സ്ഥിരം കാഴ്ചകൾ മടുത്തോ? എങ്കിൽ ഇൗ മനോഹര നാടുകളിലേക്ക് വിട്ടോളൂ
Mail This Article
കടലിലൊന്നു പൊങ്ങി കിടക്കണമെന്ന ഒരൊറ്റ ആഗ്രഹം കൊണ്ടു മാത്രം ചാവുകടല്‍ ബക്കറ്റ് ലിസ്റ്റിലുള്ള സഞ്ചാരികളുണ്ടാവും. എന്നാല്‍ നിങ്ങളറിയുമോ വെള്ളത്തില്‍ നിങ്ങള്‍ മുങ്ങണമെന്നു വിചാരിച്ചാലും അതിന് അനുവദിക്കാത്ത 'ചാവു കടലു'കള്‍ ഈ ഭൂമിയില്‍ പലയിടത്തുമുണ്ട്. ഇതില്‍ പലതും അതിമനോഹരവും വ്യത്യസ്തവുമായ പ്രദേശങ്ങളിലുമാണ്.
ആദ്യം ചാവുകടല്‍
അതെ, ആദ്യം നമുക്ക് ചാവുകടലിനെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാം. ഇസ്രയേലിലും ജോര്‍ദാനിലുമായി പരന്നുകിടക്കുന്ന ചാവുകടല്‍ എല്ലാവര്‍ഷവും പതിനായിരങ്ങള്‍ സന്ദര്‍ശകരായി എത്താറുണ്ട്. മീനുകളടക്കം ജലാശയങ്ങളില്‍ സാധാരണ കണ്ടുവരാറുള്ള ഒരു ജീവജാലങ്ങളേയും ചാവുകടലില്‍ കാണാനാവില്ല. ഈ ജീവന്റെ അഭാവമാണ് ചാവുകടലെന്ന പേര് ചാര്‍ത്തിക്കൊടുത്തതും. വളരെ ഉയര്‍ന്ന അളവില്‍ ഉപ്പ് അടങ്ങിയിട്ടുള്ളതിനാലാണ് ജീവികള്‍ക്ക് ചാവുകടലില്‍ കഴിയാന്‍ സാധിക്കാത്തത്. ചാവു കടലിന്റെ ആകെയുള്ളത് അടിത്തട്ടില്‍ അപൂര്‍വം സൂഷ്മ ജീവികള്‍ മാത്രമാണ്.
കടലില്‍ മലര്‍ന്നുകിടന്ന് പത്രം വായിക്കുന്നവരുടേയും മറ്റും ചിത്രങ്ങള്‍ കണ്ടിരിക്കും. ഇത്തരം അസാധാരണ കാര്യങ്ങള്‍ ചാവുകടലില്‍ സാധ്യമാണ്. സാധാരണ സമുദ്രങ്ങളിലുള്ളതിനേക്കാള്‍ ആറിരട്ടി ഉപ്പ് അടങ്ങിയിട്ടുണ്ട് ചാവുകടലില്‍. അതുകൊണ്ടുതന്നെ കട്ടി കൂടിയ ജലമുള്ള ചാവുകടലില്‍ നമ്മള് ചാടിയാലും മുങ്ങി പോവുകയില്ല. മുങ്ങില്ലെന്നു കരുതി ചാവുകടലില്‍ നീന്താന്‍ നോക്കിയാല്‍ അതും സാധിക്കില്ല.
ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ പരമാവധി പതിനഞ്ചു മിനുറ്റേ ചാവുകടലില്‍ കഴിയാവൂ എന്ന് മുന്നറിയിപ്പ് നല്‍കാറുണ്ട്. വളരെ ഉയര്‍ന്ന അളവില്‍ ഉപ്പുള്ളതിനാല്‍ ദീര്‍ഘനേരം കിടന്നാല്‍ നമ്മുടെ തൊലിയില്‍ പൊട്ടലുണ്ടാക്കാന്‍ പോലും ചാവുകടലിലെ വെള്ളത്തിന് സാധിക്കുമെന്നതിനാലാണ് ഈ മുന്നറിയിപ്പ്. മാര്‍ച്ചും ഏപ്രിലും ഒക്ടോബറും നവംബറുമാണ് ചാവുകടല്‍ സന്ദര്‍ശിക്കാന്‍ കാലാവസ്ഥകൊണ്ട് അനുയോജ്യമായ മാസങ്ങള്‍.
ഈജിപ്തിലെ മരുപ്പച്ച
പിരമിഡും മറ്റും കാണാനായി ഈജിപ്തിലേക്കു തിരിക്കുന്നവര്‍ അവിടെയുള്ള ഉള്‍ഗ്രാമങ്ങളെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ വ്യത്യസ്തമായ അനുഭവമായിരിക്കും. സിവ മരുപ്പച്ച ഇത്തരം വ്യത്യസ്തമായ ഉള്‍നാടന്‍ കാഴ്ച്ചയാണ്. നൂറുകണക്കിന് ഉപ്പു കുളങ്ങളാണ് ഇവിടുത്തെ പ്രത്യേകത. ചാവുകടലിലെന്നതുപോലെ ഇവിടെയും നിങ്ങള്‍ മുങ്ങിപ്പോവുകയെന്നത് അസാധ്യമാണ്.ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയില്‍ നിന്നും 562 കിലോമീറ്റര്‍ ദൂരെയാണ് സിവ മരുപ്പച്ച. ബസില്‍ ഇവിടെയെത്താന്‍ 14 മണിക്കൂര്‍ യാത്രയുണ്ട്. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ കാലാവസ്ഥ.
അറ്റക്കാമയുടെ ലഗുന സെഷാര്
ലോകത്തിലെ ഏറ്റവും വരണ്ട മരുഭൂമി ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചിലെയിലെ അറ്റക്കാമ മരുഭൂമി. താഴ്വരകളും ഉപ്പു മലകളും വ്യത്യസ്തമായ ജീവജാലങ്ങളുമെല്ലാം അറ്റക്കാമയിലുണ്ട്. അറ്റക്കാമ സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്ന മറ്റൊരു അനുഭവമാണ് ലഗുന സെഷാര്. ചിലിയും അറ്റക്കാമയും സന്ദര്‍ശിക്കുന്നവര്‍ക്ക് ചാവുകടലിന് സമാനമായ അനുഭവം സമ്മാനിക്കാന്‍ ലഗുന സെഷാറിന് സാധിക്കും. വളരെ ഉയര്‍ന്ന അളവില്‍ ഉപ്പ് കലര്‍ന്നിരിക്കുന്നതിനാല്‍ ഈ തടാകത്തിലും മുങ്ങി പോവുക അസാധ്യമാണ്. എങ്കില്‍ പോലും ഇത്തരം ഉപ്പു വെള്ളത്തിലേക്ക് മുങ്ങില്ലെന്ന് ഉറപ്പിച്ച് ചാടുമ്പോഴും ശ്രദ്ധിക്കേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. നിങ്ങളുടെ ഫോണുകളും സണ്‍ ഗ്ലാസുകളുമൊക്കെ സൂക്ഷിക്കണം. കാരണം മനുഷ്യര്‍ മുങ്ങില്ലെങ്കിലും ഇത്തരം വസ്തുക്കള്‍ കൊടും ഉപ്പുവെള്ളത്തിലും മുങ്ങി പോകും.
സാന്‍ പെഡ്രോ ഡൊ അറ്റകാമയില്‍ നിന്നും 12 മൈല്‍ അകലെയാണ് ലഗുന സെഷാര്. പ്രാദേശിക ടൂര്‍ ഏജന്‍സികള്‍ വഴി ബുക്കു ചെയ്ത് ഇവിടം സന്ദര്‍ശിക്കാനെത്തുന്നവരാണ് സഞ്ചാരികളില്‍ ഭൂരിഭാഗവും. സാന്‍ പെഡ്രോ ഡൊ അറ്റക്കാമയില്‍ നിന്നും ലഗുന സെഷാര് കണ്ടു വരുന്നതിന് ഏകദേശം നാലു മണിക്കൂറെടുക്കും.
ബ്രസീല്‍ ഒളിപ്പിച്ച മുത്ത്
ബീച്ചുകളും സാംബ താളവും ആമസോണ്‍ കാടുകളുമൊക്കെയാണ് ബ്രസീലിലെത്തുന്നവരുടെ പ്രധാന ലക്ഷ്യങ്ങളാവുക. ഇന്ത്യയുടെ 2.59 ഇരട്ടി വലിപ്പമുള്ള ബ്രസീല്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന നിരവധി മുത്തുകളുണ്ട്. അതിലൊന്നാണ് ഫെര്വഡ്യൂറോകളെന്നു വിളിക്കുന്ന കണ്ണാടി പോലെ സുതാര്യമായ വെള്ളമുള്ള കുളങ്ങള്‍. മധ്യ ബ്രസീലിയന്‍ സംസ്ഥാനമായ ടൊക്കന്ടിന്സിലെ ജലപാവോ സ്റ്റേറ്റ് പാര്‍ക്കിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ചാവുകടലിലേതു പോലെ വലിയ തോതില്‍ ഉപ്പ് അടങ്ങിയിട്ടുള്ളതിനാലല്ല ഇവിടെ എളുപ്പത്തില്‍ പൊങ്ങി കിടക്കുന്നത്. ഭൂമിക്കടിയിലൂടെ പോകുന്ന പുഴയില്‍ നിന്നുള്ള വെളളത്തിന്റെ ഉയര്‍ന്ന മര്‍ദമാണ് മനുഷ്യരെ വെള്ളത്തില്‍ താഴ്ന്നു പോവാതെ കാക്കുന്നത്.
English Summary: World's Best Places to Visit