ADVERTISEMENT

യാത്രകൾ സമ്മാനിക്കുന്ന ആനന്ദത്തെ കുറിച്ച് ചോദിച്ചാൽ വാതോരാതെ മറുപടി നൽകാൻ കഴിയും അഹാന കൃഷ്ണയ്ക്ക്. പുതുദേശങ്ങളും പുതിയ കാഴ്ചകളും അനുഭവങ്ങളുമൊക്കെ ആസ്വദിക്കുന്നതിലും അതെല്ലാം തന്റെ സുഹൃത്തുക്കൾക്കും ആരാധകർക്കുമായി പങ്കുവയ്ക്കുന്നതിലും മുന്നിൽ തന്നെയാണ് താരസുന്ദരി. അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം മലേഷ്യൻ യാത്ര കഴിഞ്ഞു വന്ന അഹാനയുടെ അടുത്ത യാത്ര  സുഹൃത്തുക്കൾക്കൊപ്പമായിരുന്നു. പോണ്ടിച്ചേരിയുടെ സൗന്ദര്യമാസ്വദിക്കുക എന്നതായിരുന്നു ലക്‌ഷ്യം. യാത്രയിലെ സുന്ദര നിമിഷങ്ങൾ കോർത്തിണക്കിയ നിരവധി ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ''പോണ്ടി വിത് മൈ ക്യൂട്ടീസ്'' എന്ന ക്യാപ്ഷനാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്നത്. അഹാന പങ്കുവച്ച  ഓറോവില്ലിലെ മാതൃമന്ദിരത്തിന്റെ ദൂരകാഴ്ചകളും ബോട്ട് യാത്രയും മൺപാത്ര നിർമാണവുമെല്ലാം ഉൾപ്പെടുന്നുണ്ട്.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

സഞ്ചാരികൾ പ്രധാനമായും രണ്ടു വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ആളും ബഹളവും ആഘോഷങ്ങളുമൊക്കെ ആസ്വദിക്കുന്നവരാണ് ഒരുക്കൂട്ടരെങ്കിൽ ശാന്തതയാണ് മറ്റൊരു വിഭാഗത്തിന്  ഏറെ പ്രിയപ്പെട്ടത്. ഈ രണ്ടു വിഭാഗത്തെയും തൃപ്തിപ്പെടുത്താനുള്ള കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് പോണ്ടിച്ചേരി. പോണ്ടിച്ചേരിയിൽ നിന്നും പത്തു കിലോമീറ്റർ യാത്ര ചെയ്താൽ എത്തുന്ന ചെറിയ ഒരു ടൗൺഷിപ്പാണ് ഓറോവിൽ. സ്വർണവും സ്റ്റീലും സ്ഫടികവും ഉപയോഗിച്ച, ആയിരം ഇതളുകളുള്ള സുവർണഗ്ലോബുള്ള മാതൃ മന്ദിരമാണ് ഇവിടുത്തെ പ്രധാന കാഴ്‌ച. രണ്ടായിരം ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തിന്റെ പലഭാഗത്തുമുള്ള ധാരാളം മനുഷ്യരെ കാണുവാൻ സാധിക്കും. അവരെല്ലാം തന്നെയും എത്തിയിരിക്കുന്നത് ഒരേ ലക്ഷ്യവുമായാണ് ശാന്തിയും സമാധാനവും. വിവിധ രാജ്യങ്ങളില്‍നിന്നായി ശേഖരിച്ച മണ്ണു നിറച്ച തറയിലാണ് മാതൃമന്ദിര്‍ നിർമിച്ചിരിക്കുന്നത്. ആയിരക്കണക്കിനാളുകളുടെ മുപ്പതു വർഷക്കാലത്തെ അധ്വാനമാണ് ആയിരം ഇതളുകളുള്ള സുവർണഗ്ലോബ്. സ്റ്റീലും സ്വർണവും സ്ഫടികവും ഉപയോഗിച്ച് നിർമിച്ചിട്ടുള്ള ഗോളത്തിന്റെ മധ്യ താഴികകുടത്തിനുള്ളിൽ അകത്തെ അറ ധ്യാന ഹാൾ ആണ്. ഇവിടെയാണ് ലോകത്തിലെ ഏറ്റവും വലിയ ഒപ്റ്റികലി പെർഫ്ക്റ്റ് ഗ്ലാസ് ഗ്ലോബ് ഉള്ളത്. മനോഹരമായ പച്ചപ്പ് നിറഞ്ഞ മാതൃമന്ദിരത്തിൽ 12 പേരുകളുള്ള ഉദ്യാനങ്ങളുണ്ട്. ഓരോന്നിനെയും വൈവിധ്യമാർന്ന പൂക്കളും കുറ്റി ചെടികളും മരങ്ങളും കൊണ്ടു വേർതിരിച്ചിട്ടുണ്ട്.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

ഒരുകാലത്തു ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരി എന്ന പുതുച്ചേരിയുടെ പഴയ പ്രഭാവത്തിനു ഒട്ടും തന്നെയും മാറ്റം ഇപ്പോഴും വന്നിട്ടില്ല. മഞ്ഞ നിറത്തിലും കാവി നിറത്തിലും പെയിന്റുകൾ അടിച്ച വലിയ കെട്ടിടങ്ങൾ എല്ലായിടത്തും കാണാം. ഫ്രഞ്ച് കെട്ടിടങ്ങൾക്കു സമാനമായ വലിയ വാതിലുകളും ജനലുകളുമാണ് ഈ കെട്ടിടങ്ങളുടെ പ്രത്യേകത. 

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

പോണ്ടിച്ചേരിയിലെത്തുന്ന അതിഥികളുടെ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം നല്കുന്നയിടമാണ് പാരഡൈസ് ബീച്ച്. അവിടേക്കുള്ള യാത്രയും ഏറെ രസകരമാണ്. കൂടല്ലൂരിലെ പ്രധാന റോഡിനോടു ചേർന്നുള്ള ചുണ്ണാബർ ബോട്ട് ഹൗസിൽ നിന്നും ബീച്ചിലേക്കുള്ള ബോട്ട് യാത്ര ആരംഭിക്കാം. പാരഡൈസ് ബീച്ചിന്റെ പ്രധാനാകർഷണം വൃത്തി തന്നെയാണ്. നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുള്ള ഇവിടെ കൂടുതലും കാണുവാൻ കഴിയുക വിദേശ സഞ്ചാരികളെ ആണ്. അടിസ്ഥാന സൗകര്യങ്ങളും രുചികരമായ ഭക്ഷണവുമെല്ലാം ഇവിടെ നിന്നും ആസ്വദിക്കാം.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

അരബിന്ദോ ആശ്രമമാണ് പോണ്ടിച്ചേരിയുടെ മറ്റൊരു മുഖം. ജീവിത ലാളിത്യം പ്രചരിപ്പിച്ച അരവിന്ദ ഘോഷിന്റെ സ്മൃതികുടീരം ഇവിടെ കാണുവാൻ കഴിയും. മഹാനായ ആ സ്വാന്ത്ര്യ സമര സേനാനിയുടെ മൃതദേഹം സംസ്കരിച്ച സ്ഥലം പോണ്ടിച്ചേരിയുടെ മുഖബിംബമായി ലോകം മുഴുവൻ അറിയപ്പെടുന്നു. പുതുച്ചേരിയിൽ സന്ദർശകരെ ആഹ്ളാദിപ്പിക്കുന്ന സ്ഥലമാണ് ബൊട്ടാണിക്കൽ ഗാർഡൻ. കുട്ടികളും കുടുംബങ്ങളുമായി എത്തുന്നവരെ സന്തോഷിപ്പിക്കും ഇവിടം. ജലധാരായന്ത്രം, കുട്ടികൾക്കുള്ള തീവണ്ടി, അലങ്കാരമത്സ്യ പ്രദർശനം, ജാപ്പനീസ് റോക്ക് തുടങ്ങിയവയാണ് ബൊട്ടാണിക്കൽ ഗാർഡനിലെ കാഴ്ചകൾ. ഇരുപത്തിരണ്ട് ഏക്കർ സ്ഥലത്ത് വൻമരങ്ങളും ഔഷധച്ചെടികളും പടർന്നു പന്തലിച്ചു നിൽക്കുന്ന ഇവിടം സന്ദർശകരെ ഏറെ ആകർഷിക്കും.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

മലേഷ്യയുടെ മായിക സൗന്ദര്യത്തിൽ 

അമ്മയ്ക്കും സഹോദരിമാരായ ഇഷാനിയ്ക്കും ഹൻസികയ്ക്കും ഒപ്പം കോലാലംപൂരിൽ നിന്നുമുള്ള നിരവധി ചിത്രങ്ങളും അഹാന സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. നഗര കാഴ്ചകളും പെട്രോണാസ് ഇരട്ട ടവറും മെനാരയുമൊക്കെ അഹാനയുടെ ചിത്രങ്ങളിലുണ്ട്. വളരെ മനോഹരമായ സ്ഥലമാണെന്നും വലിയ മുന്നൊരുക്കങ്ങൾ ഇല്ലാതെ അവധിക്കാലം ചെലവഴിക്കാനായി എത്തിയതാണ് കോലാലംപൂരിലെന്നും പങ്കുവച്ച ചിത്രങ്ങൾക്കൊപ്പം അഹാന കുറിച്ചിട്ടുണ്ട്. 

ahana-travel-11

ഇന്ത്യയിൽ നിന്നും ധാരാളം സന്ദർശകരെത്തുന്ന രാജ്യങ്ങളിലൊന്നാണ് മലേഷ്യ.  അംബര ചുംബികളായ നിർമിതികളും ഷോപ്പിങ് പ്രിയർക്കായി വൻ മാളുകളും തിരക്കേറിയ മാർക്കറ്റുകളും ഇന്ത്യൻ, ചൈനീസ്, മലായ് രുചികൾ വിളമ്പുന്ന തട്ടുകടകളും ആഡംബരം നിറഞ്ഞ റസ്റ്ററന്റുകളും സജീവമായ രാത്രി ജീവിതവും എന്നു വേണ്ട അതിഥിയായി എത്തുന്നവരെ തൃപ്തിപ്പെടുത്താൻ തക്ക എല്ലാ സൗകര്യങ്ങളും മലേഷ്യയുടെ തലസ്ഥാനമായ ഈ വൻനഗരത്തിനു മാറ്റേകുന്നു.

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

കോലാലംപൂരിലെത്തുന്ന സന്ദർശകരിൽ എല്ലാവരും തന്നെ എത്തുന്നയിടമാണ് പെട്രോണാസ് ടവർ. ലോകത്തിലെ ഏറ്റവും ഉയരമാർന്ന ഇരട്ട നിർമിതിയാണിത്. 88 നിലകളിലായി ഉയർന്നു നിൽക്കുന്ന ഈ ടവറുകളെ ബന്ധിപ്പിക്കാൻ ഒരു പാലവുമുണ്ട്. ആർട് ഗാലറി, ഷോപ്പിങ് മാളുകൾ, അണ്ടർ വാട്ടർ അക്വേറിയം, സയൻസ് സെന്റർ എന്നിങ്ങനെ നിരവധി കാഴ്ചകൾ കൊണ്ടു സമ്പന്നമാണിവിടം. ഇസ്ലാമിക് ശൈലിയിലാണ് ഈ ടവറുകളുടെ നിർമിതി. രാത്രിയിൽ ഇവിടുത്തെ കാഴ്ചകൾ അവർണനീയം തന്നെയാണ്. 

Image Credit: ahaana_krishna/instagram
Image Credit: ahaana_krishna/instagram

പെട്രോണാസ് ടവറിനു ഒപ്പം തന്നെ നിൽക്കുന്ന കോലാലംപൂരിലെ മറ്റൊരു കാഴ്ചയാണ് മെനാരെ കെ എൽ ടവർ. 421 മീറ്റർ ഉയരത്തിൽ നഗരത്തിന്റെ അതിവിശിഷ്ട കാഴ്ച അതിഥികൾക്ക് സമ്മാനിക്കാൻ ഈ നിർമിതിക്ക് കഴിയും. ഇസ്ലാമിക്, പേർഷ്യൻ ശൈലിയിലാണ് ഇതിന്റെ നിർമിതി. ഭക്ഷണശാലകൾ, ആംഫിതിയേറ്റർ, കാസ്കെഡിങ് പൂളുകൾ, നിരവധി ചെറുഷോപ്പുകൾ എന്നിവയെല്ലാം ഇതിനുള്ളിലുണ്ട്. 

വിലപേശി സാധനങ്ങൾ വാങ്ങാം

ഉറങ്ങാത്ത രാത്രികളുമായി ദിവസം മുഴുവൻ സജീവമായിരിക്കുന്ന കോലാലംപൂരിലെ ഏറ്റവും പ്രശസ്തമായയിടമാണ് ചൈന ടൗൺ. നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന, തിരക്കേറിയ ഇവിടം അതിഥികളായി എത്തുന്നവർ നിർബന്ധമായും സന്ദർശിക്കേണ്ട ഒരിടമാണ്. വിലപേശി സാധനങ്ങൾ വാങ്ങാൻ തക്ക നിരവധി കടകൾ ഇവിടെയുണ്ട്. അതുകൊണ്ടുതന്നെ ഇവിടം അറിയപ്പെടുന്നത് വിലപേശാൻ അറിയുന്നവരുടെ സ്വർഗം എന്നാണ്. കുറഞ്ഞ വിലയിൽ, എന്തും ലഭിക്കുന്ന ഒരിടമാണിത്. ഇസ്ലാമിക് ആരാധനാലയങ്ങൾ, ഹൈന്ദവ ക്ഷേത്രങ്ങൾ, ഹൈന്ദവ ആരാധനാമൂർത്തികളുടെ ശില്പങ്ങൾ, ചൈനീസ് താവോയിസ്റ് ദേവാലയങ്ങൾ എന്നിവയും നിരവധി തെരുവോര ഭക്ഷണശാലകളും കോക്ടെയിൽ ബാറുകളും എന്നുവേണ്ട ആവശ്യമായതെല്ലാം ഒരിടത്തു തന്നെ കാണുവാൻ കഴിയും ചൈനാടൗണിലെത്തിയാൽ.

272 പടിക്കെട്ടുകൾ താണ്ടിയെത്തുന്ന മറ്റൊരു വിസ്മയമുണ്ട് കോലാലംപൂരിൽ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഒരു ഗുഹാക്ഷേത്രത്തിലേക്കാണ് ആ പടികൾ നീളുന്നത്, ബാതു ഗുഹകൾ. മൂന്നു വലിയ ഗുഹകളും നിരവധി ചെറുഗുഹകളും ഇവിടെ കാണുവാൻ കഴിയും. ദേവവിഗ്രഹങ്ങളും ഇതിനുള്ളിലായുണ്ട്. കമാനാകൃതിയിലുള്ള കവാടങ്ങളോട് കൂടിയതും ഏകദേശം 100 മീറ്ററോളം ഉയരമുള്ളതുമായ കത്തീഡ്രൽ ഗുഹയിൽ ധാരാളം ഹൈന്ദവ ബലിപീഠങ്ങൾ കാണുവാൻ കഴിയും. ആർട് ഗാലറി ഗുഹ, മ്യൂസിയം ഗുഹ എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മറ്റു രണ്ടു ഗുഹകൾ അറിയപ്പെടുന്നത്. 

സുൽത്താൻ അബ്ദുൽ സമദ് ബിൽഡിങ്, ഏതു പ്രായത്തിലുള്ളവരെയും രസിപ്പിക്കാൻ കഴിയുന്ന വിനോദങ്ങളുള്ള സൂപ്പർ പാർക്ക്, സൺവേ ലഗൂൺ തീം പാർക്ക്, ജലാൻ അലോർ, അക്വാറിയ കെ എൽ സി സി, കെ ഐ ടവർ മിനി സൂ, സെൻട്രൽ മാർക്കറ്റ് തുടങ്ങി ഏതൊരു അതിഥിയേയും തൃപ്തിപ്പെടുത്തുന്ന കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് കോലാലംപൂർ.

English Summary:

Pondicherry - A wholesome travel experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com