ഇങ്ങനെയൊരു കാഴ്ചബംഗ്ലാവോ? നിര്‍വീര്യമാക്കപ്പെട്ട ബോംബുകള്‍ പ്രദര്‍ശിപ്പിക്കുന്ന ഇടം
Mail This Article
ലോകത്തെ ഏറ്റവും മോശം അനുഭവങ്ങള്‍ നേരിട്ട രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ മുന്‍പന്തിയിലുള്ള രാജ്യമായിരിക്കും ലാവോസ്. മനുഷ്യ ചരിത്രം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തവും ക്രൂരവുമായ ബോംബു വര്‍ഷം നേരിട്ട രാജ്യമാണിത്. 1964 ഡിസംബറിനും 1970 മാര്‍ച്ചിനുമിടയില്‍ 26 കോടി ബോംബുകളാണ് അമേരിക്ക ലാവോസിലേക്ക് വര്‍ഷിച്ചത്. അതില്‍ പല ബോംബുകളും ഇന്നും പൊട്ടിത്തെറിച്ചിട്ടില്ല. അങ്ങനെ ലാവോസിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വീണ്ടെടുക്കുന്ന ബോംബുകള്‍ പ്രദര്‍ശനത്തിനു വച്ചിട്ടുള്ള ഒരു കാഴ്ചബംഗ്ലാവാണ് യുഎക്‌സ്ഒ ലാവോസ് വിസിറ്റേഴ്‌സ് സെന്റര്‍.
നിര്‍വീര്യമാക്കപ്പെട്ട ബോംബുകള്‍ പ്രദര്‍ശിപ്പിക്കാനായി ഒരിടം, ഇങ്ങനെയൊരു വിശേഷണമുള്ള ലോകത്തെ തന്നെ ഏറ്റവും വിചിത്രമായ പ്രദര്‍ശന ശാലകളിലൊന്നായിരിക്കും ഇത്. ലാവോസിന്റെ തലസ്ഥാനമായ വിയെന്റിയേനിലാണ് ഈ ബോംബ് പ്രദര്‍ശന ശാലയുള്ളത്. ഇന്നും ആയിരക്കണക്കിന് ബോംബുകളാണ് ലാവോസിന്റെ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്നത്. ഈ ബോംബുകളെ കണ്ടെത്തി നിര്‍വീര്യമാക്കുന്ന ദൗത്യത്തിന്റെ വിശദാംശങ്ങളെക്കുറിച്ചും യുഎക്‌സ്ഒ ലാവോസ് വിസിറ്റേഴ്‌സ് സെന്ററില്‍ വിശദീകരിക്കുന്നുണ്ട്.
വിയറ്റ്‌നാം യുദ്ധകാലത്താണ് അമേരിക്ക ലാവോസിനേയും ശത്രുപക്ഷത്തേക്ക് നിര്‍ത്തിയതും ആക്രമണം നടത്തിയതും. ലാവോസിലെ ഒരു രാഷ്ട്രീയ കക്ഷിക്ക് വടക്കന്‍ വിയറ്റ്‌നാമുമായുള്ള ബന്ധമായിരുന്നു ആ രാജ്യത്തിന്റെ തലവര തന്നെ മാറ്റിയത്. വിയറ്റ്‌നാമിലേക്ക് സാധന സാമഗ്രികള്‍ എത്തുന്ന മാര്‍ഗങ്ങള്‍ അടക്കുന്നതിന്റെ ഭാഗമായാണ് ലാവോസും അമേരിക്കന്‍ റഡാറിലേക്ക് പതിയുന്നത്. അതോടെ ലാവോസ് എന്ന കൊച്ചു രാജ്യത്തിന്റെ വര്‍ത്തമാനവും ഭാവിയുമാകെ മാറി മറിയുകയായിരുന്നു.
നമ്മുടെ അയല്‍ രാജ്യമായ മ്യാന്മാറിനോട് ചേര്‍ന്നു കിടക്കുന്ന രാജ്യമാണ് ലാവോസ്. മറ്റൊരു ഏഷ്യന്‍ രാജ്യത്തിലുമില്ലാത്ത യാത്രാനുഭവം സഞ്ചാരികള്‍ക്ക് നല്‍കാന്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ കടല്‍തീരമില്ലാത്ത ഏക രാജ്യമായ ലാവോസിന് സാധിക്കും. ആകെ 74 ലക്ഷം മാത്രമാണ് ഇവിടുത്തെ ജനസംഖ്യ.
ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ വീസ ആവശ്യമില്ലാത്ത നാട്
ഇന്ത്യക്കാര്‍ക്ക് സന്ദര്‍ശിക്കാന്‍ വീസ ആവശ്യമില്ലാത്ത നാടാണ് ലാവോസ്. 30 ദിവസം വരെ വീസ ഓണ്‍ അറൈവല്‍ പ്രകാരം ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഇവിടെ താമസിക്കാം. ഇതിനായി ആറുമാസം വാലിഡിറ്റിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കരുതേണ്ടതുണ്ട്. ഒക്ടോബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് ലാവോസിലെ വിനോദസഞ്ചാര സീസണ്‍.
പ്രകൃതി ഭംഗിയാണ് ലാവോസിന്റെ സഞ്ചാരികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള പ്രധാന സവിശേഷത. കാടും ഗുഹകളും ജലപാതകളുമെല്ലാം നിറഞ്ഞ ലാവോസ് പ്രകൃതി സ്‌നേഹികള്‍ക്ക് പറ്റിയ ഇടമാണ്. കയാക്കിംങ്, സൈക്ലിംങ്, സിപ് ലൈനിംങ്, ട്രെക്കിംങ് എന്നിങ്ങനെ പലവിധ സാഹസിക വിനോദങ്ങളും സഞ്ചാരികളെ കാത്തിരിപ്പുണ്ട്.
ദശലക്ഷം ആനകളുടെ നാടെന്ന വിശേഷണം ലാവോസിന് ലഭിക്കുന്നതു തന്നെ പ്രകൃതിയുമായി ഈ രാജ്യത്തിനുള്ള അഭേദ്യ ബന്ധത്തിന്റെ തെളിവാണ്. ഇന്നും 80 ശതമാനത്തിലേറെ ലാവോസുകാരുടെ പ്രധാന വരുമാന മാര്‍ഗം കൃഷിയോ അനുബന്ധ തൊഴിലുകളോ ആണ്. നെല്ലാണ് പ്രധാന വിള. കാവോ നിയോ എന്നു വിളിക്കുന്ന ഒട്ടിപ്പിടിക്കുന്ന ചോറ് ഏറ്റവും കൂടുതല്‍ കഴിക്കുന്നതും ലാവോസുകാര്‍ തന്നെ. പ്രതിവര്‍ഷം 20,000 ടണ്‍ കാപ്പി ഉത്പാദിപ്പിക്കുന്ന നാടു കൂടിയാണ് ലാവോസ്. പരമ്പരാഗത ലാവോസ് ഐസ് കോഫി പ്ലാസ്റ്റിക് കവറിലാണ് ഇവിടെ നല്‍കുക. നിരവധി കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച ലാവോസിന്റെ തിരിച്ചുവരവിന് വിനോദ സഞ്ചാരവും നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.
English Summary: unusual museum in Vientiane, Laos