവരുകള്‍ക്ക് സാധാരണയായി അത്ര ഉയരമില്ല. എന്നാല്‍ ലൂയിസിലെ ഡൺ കാർലോവേ, ഗ്ലെനെൽഗിലെ ഡൺ ടെൽവ്, ഡൺ ട്രൊഡാൻ, ഷെറ്റ്‌ലാന്റിലെ മൂസ, സതർലാൻഡിലെ ഡൺ ഡോർനൈഗിൽ എന്നീ ബ്രോച്ചുകള്‍ക്ക് 6.5 മീറ്റർ വരെ ഉയരമുള്ള ചുവരുകള്‍ കാണാം. ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ഇവ യുനെസ്കോയുടെ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദേശം ചെയ്തിട്ടുണ്ട്.

ഈ ചരിത്രാതീത ഗോപുരങ്ങളുടെ യഥാർഥ ഉദ്ദേശ്യം മനസ്സിലാക്കുന്നതിനായി ഇത്തരം ബ്രോച്ചുകള്‍ പുനര്‍നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്. ഇരുമ്പ് യുഗ ഗോത്രങ്ങൾ ഉപയോഗിച്ചിരുന്ന അതേ കല്ല്, കൊത്തുപണി വിദ്യകൾ ഉപയോഗിച്ചായിരിക്കും ഇത് നിര്‍മിക്കുക. മാത്രമല്ല ഇവയിലൂടെ കൂടുതല്‍ സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനാവുമെന്നും കരുതുന്നു.

English Summary: Brochs The mysterious circular symbols of Scotland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com