ADVERTISEMENT

ജപ്പാന്‍ യാത്രയുടെ ചിത്രങ്ങളുമായി അവതാരക രഞ്ജിനി ഹരിദാസ്‌. ജപ്പാനിലെ ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ ഇടങ്ങളിലൂടെ രഞ്ജിനി യാത്ര ചെയ്തു. ഇതിന്‍റെയെല്ലാം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

പാലത്തിനു മുകളിലെ ഓടുന്ന മനുഷ്യന്‍

ഒസാക്കയിലെ ഏറ്റവും അറിയപ്പെടുന്ന ലാൻഡ്‌മാർക്കുകളിൽ ഒന്നാണ് ഗ്ലിക്കോ റണ്ണിംഗ് മാൻ. 80 വർഷത്തിലേറെയായി ഒസാക്കയിലെ പ്രീമിയർ ഷോപ്പിംഗ് ആൻഡ് എന്റർടെയ്ൻമെന്റ് ഡിസ്ട്രിക്റ്റിലെ ഡോട്ടോംബോറി കനാലിനു മുകളിൽ ഈ കൂറ്റൻ ബിൽബോർഡ് ഉണ്ട്. ഏഷ്യയിലെ ഏറ്റവും പ്രശസ്തമായ മിഠായി നിർമാണ കമ്പനികളിലൊന്നിന്റെ നിർമാതാക്കളാണ് ഗ്ലിക്കോ. ജപ്പാനിലും വിദേശത്തും വളരെ പ്രചാരമുള്ള മിഠായി പൂശിയ പ്രെറ്റ്‌സൽ സ്റ്റിക്കുകളായ പോക്കിയാണ് ഗ്ലിക്കോയുടെ ഏറ്റവും ജനപ്രിയമായ ഉൽപ്പന്നം.  പ്രെറ്റ്സ്, കാപ്ലിക്കോ, ബിസ്കോ, കരുജാഗ തുടങ്ങിയവയും ഇവരുടെ മിഠായികളാണ്.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

മുത്തുച്ചിപ്പികളിൽ നിന്നുള്ള ഗ്ലൈക്കോജൻ ചേര്‍ത്താണ്, 1922-ൽ കമ്പനി സ്ഥാപകനായ റി-ഇച്ചി എസാകി ആദ്യത്തെ മിഠായി ഉണ്ടാക്കിയത്.  ഓരോ മിഠായിയും 300 മീറ്റർ ഓടാനുള്ള ഊർജം നൽകുമെന്നു പറയപ്പെടുന്നു. അങ്ങനെയാണ് ഓടുന്ന മനുഷ്യനെ കമ്പനികളുടെ ചിഹ്നമായും ലോഗോയായും ഉപയോഗിക്കാന്‍ തുടങ്ങിയത്.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

ഇത്സുകുഷീമ ക്ഷേത്രത്തിലെ ടോറി ഗേറ്റ്

ജപ്പാനിലെ ഹിരോഷിമ പ്രവിശ്യയിലുള്ള ഇത്സുകുഷീമ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു ഷിന്റോ ക്ഷേത്രമാണ് ഇത്സുകുഷീമ ക്ഷേത്രം. ഷിന്റോ മതവിശ്വാസപ്രകാരം, സമുദ്രത്തിന്‍റെയും കൊടുങ്കാറ്റിന്‍റെയും ദേവനായ സുസ്സാനൊ മിക്കൊത്തൊയുടെ മൂന്ന് പുത്രിമാരും സൂര്യദേവതയായ സഹോദരനുമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആരാധനാമൂർത്തികൾ.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

ഒരു യുനെസ്കൊ ലോകപൈതൃക കേന്ദ്രം കൂടിയാണ് ഇവിടം. ഒഴുകുന്ന ടോറി ഗേറ്റ് ആണ് ഇവിടെ ഏറ്റവും പ്രസിദ്ധമായ കാഴ്ച. പരമ്പരാഗത ശൈലിയിൽ പണിതീർത്ത കവാടങ്ങളാണ് റ്റോറി(Torii) എന്നറിയപ്പെടുന്നത്. കൂടാതെ, ഇവിടുത്തെ ഒട്ടേറെ നിര്‍മ്മിതികള്‍ ജപ്പാന്‍റെ ദേശീയനിധികളായി കണക്കാക്കപ്പെടുന്നു.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

ഉൾക്കടലിൽ തൂണുകൾ ആഴ്ത്തിവച്ച് അതിന്മേലാണ് ക്ഷേത്രം പണിതീർത്തിരിക്കുന്നത്. അതിനാൽ തന്നെ ഇത് ജലപ്പരപ്പിൽ ഒഴുകുന്നതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുന്നു. ഇവിടത്തെ റ്റോറി ഗേറ്റ് വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകർഷണമാണ്. 1875 ലാണ് ഈ കവാടം പണിതീർത്തത്. ഏകദേശം 16 മീറ്റര്‍ ഉയരത്തില്‍,  കർപ്പൂര മരത്തിന്‍റെ തടിയില്‍ തീര്‍ത്ത ഈ കവാടം വേലിയേറ്റ സമയത്ത് വെള്ളത്താൽ ചുറ്റപ്പെടുന്നു. ഈ സമയത്ത് ഈ കവാടം ജലത്തിൽ പൊങ്ങികിടക്കുന്നപോലെയാണ് കാണപ്പെടുന്നത്. വേലിയിറക്ക സമയത്ത് വെള്ളം പൂർണമായും വലിയും, അപ്പോള്‍  കവാടത്തിന്‍റെ അടിത്തട്ട് വരെ കാൽനടയായി ചെന്നെത്താൻ കഴിയും.

ഒസാക്ക കാസിൽ

ജപ്പാനിലെ ഒസാക്കയിലെ ചൗ-കുവിലുള്ള ഒരു ജാപ്പനീസ് കോട്ടയാണ് ഒസാക്ക കാസിൽ. ജപ്പാനിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്‌മാർക്കുകളിൽ ഒന്നായ ഇത്, അസൂച്ചി-മോമോയാമ കാലഘട്ടത്തിൽ ജപ്പാന്‍റെ ഏകീകരണത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

ഏകദേശം ഒരു ചതുരശ്ര കിലോമീറ്റർ പ്രദേശത്താണ് കാസിലിന്‍റെ പ്രധാന ഗോപുരം സ്ഥിതിചെയ്യുന്നത്. പ്രധാന ഗോപുരത്തിന് ചുറ്റും കിടങ്ങുകളും പ്രതിരോധ കോട്ടകളും ഉണ്ട്. സെൻട്രൽ കാസില്‍ കെട്ടിടത്തിന്, പുറത്ത് അഞ്ച് നിലകളും അകത്ത് എട്ട് നിലകളുമുണ്ട്.

ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക്

ജപ്പാനിലെ ഹിരോഷിമയിലാണ് ഹിരോഷിമാ ശാന്തിസ്മാരക ഉദ്യാനം അഥവാ ഹിരോഷിമാ പീസ് മെമ്മോറിയൽ പാർക്ക് സ്ഥിതിചെയ്യുന്നത്. ഹിരോഷിമയിൽ ആദ്യമായി അണുബോംബ് പ്രയോഗിച്ചതിനെത്തുടർന്ന് മരണമടഞ്ഞ 1,40,000 ത്തോളം ആളുകളുടെ ഓർമയ്ക്കായാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്. ആണവായുധങ്ങൾ സൃഷ്ടിക്കുന്ന ഭീകരാന്തരീക്ഷത്തെ ഓർമ്മിപ്പിക്കുന്ന ഈ ഉദ്യാനം സമാധാനത്തിന്‍റെ പ്രതീകമായി നിലകൊള്ളുന്നു. 

അണുബോംബ് വീണ അതേ സ്ഥലത്തു തന്നെയാണ് ഉദ്യാനം നിർമ്മിച്ചിരിക്കുന്നത്. ഏറെ വർഷങ്ങൾക്കു മുമ്പ് അനേകം വ്യാപാര കേന്ദ്രങ്ങളും ജനവാസ കേന്ദ്രങ്ങളും ഉണ്ടായിരുന്ന ഈ പ്രദേശം അണുവിസ്ഫോടനത്തെ തുടർന്നു തരിശു നിലമായി മാറി. ജാപ്പനീസ് വാസ്തുശില്പിയായ കെൻസോ ടാംഗെയാണ് ഉദ്യാനം രൂപകല്പന ചെയ്തത്. സമാധാന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന നിരവധി സ്മാരകങ്ങളും മ്യൂസിയങ്ങളും പഠനകേന്ദ്രങ്ങളുമാണ് ഇവിടെയുള്ളത്. വർഷം തോറും ലക്ഷക്കണക്കിനാളുകൾ ഉദ്യാനം സന്ദർശിക്കാനെത്തുന്നു. എല്ലാ വർഷവും ഓഗസ്റ്റ് 6 ന് ഹിരോഷിമാ ദിനത്തിൽ ഇവിടെ ചില പ്രത്യേക പരിപാടികൾ നടക്കാറുണ്ട്.

കിങ്കാകു ജി ക്ഷേത്രം

ജപ്പാനിലെ ക്യോട്ടോയിലുള്ള ഒരു സെൻ ബുദ്ധ ക്ഷേത്രമാണ് കിങ്കാകു ജി അഥവാ റോക്കുൺ ജി. ക്യോട്ടോയിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നാണിത്. വര്‍ഷംതോറും ലക്ഷക്കണക്കിന്‌ ആളുകള്‍ സന്ദര്‍ശിക്കുന്ന ഈയിടം, ഒരു ദേശീയ ചരിത്ര സൈറ്റാണ്.

പതിനാലാം നൂറ്റാണ്ടിലാണ് ഈ കെട്ടിടം ആദ്യമായി നിര്‍മ്മിച്ചത്. പിന്നീട് ഒട്ടേറെ തവണ പുനര്‍നിര്‍മ്മിച്ചു. 1955-ൽ പുനർനിർമിച്ചതാണ് ഇപ്പോഴത്തെ ഘടന. പവലിയന് മൂന്ന് നിലകളും 12.5 മീറ്റർ ഉയരവുമുണ്ട്. പുനർനിർമാണം ഒറിജിനലിന്റെ തനി പകർപ്പാണെന്നു പറയപ്പെടുന്നു. ശുദ്ധമായ സ്വർണ ഇലകൾ കൊണ്ടു പൊതിഞ്ഞതാണ് ഏറ്റവും മുകളിലെ രണ്ടു നിലകള്‍. കിങ്കാകുവിന്റെ ഓരോ നിലയും വ്യത്യസ്തമായ വാസ്തുവിദ്യാ ശൈലിയാണ് ഉപയോഗിക്കുന്നത്. ഷിൻഡെൻ, സമുറായി, സെൻ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത വാസ്തുവിദ്യാ ശൈലികൾ ഇതിന്‍റെ നിര്‍മാണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.

ജിങ്കാകു ജി ക്ഷേത്രം

ടെമ്പിൾ ഓഫ് സിൽവർ പവലിയൻ എന്നറിയപ്പെടുന്ന ജിങ്കാകു ജി ക്ഷേത്രം, ജപ്പാനിലെ ക്യോട്ടോയിലെ സാക്യോ വാർഡിലുള്ള ഒരു സെൻ ക്ഷേത്രമാണ്. മുറോമാച്ചി കാലഘട്ടത്തിലെ ഹിഗാഷിയാമ സംസ്കാരത്തെ പ്രതിനിധീകരിക്കുന്ന നിർമ്മിതികളിൽ ഒന്നാണിത്.

രണ്ട് നിലകളുള്ള കണ്ണോൺ-ഡെൻ ആണ് ക്ഷേത്രത്തിന്റെ പ്രധാന ഘടന. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് ആദ്യമായി നിര്‍മ്മിക്കപ്പെട്ടത്. പൂന്തോട്ടവും ക്ഷേത്ര സമുച്ചയവും ഇപ്പോള്‍ പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്നു.

English Summary:

Ranjini Haridas' Enchanting Journey Through Japan: From Osaka’s Running Man to the Floating Torii Gate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com