ജീവിക്കുക, ഈ നിമിഷമാണ് പ്രധാനം; അബുദാബിയിൽ പിറന്നാൾ ആഘോഷിച്ച് രശ്മിക
Mail This Article
പിറന്നാള്‍ ആഘോഷത്തിനായി ഇക്കുറി യുഎഇ ലേക്കാണ് രശ്മിക മന്ദാന പറന്നത്. അബുദാബിക്കടുത്തുള്ള അനന്തര ബാനി യാസ് റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ രശ്മിക പങ്കുവച്ചു. ഒപ്പം വളരെ വിശദമായ ഒരു കുറിപ്പുമുണ്ട്.
രശ്മികയുടെ കുറിപ്പ് വായിക്കാം
"അവസാനത്തെ ദിനമെന്ന പോലെ എല്ലാ ദിവസവും ജീവിക്കുക! വിരസമായ ഉദ്ധരണികളിൽ ഒന്നാണിതെന്ന് എനിക്കറിയാം. നമുക്കെല്ലാവർക്കും അടയ്‌ക്കാന്‍ ബില്ലുകളുണ്ട്, ബഹുമാനം നേടാനും ലക്ഷ്യങ്ങളും സ്വപ്നങ്ങളും നേടാനും കഠിനാധ്വാനം ചെയ്യാനും കഠിനമായി പഠിക്കാനും സമയപരിധിക്കു മുമ്പ് അസൈൻമെൻ്റുകൾ സമർപ്പിക്കാനും വിജയകരമായ കരിയർ നേടാനുമെല്ലാം ഉണ്ട്... ക്ലാസ്സിലെ ഒന്നാമൻ ആവുക, അല്ലെങ്കിൽ ധനികനായ വ്യക്തിയാകുക, കാർ വാങ്ങുക, വീട് വാങ്ങുക, ഇഷ്ടമുള്ള കോളജിൽ സീറ്റ് നേടുക, സ്കോളർഷിപ്പുകള്‍ നേടുക എന്നിങ്ങനെ ഒട്ടേറെ ലക്ഷ്യങ്ങള്‍ എല്ലാവര്‍ക്കും കാണും. ഇതെല്ലാം നേടാനുള്ള ശ്രമത്തിനിടയിൽ ഏറ്റവും പ്രധാനപ്പെട്ടത് ചെയ്യാൻ നമ്മൾ മറക്കുന്നു, ഓരോ നിമിഷവും ജീവിക്കാന്‍...
ഇപ്പോൾ വളരെ കഠിനാധ്വാനം ചെയ്തു നമുക്ക് ആവശ്യമുള്ളതു നേടണമെന്നു നമ്മള്‍ കരുതുമ്പോള്‍, പലപ്പോഴും നമ്മുടെ സന്തോഷങ്ങൾ രണ്ടാമതായിപ്പോകുന്നു. എന്നാൽ ലക്ഷ്യങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് അറിയുക. നമ്മള്‍ എപ്പോഴും കൂടുതൽ ആഗ്രഹിച്ചുകൊണ്ടിരിക്കും. അതാണ് മനുഷ്യർ...
അത് പ്രധാനമാണ്... നേട്ടങ്ങളും ലക്ഷ്യങ്ങളും സ്വപ്നങ്ങളും സമ്പത്തുമെല്ലാം പ്രധാനമാണ്... എന്നാൽ ഈ നിമിഷത്തില്‍ ജീവിക്കുക എന്നത് അതിനെക്കാള്‍ പ്രധാനമാണ്..."
ബനിയാസ് ദ്വീപ്; വന്യജീവികള്‍ക്കിടയിലെ ആഡംബര ജീവിതം
അബുദാബിയുടെ തീരത്ത് ഹിസ് ഹൈനസ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ സ്ഥാപിച്ച ഒരു സംരക്ഷിത റിസർവാണ് സർ ബനി യാസ് ദ്വീപ്. വംശനാശം സംഭവിച്ച അറേബ്യൻ ഓറിക്‌സ് ഉൾപ്പെടെയുള്ള വന്യജീവികള്‍, സ്വതന്ത്രമായി വിഹരിക്കുന്ന ഈ ദീപിലെ, പ്രകൃതിദത്തമായ പുൽമേടുകളിൽ സ്ഥിതിചെയ്യുന്ന അനന്തര ബാനി യാസ് റിസോര്‍ട്ട് സഞ്ചാരികള്‍ക്കിടയില്‍ വളരെ ജനപ്രിയമാണ്. ഡെസേർട്ട് ഐലൻഡ്‌സ് , അൽ യാം എന്നിങ്ങനെ രണ്ടു റിസോര്‍ട്ടുകള്‍ കൂടി ഈ പരിസരത്തുണ്ട്.
ആഫ്രിക്കന്‍ രീതിയിലുള്ള അലങ്കാരങ്ങള്‍ നിറഞ്ഞ എയർകണ്ടീഷൻ ചെയ്ത വില്ലകളാണ് ഇവിടെ ഉള്ളത്. സൈക്ലിങ്, ടെന്നീസ് കോര്‍ട്ട്, കുതിര സവാരി, കയാക്കിങ്, ഹൈക്കിങ്, സ്നോർക്കെലിങ് എന്നിവയുൾപ്പെടെ നിരവധി വിനോദങ്ങളും ഇവിടുത്തെ താമസക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്പായും വെൽനസ് സെൻ്റർ, ഫിറ്റ്നസ് സെന്റർ, റസ്റ്ററന്റ്, ഔട്ട്‌ഡോര്‍ സ്പാ മുതലായ സൗകര്യങ്ങളും ഉണ്ട്.
സഫാരി ശൈലിയിലുള്ള 30 വില്ലകളില്‍ നിന്നും ഒറ്റമുറി വില്ല, പൂളോടു കൂടിയ രണ്ട് കിടപ്പുമുറി വില്ല, ഒരു കിടപ്പുമുറി വില്ല - എല്ലാം ഉൾക്കൊള്ളുന്ന പാക്കേജ്, പൂൾ ഉള്ള ഒരു കിടപ്പുമുറി വില്ല - എല്ലാം ഉൾക്കൊള്ളുന്ന പാക്കേജ്. വിവിധ തരം മുറികള്‍ തിരഞ്ഞെടുക്കാം. രണ്ടുപേര്‍ക്കുള്ള പാക്കേജിന് 25,000 നു മുകളിലേക്കാണ് നിരക്ക്.
അടുത്തുള്ള ജബൽ ധന്ന ജെട്ടിയിൽ നിന്ന് സർ ബാനി യാസ് ദ്വീപിലേക്ക് ബോട്ട് വഴിയാണ് എത്തിച്ചേരുന്നത്.