ADVERTISEMENT

ഇടയ്ക്കിടെ യാത്രകള്‍ പോകുന്ന പുതുമുഖ നടിമാരില്‍ ഒരാളാണ് ഗ്രേസ് ആന്‍റണി. യൂറോപ്പ് യാത്രയുടെ ധാരാളം ചിത്രങ്ങളും വിഡിയോകളും ഗ്രേസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.  സ്പെയിനിലെ പ്ലായ ഡി എൽ റിങ്കോൻസിലോ ബീച്ചില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ഗ്രേസ് നൃത്തം ചെയ്യുന്നത് കാണാം.

സ്പെയിനിലെ അൻഡാലുസിയയിലെ കാഡിസ് പ്രവിശ്യയിലാണ് ഈ ബീച്ച്. ആഴം കുറഞ്ഞ ഈ കടല്‍ഭാഗം സമുദ്രസാഹസിക വിനോദസഞ്ചാരികളുടെ പറുദീസയാണ്. നദീതടങ്ങളാലും കുന്നുകളാലും ചുറ്റപ്പെട്ടിരിക്കുന്ന ഒരു ഭാഗം കൂടിയുണ്ട് ഈ ബീച്ചിന്. അപൂര്‍വ്വങ്ങളായ ഒട്ടേറെ പക്ഷികള്‍ വസിക്കുന്ന പ്രകൃതിമനോഹരമായ പ്രദേശമാണിത്. സ്പെയിനിലെ തന്നെ താരിഫയില്‍ നിന്നും എടുത്ത ചിത്രങ്ങളുമുണ്ട്.

യൂറോപ്പിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ബീച്ച് നഗരമാണ് താരിഫ.  ഒന്നാം നൂറ്റാണ്ടിൽ റോമാക്കാർ സ്ഥാപിച്ചതാണ് ഇത്. വെങ്കലയുഗ ശ്മശാന സ്ഥലമായ അൽഗാർബെസ് സെമിത്തേരി പോലെയുള്ള പ്രധാനപ്പെട്ട പുരാവസ്തു അവശിഷ്ടങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 38 കിലോമീറ്റർ നീളുന്ന ബീച്ചുകളാണ് താരിഫയിലെ പ്രധാന കാഴ്ച. കൂടാതെ,  ലോസ് അൽകോർണോകേൽസ് നാച്ചുറൽ പാർക്ക്,  ബൊളോണിയ കോവ് എന്നിവയും ഇവിടുത്തെ വിനോദസഞ്ചാര ആകര്‍ഷണങ്ങളില്‍പ്പെടുന്നു.  കാഡിസ് പട്ടണത്തിന്‍റെ പുരാതനമായ കാഴ്ചകളും ഗ്രേസ് ഒപ്പിയെടുത്തിട്ടുണ്ട്. 

നൂറ്റാണ്ടുകൾ പഴക്കമുള്ള റോഡുകളും പാതകളും ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ കെട്ടിടങ്ങളും കാഡിസിന്‍റെ പ്രത്യേകതയാണ്. 18 ഉം 19 ഉം നൂറ്റാണ്ടുകളിലെ ഗംഭീരമായ നിയോക്ലാസിക്കൽ മാസ്റ്റർപീസാണ് ഇവിടെയുള്ള കത്തീഡ്രൽ ഓഫ് കാഡിസ്. കത്തീഡ്രലിന്‍റെ കിഴക്ക് ഭാഗികമായി കുഴിച്ചെടുത്ത ഒന്നാം നൂറ്റാണ്ടിലെ റോമൻ ആംഫി തിയേറ്ററിന്റെ അവശിഷ്ടങ്ങളാണ്. 17-ാം നൂറ്റാണ്ടിലെ നക്ഷത്രാകൃതിയിലുള്ള കോട്ടയായ കാസ്റ്റില്ലോ ഡി സാന്താ കാറ്റലീനയും 18-ാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ചാപ്പലുള്ള ഒറാറ്റോറിയോ ഡി ലാ സാന്താ ക്യൂവയുമെല്ലാം കാഡിസില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com