ADVERTISEMENT

അർബൻ സ്റ്റൈൽ ജീവിതം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവർക്കും ബഹളങ്ങളൊന്നുമില്ലാതെ പ്രകൃതിയോട് മിണ്ടിയും പറഞ്ഞും സ്വസ്ഥമായിരിക്കാനുള്ള സ്ഥലങ്ങളും അടുത്തടുത്ത് ലഭിക്കുന്ന രാജ്യമാണു ശ്രീലങ്ക. നല്ല ഭക്ഷണവും നൈറ്റ് ലൈഫും ഷോപ്പിങ്ങും ഒക്കെ ആസ്വദിക്കാനുള്ളതെല്ലാം ഇവിടുണ്ട്. മനോഹരമായ തേയിലത്തോട്ടങ്ങളിലൂടെയുള്ള യാത്രയും ജീവിതത്തിലെ മധുര ഓർമയായിരിക്കും. 

srilanka-travel-06
യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സിഗിരിയയുടെ വിദൂര ദൃശ്യം.

∙ പ്രകൃതിയുടെ പച്ചപ്പിനൊപ്പം ലങ്ക

നഗരത്തിന്റെ തിരക്കു വേണ്ടെന്നു തോന്നിയാൽ പച്ചപ്പുമായി ഒട്ടേറെ നല്ല കാഴ്ചകൾ കാത്തിരിക്കുന്നുണ്ട് ലങ്ക. കൊളംബോ വിമാനത്താവളത്തിൽ നിന്ന് 128 കിലോമീറ്റർ അപ്പുറത്താണ്, യുണെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ സിഗിരിയ. 180 മീറ്റർ ഉയരമുള്ള കൂറ്റൻ പാറയുടെ മുകളിലാണ് ഈ അൽഭുത കാഴ്ച. ദംബുള്ള നഗരത്തിനടുത്തുള്ള ഈ പുരാതന കോട്ട ഒരിക്കൽ ശ്രീലങ്കൻ രാജാവായ കശ്യപയുടെ തലസ്ഥാനമായിരുന്നു. 'മേഘങ്ങളിലെ കൊട്ടാരം' എന്നാണ് സിഗിരയയെ വിളിക്കുന്നത്. ഹോട്ട് എയർ ബലൂൺ യാത്രയ്ക്ക് അവസരം കിട്ടിയാൽ അതു സമ്മാനിക്കുന്ന ആകാശക്കാഴ്ച ജീവതത്തിലെ ഏറ്റവും മനോഹര അനുഭവങ്ങളിലൊന്നായിരിക്കുമെന്ന് ഉറപ്പ്. പിഡുരംഗല ഗുഹാക്ഷേത്രം, ദംബുള്ള ഗുഹാക്ഷേത്രം എന്നിവയും തൊട്ടടുത്തുണ്ട്. മിന്നേറിയ നാഷണൽ പാർക്കിലൂടെ ഒരു ജീപ്പ് സഫാരി നടത്തിയാൽ ഏഷ്യൻ ആനക്കൂട്ടങ്ങളെ കാണാം. സിഗിരിയ ഭാഗത്തേക്കു വന്നാൽ ഇവയെല്ലാം ഒന്നിച്ച് ആസ്വദിക്കാം. കടലിനോട് ചേർന്നു ശാന്തമായിരിക്കാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഇടമാണ് സിനമൺ ബെൻടോട്ട ബീച്ച് ഹോട്ടൽ. കടൽ കാഴ്ചകളിലേക്കു തുറക്കുന്ന മുറികളും വിശാലമായ ബീച്ചും കായൽ കാഴ്ചകളും കണ്ടൽക്കാടിന് ഉള്ളിലൂടെയുള്ള യാത്രകളുമാണ് ബെൻടോട്ടയിലുള്ളത്. ലോകപ്രശസ്ത ശ്രീലങ്കൻ ആർക്കിടെക്ട് ജെഫ്രി ബാവയുടെ അൽഭുത കലാസൃഷ്ടിയാണ് ഈ ഹോട്ടൽ. 

srilanka-travel-05
ബുദ്ധക്ഷേത്രമായ ഗംഗാരാമയ. ചിത്രം : ജെറിൻ ജോയ്

∙ കൊളോണിയൽ കാഴ്ച വസന്തം 

ശ്രീലങ്കയുടെ വടക്കൻ പ്രവിശ്യയിലെ ഒരു പുരാതന നഗരമായ അനുരാധപുരയാണു ചരിത്ര കഥകളേറെപ്പറയാനുള്ള മറ്റൊരു നഗരം. 1,300 വർഷത്തിലേറെ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന നഗരമാണിത്. പുരാതന തമിഴ് രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ജാഫ്ന ശ്രീലങ്കയുടെ വടക്കേ അറ്റത്തുള്ള തീരപ്രദേശമാണ്. തെങ്ങുകളും ഈന്തപ്പനകളും നിറഞ്ഞതാണ്. തമിഴ്, ശ്രീലങ്കൻ സംസ്‌കാരങ്ങളുടെയും പൈതൃകങ്ങളുടെയും സമന്വയം ഇവിടെ കാണാം. ശ്രീലങ്കയിൽ ഏറ്റവും കൂടുതൽ മുന്തിരി ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. മറക്കാതെ കാണേണ്ട പട്ടികയിലുള്ളതാണു ജാഫ്ന പബ്ലിക് ലൈബ്രറിയും ജാഫ്ന ആർക്കിയോളജിക്കൽ മ്യൂസിയവും.  പ്രശ്‌നങ്ങൾ നിറഞ്ഞ ഭൂതകാലമുണ്ടെങ്കിലും അതിപുരാതന ക്ഷേത്രങ്ങളും കൊളോണിയൽ വാസ്തുവിദ്യയും ഇപ്പോഴും നിറം മങ്ങാതെ നിൽക്കുന്ന ജാഫ്ന ഇപ്പോൾ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞു. കൊളോണിയൽ വാസ്തുവിദ്യ ഇഷ്ടപ്പെടുന്നവർക്കു തിരഞ്ഞെടുക്കാവുന്ന മറ്റൊരിടമാണ് "ലിറ്റിൽ ഇംഗ്ലണ്ട്" എന്നു വിളിപ്പേരുള്ള നുവാര എലിയ. 

കൊളോണിയൽ കാഴ്ച വസന്തം
ബുദ്ധക്ഷേത്രമായ ഗംഗാരാമയ. ചിത്രം : ജെറിൻ ജോയ്

∙ ഗ്രാമങ്ങളെ ചേർത്തു നിർത്തി

ഗ്രാമങ്ങളെയും അവിടെയുള്ള പ്രദേശവാസികളെയും ചേർത്തു നിർത്തിയുള്ള ടൂറിസം വികസനമാണു ശ്രീലങ്ക ഇപ്പോൾ ഉറപ്പാക്കുന്നത്. പ്രാദേശിക കലാകാരൻമാരും കൈത്തറി, കരകൗശല വിദഗ്ധർക്കും സൗജന്യമായി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ അവരുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽപ്പന നടത്താനും അവസരം നൽകുന്നുണ്ട്. ലഭിക്കുന്ന വരുമാനം പൂർണമായും ഇവർക്കു തന്നെയുള്ളതുമാണ്. ഇതിനൊപ്പം വില്ലേജ് ടൂറിസത്തിന്റെ ഭാഗമായി തനതു ശ്രീലങ്കൻ വിഭവങ്ങൾ തയാറാക്കാനും വിവിധ ഗ്രാമങ്ങളിൽ നിന്നുള്ളവരെ ഹോട്ടലുകളിൽ നിയോഗിച്ചിട്ടുണ്ട്. സിനമൺ ഗ്രൂപ്പിന്റെ ഹോട്ടലിലെ ജീവനക്കാരിൽ 77 ശതമാനം പേരും പ്രദേശവാസികളാണെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്. ഹബറാനയിലെ സിനമൺ വില്ലേജ് ഹോട്ടൽ ഇതിനൊരു ഉത്തമ ഉദാഹരണമാണ്. സ്കൂൾ വിദ്യാർഥികൾക്കു പോഷക സമൃദ്ധമായ ഭക്ഷണം തയാറാക്കാൻ വേണ്ട സംവിധാനങ്ങളൊരുക്കിയും സിനമൺ ഗ്രാമങ്ങളെ ചേർത്തു നിർത്തുന്നു. സമൃദ്ധമായ തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകൾ, മനോഹരമായ ഗ്രാമങ്ങൾ എന്നിവയുടെ അതിമനോഹരമായ കാഴ്ചകൾക്ക് പേരുകേട്ട കാൻഡി മുതൽ എല്ല വരെയുള്ള ട്രെയിൻ യാത്ര ലങ്കയുടെ ഗ്രാമങ്ങളെ തൊട്ടറിയാനുള്ള മറ്റൊരു അവസരമാണ്.  

കൊളോണിയൽ കാഴ്ച വസന്തം
റെഡ് മോസ്ക് എന്നറിയപ്പെടുന്ന ജാമി ഉൽ-അൽഫർ മസ്ജിദ്
കൊളോണിയൽ കാഴ്ച വസന്തം
സെന്റ് ആന്റണീസ് ദേവാലയം

∙ ലങ്കയിൽ വിശന്നിരിക്കല്ലേ

കേരളത്തിന്റെ സ്വന്തം പാലപ്പം, ഇടിയപ്പം അഥവാ നൂൽപ്പുട്ട് ഉൾപ്പെടെയുള്ളവ പല നിറങ്ങളിൽ കൂടുതൽ ചന്തം ചാർത്തി തയാറാക്കി നൽകുന്നതിൽ ശ്രീലങ്കൻ ഷെഫുമാർ മിടുക്കരാണ്. കടൽ വിഭവങ്ങളാണ് ലങ്കയുടെ ഹൈലൈറ്റ്. ചെറു മീനുകൾ മുതൽ ഞണ്ടും കൊഞ്ചും അടക്കം തനതു രുചിയിൽ ഇവിടെ ലഭിക്കും. സിലോൺ പൊറോട്ടയാണ് മറ്റൊരു ഹിറ്റ് വിഭവം. വഴിയോരങ്ങളിൽപ്പോലും സുലഭമായി ഇത്തരം വിഭവങ്ങൾ ലഭിക്കും. ചിക്കൻ, ബീഫ്, പോർക്ക് എന്നിവയുടെ വ്യത്യസ്ത വിഭവങ്ങളും നോൺ വെജ് പ്രിയർക്ക് ആസ്വദിക്കാം. നമുക്കു പരിചിതമായ പല വിഭവങ്ങളും മറ്റൊരു പേരിൽ, വ്യത്യസ്ത രുചിയിലൊരുക്കുകയാണ് ലങ്കൻ പാചക വിദഗ്ധർ.

srilanka-travel-13
കടൽ വിഭവങ്ങൾ തയാറാക്കാൻ വച്ചിരിക്കുന്നു.
ശ്രീലങ്കൻ വിഭവമായ ‘അലുവ’യും ‘ജിലേബി’യായ പണി വലലുവും.
ശ്രീലങ്കൻ വിഭവമായ ‘അലുവ’യും ‘ജിലേബി’യായ പണി വലലുവും.

സിനിമൺ ഹബറാന വില്ലേജിൽ തനി നാടൻ ലങ്കൻ വിഭവങ്ങൾ പരമ്പരാഗത രീതിയിൽ തന്നെ ആസ്വദിക്കാൻ ‘സീലമ’ എന്നൊരു കുടിൽ വീടും ഒരുക്കിയിട്ടുണ്ട്. വെജ് വിഭവങ്ങൾ മാത്രം കഴിക്കുന്നവരും ലങ്കയിലെത്തിയാൽ ഒരിക്കലും നിരാശപ്പെടേണ്ടി വരില്ല. ശ്രീലങ്കൻ വിഭവങ്ങൾ സഞ്ചാരികൾക്കു മുന്നിൽ തയാറാക്കി നൽകും. ഇനി നമുക്കു പാചകം പരീക്ഷിക്കണമെങ്കിൽ അതുമാകാം. സുഗന്ധവ്യഞ്ജനങ്ങൾ പ്രത്യേകിച്ച് ഗുണമേൻമയുള്ള കറുവാപ്പട്ട ശ്രീലങ്കയിലുണ്ട്. ഇതിനൊപ്പം തനതു സിലോൺ ചായപ്പൊടികളും വാങ്ങാൻ മറക്കരുത്. ഒരു ഇന്ത്യൻ രൂപയ്ക്ക് ശ്രീലങ്കയിലെ ഏതാണ്ട് 4 രൂപയുടെ മൂല്യമുള്ളതിനാൽ ഷോപ്പിങ്, ഭക്ഷണം എന്നിവ കൂടുതൽ മൂല്യത്തോടെ ആസ്വദിക്കാം. 

∙ കൊളംബോ മനോഹരി

ജനസംഖ്യ അനുസരിച്ച് ലങ്കയിലെ ഏറ്റവും വലിയ നഗരവും തലസ്ഥാനവുമായ കൊളംബോയിൽ ഓരോ സഞ്ചാരിയും പര്യവേക്ഷണം ചെയ്യേണ്ട ചരിത്രവും സംസ്കാരവും ഇഴചേർന്നു കിടക്കുന്ന മനോഹര കാഴ്ച കാണാം. ഈ നഗരത്തിന്റെ വാസ്തുവിദ്യയിലും രൂപകൽപ്പനയിലും ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് പൈതൃകത്തിന്റെ ശേഷിപ്പുകൾ കാണാം. ബുദ്ധ ക്ഷേത്രങ്ങൾ, തിരക്കേറിയ മാർക്കറ്റുകൾ, പുരാതന ക്ഷേത്രങ്ങൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, പ്രാദേശിക ഭക്ഷണശാലകൾ എന്നിവയാൽ ചെറു യൂറോപ്യൻ പട്ടണത്തിന്റെ രൂപത്തിലേക്കാണ് കൊളംബോ മാറുന്നത്. ഡച്ച് മ്യൂസിയത്തിലും ഇൻഡിപെൻഡൻസ് സ്‌ക്വയറിലും ശ്രീലങ്കയുടെ കൊളോണിയൽ ഭൂതകാലം കാണാം. കൊളംബോ നാഷണൽ മ്യൂസിയമാകട്ടെ ഈ ദ്വീപ് രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പറഞ്ഞു തരും. മതപരമായ വൈവിധ്യവുമാണു മറ്റൊരു പ്രത്യേകത. റെഡ് മോസ്ക് എന്നറിയപ്പെടുന്ന ജാമി ഉൽ-അൽഫർ മസ്ജിദ്, ബുദ്ധക്ഷേത്രമായ ഗംഗാരാമയ ക്ഷേത്രം, ശ്രീ മണിക വിനായഗർ കോവിൽ എന്ന ഹൈന്ദവ ക്ഷേത്രം, ഈസ്റ്റർ ദിനത്തിൽ ആക്രണം നടന്ന് മുറിവേറ്റ സെന്റ് ആന്റണീസ് ദേവാലയം എന്നിവയെല്ലാം അടുത്തടുത്തുണ്ട്.  അർബൻ പാർക്ക്, ഗാലി ഫേസ് ഗ്രീൻ എന്നിവ വഴി വെറുതേ നടക്കാം. സൂര്യാസ്തമയ സമയത്ത് പ്രൊമെനേഡ് ബീച്ച് സുന്ദരമാണ്. ബെയ്‌റ തടാകത്തിൽ മനോഹരമായ ബോട്ട് സവാരി നടത്താം. അല്ലെങ്കിൽ കൊളംബോയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പാർക്കായ വിഹാരമഹാദേവി പാർക്കിലേക്കു പോകാം. നഗരം വിടുന്നതിന് മുമ്പ്, കൊളംബോയുടെ വിശാലമായ കാഴ്ചകൾ ശ്രീലങ്കയിലെ ഏറ്റവും ഉയരമുള്ള കൊളംബോ ലോട്ടസ് ടവറിൽ 350 അടി ഉയരത്തിൽ നിന്നു കാണാനും മറക്കരുത്. കൊളംബോയിൽ താമസത്തിന് ഏറ്റവും മികച്ച സൗകര്യങ്ങളാണ് സിനമൺ ഗ്രൂപ്പിന്റെ ഹോട്ടലുകളിലുള്ളത്. സിനമൺ ഗ്രാൻഡ്, ലേക്ക് സൈഡ്, റെഡ് എന്നിങ്ങനെ വിവിധ ബജറ്റുകളിലുള്ള ഹോട്ടലുകൾ സുരക്ഷിതവും സുഖകരവുമായ താമസവും മികച്ച ഭക്ഷണവും ആഗ്രഹിക്കുന്നവർക്കു തിരഞ്ഞെടുക്കാം. ഹോട്ടലിനോടു വളരെ അടുത്താണ് മുൻപു പറഞ്ഞ മനോഹര കാഴ്ചകൾ. 

English Summary:

Each place, and each smile in Sri Lanka has a story to tell.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com