മെക്സിക്കോയിലെ പുരാതന പിരമിഡിനു മുന്നില്‍നിന്നും മോഹന്‍ലാല്‍
Mail This Article
രണ്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന പുരാതന മെക്സിക്കന്‍ പിരമിഡിന് മുന്നില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് മോഹന്‍ലാല്‍. മെറൂണ്‍ നിറമുള്ള ഷര്‍ട്ടും കൂളിങ് ഗ്ലാസുമണിഞ്ഞ്, പിരമിഡിന് മുന്നില്‍ നില്‍ക്കുന്ന താരത്തെ ചിത്രത്തില്‍ കാണാം. മെക്സിക്കോയിലെ പുരാതന നഗരമായ തിയോതിഹുവാക്കാനിലെ ഏറ്റവും വലിയ പിരമിഡായ 'പിരമിഡ് ഓഫ് സണ്‍' അഥവാ സൂര്യന്‍റെ പിരമിഡാണ് ചിത്രത്തില്‍ കാണുന്നത്. മെക്സിക്കോയിലെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പുരാവസ്തു സൈറ്റുകളിൽ ഒന്നാണിത്.
പ്രശസ്തമായ 'ചന്ദ്രന്‍റെ പിരമിഡി'നും സിയുഡഡെലയ്ക്കും ഇടയിലായി, സെറോ ഗോർഡോ പർവതച്ചെരിവിലാണ് ഈ പിരമിഡ് സ്ഥിതിചെയ്യുന്നത്. എഡി 200 ൽ നിർമിച്ചതായി കരുതപ്പെടുന്നു, ലോകത്തിലെ മൂന്നാമത്തെ വലിയ പിരമിഡ് കൂടിയാണ്. ഭൂനിരപ്പിൽ നിന്നും 216 അടി ഉയരത്തിലാണ് ഇതിന്‍റെ ഏറ്റവും ഉയര്‍ന്ന വശം ഉള്ളത്. പിരമിഡിന്റെ പടിഞ്ഞാറു ഭാഗത്ത്, ഏറ്റവും മുകളിലേക്കു നയിക്കുന്ന 248 പടികൾ ഉണ്ട്.
ആസ്‌ടെക് ജനതയുടെ നീണ്ടകാലത്തെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പിരമിഡ്, ഇന്നു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. അവന്യൂ ഓഫ് ദ ഡെഡ് എന്നറിയപ്പെടുന്ന റോഡ്, തിയോതിഹുവാക്കാനിലെ മറ്റു പ്രധാന ഭാഗങ്ങളുമായി പിരമിഡിനെ ബന്ധിപ്പിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലും തിയോതിഹുവാക്കാൻ നഗരത്തിന്‍റെ മധ്യഭാഗത്തുമായി സ്ഥിതി ചെയ്യുന്ന പ്രധാന റോഡിനെയാണ് ആസ്ടെക്കുകൾ "അവന്യൂ ഓഫ് ദ ഡെഡ്" എന്ന് വിളിച്ചിരുന്നത്. വശങ്ങളിലുള്ള കുന്നുകള്‍ ശവകുടീരങ്ങള്‍ പോലെ കാണപ്പെട്ടിരുന്നതിനാലാണ് ഇങ്ങനെയൊരു പേര്.
എന്തിനാണ് ഇങ്ങനെയൊരു പിരമിഡ് നിര്‍മ്മിച്ചത് എന്നതിനെക്കുറിച്ച് ഗവേഷകര്‍ക്ക് കാര്യമായ അറിവൊന്നുമില്ല. രണ്ട് ഘട്ടങ്ങളിലായാണ് ഇത് നിർമ്മിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്നും ചുണ്ണാമ്പുകല്ല് ശേഖരിച്ചു. തിളങ്ങുന്ന നിറങ്ങള്‍ ഉപയോഗിച്ച് അവര്‍ വരച്ച ചുവർചിത്രങ്ങൾ ഇന്നുമുണ്ട്. പിരമിഡിനുള്ളിൽ ഒബ്‌സിഡിയൻ അമ്പടയാളങ്ങളും മനുഷ്യ പ്രതിമകളും കണ്ടെത്തി. കൂടാതെ, പിരമിഡിന് കീഴിൽ ഒട്ടേറെ ഗുഹകളും തുരങ്കങ്ങളും കണ്ടെത്തിയിട്ടുണ്ട്.
പിരമിഡിനു മുകളിൽ മുകളിൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് പുരാവസ്തു ഗവേഷകർ വിശ്വസിക്കുന്നു. അതിനാൽ, ഏതെങ്കിലും ദേവതയെ ആരാധിക്കാന്‍ നിര്‍മിച്ചതായിരിക്കാം പിരമിഡ് എന്ന് അവര്‍ കരുതുന്നു. പിരമിഡിന് കീഴെയായി രണ്ട് തൂണുകള്‍ പോലെയുള്ള ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു, മെസോഅമേരിക്കൻ നാഗരികതകളിലെ ദേവാലയങ്ങളിൽ കാണപ്പെടുന്ന ഹ്യൂഹ്യൂറ്റിയോട്ടൽ ദേവന് വേണ്ടിയുള്ളതാണ് ഇത്തരം പ്രത്യേക തൂണുകള്‍.
കൂടാതെ, പിരമിഡിന്റെ മൂലകളിൽ നടത്തിയ ഖനനത്തിൽ കുട്ടികളുടെ ശ്മശാനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ ശ്മശാനങ്ങൾ പിരമിഡ് നിർമ്മാണത്തിനായി ബലി കഴിച്ച കുട്ടികളുടെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ ഉപയോഗിച്ചിരുന്നതായിരിക്കാം അവ എന്ന് ഗവേഷകര്‍ അനുമാനിക്കുന്നു.
മെക്സിക്കോ നഗരത്തിൽ നിന്ന് ഏകദേശം 1.5 മണിക്കൂർ ഡ്രൈവ് ചെയ്‌താല്‍ പിരമിഡിലെത്താം. പല ടൂര്‍ കമ്പനികളും മെക്സിക്കോ സിറ്റിയിൽ നിന്നു തിയോതിഹുവാക്കാനിലേക്ക് ഒരു ദിവസത്തെ യാത്രകൾ ഒരുക്കുന്നു. ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും. സൈറ്റിലേക്ക് അഞ്ച് പ്രവേശന കവാടങ്ങളുണ്ട്. മുതിര്‍ന്നവര്‍ക്കു പ്രവേശന ഫീസുണ്ട്. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്. മാര്‍ച്ച് മുതല്‍ മേയ് വരെയാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.