ദുബായിൽ 13,000 അടി ഉയരത്തിൽ നിന്നുള്ള ചാട്ടം; സ്കൈഡൈവിങ് വിഡിയോ പങ്കിട്ട് കൃതി സനോൺ
Mail This Article
ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് നടി കൃതി സനോൺ. അടുത്തിടെ, സഹോദരി നൂപൂർ സനോണിനൊപ്പം ദുബായിലേക്ക് പറന്ന കൃതി, സ്കൈ ഡൈവിങ് ചെയ്യുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
പറക്കുമ്പോഴും പേടിയൊന്നുമില്ലാതെ വളരെ ശാന്തമാണ് കൃതിയുടെ മുഖം. ഇത്രയും ധൈര്യത്തോടെ ചാടുന്നതിന് ഒട്ടേറെ ആരാധകര്‍ കൃതിയുടെ കമന്റ് ബോക്സില്‍ വന്ന് അഭിനന്ദിച്ചിട്ടുണ്ട്.
പാം ജുമൈറയ്ക്ക് മുകളിലൂടെയാണ് കൃതി സ്കൈ ഡൈവ് ചെയ്യുന്നത്. ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററായ സ്കൈഡൈവ് ദുബായ് ആണ് ഇത് ഒരുക്കുന്നത്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതിനാല്‍ കേരളത്തില്‍ നിന്നടക്കം ഒട്ടേറെ സെലിബ്രിറ്റികള്‍ ഇവിടെ മുന്‍പും സ്കൈഡൈവിങ് ചെയ്തിട്ടുണ്ട്.
ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്‍റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ഇവിടെയുണ്ട്.
ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര. രജിസ്റ്റർ ചെയ്ത ശേഷം, എല്ലാ സുരക്ഷാ നടപടികളും സജ്ജീകരിച്ച്, മുഴുവൻ പ്രക്രിയയും വിശദീകരിച്ചുകഴിഞ്ഞാൽ, സഞ്ചാരികളെ 13,000 അടി ഉയരത്തിൽ ആകാശത്തേക്ക് കൊണ്ടുപോകും. ആദ്യത്തെ 60 സെക്കൻഡിൽ പാരച്യൂട്ടുമായി താഴേക്ക് ചാടും. ഏകദേശം 4-5 മിനിറ്റ് ആകാശത്തുകൂടി പറന്നുനടക്കാം.
ഔട്ട്ഡോർ സ്കൈ ഡൈവിംഗിനായി വലിയ തുക ചെലവഴിക്കാൻ ആഗ്രഹിക്കാത്തവർക്കും പേടിയുള്ളവര്‍ക്കും അനുയോജ്യമായ ഇൻഡോർ സ്കൈഡൈവിംഗും ദുബായില്‍ ഈയിടെ ട്രെന്‍ഡാണ്. ശക്തമായ ഫാനുകളുടെയും എയർ കണ്ടീഷണറുകളുടെയും സഹായത്തോടെയും ഫ്രീവിൽ സിമുലേഷനും അത്യാധുനിക സൗകര്യങ്ങളുമെല്ലാം ഉപയോഗിച്ചുമാണ് ഈ അനുഭവം ഒരുക്കുന്നത്. ഇന്‍ഫ്ലൈറ്റ് ദുബായ്, ഐഫ്ലൈ ദുബായ് എന്നിങ്ങനെയുള്ള കമ്പനികള്‍ ദുബായില്‍ ഈ അനുഭവം നല്‍കുന്നുണ്ട്.
English Summary: Kriti Sanon Shares Skydiving Video from Dubai