ജോലിക്കിടെ സൈനികൻ മരിച്ചു, സംസ്കാര ശേഷം ഭാര്യ ലാപ്ടോപിൽ കണ്ടത്; സല്യൂട്ട് നൽകി ലോകം
Mail This Article
കേവലം ഒൻപതുമാസം പ്രായമായ മകളെ ലാളിച്ചു കൊതിതീരാതെ, ജീവന്റെ ജീവനായ ഭാര്യയെ പ്രണയിച്ചു മതിയാകാതെയാണ് തന്റെ 26–ാം വയസ്സിൽ റ്റോഡ് വീവർ എന്ന സൈനികൻ ലോകത്തോടു വിടപറഞ്ഞത്. 2010 ൽ ജോലിയുടെ ഭാഗമായി അഫ്ഗാനിസ്ഥാനിൽ പോയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണം.
ഭർത്താവ് മരിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ മരണത്തെ അതിജീവിക്കാൻ തന്നെ പ്രേരിപ്പിച്ച ഒരു സംഭവത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ടോഡ് എന്ന സൈനിക ഉദ്യോഗസ്ഥന്റെ വിധവ എമ്മ. വെർജിനിയയിലെ ഹാംപ്റ്റണിൽ താമസിക്കുന്ന എമ്മ തന്റെ ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ മരണത്തെക്കുറിച്ചും ആ മരണത്തെ താൻ അതിജീവിച്ചതിനെക്കുറിച്ചും വിശദീകരിക്കുന്നതിങ്ങനെ.
''അഫ്ഗാനിൽ നടന്ന ഒരു സ്ഫോടനത്തിലാണ് എനിക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. എല്ലാവിധ ബഹുമതികളോടും കൂടി അദ്ദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ നടന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്ന സമയത്താണ് സഹപ്രവർത്തകരിലാരോ അദ്ദേഹത്തിന്റെ ലാപ് ടോപ് എനിക്കു കൈമാറിയത്. ആ ലാപ്ടോപാണ് പിന്നീട് എന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവായത്.
ആ ലാപ്ടോപിലെ ഡെസ്ക്ക്ടോപ്പിൽ എന്നെ കാത്തെന്നപോലെ രണ്ട് വേഡ്പാഡ് ഫയലുകളുണ്ടായിരുന്നു. അഫ്ഗാനിലേയ്ക്ക് പോകുന്നതിനു മുൻപ് മരണം മുന്നിൽ കണ്ട് അദ്ദേഹം തയാറാക്കി വച്ച കത്തുകളായിരുന്നു അത്. ഒന്ന് എനിക്കു വേണ്ടിയും മറ്റൊന്ന് മകൾക്കു വേണ്ടിയും. അദ്ദേഹത്തിന്റെ സംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് രണ്ടാമത്തെ ദിവസമാണ് ഞാൻ ആ കത്തുകൾ കണ്ടത്.
എന്നെ അഭിസംബോധന ചെയ്തുകൊണ്ട് തയാറാക്കിയ കത്തിങ്ങനെ :-
പ്രിയപ്പെട്ട എമ്മ,
നീ ഈ കത്ത് വായിക്കുന്ന സമയം ഞാൻ വീട്ടിലുണ്ടാകില്ല. നിന്നെ എത്രത്തോളം ഞാൻ സ്നേഹിക്കുന്നുണ്ടെന്നു പറയാൻ എനിക്ക് സാധിച്ചെന്നും വരില്ല. നിന്നെ ഞാൻ ഒരുപാടൊരുപാട് സ്നേഹിക്കുന്നു, ഇനിയും സ്നേഹിച്ചു കൊണ്ടേയിരിക്കും. നിന്നെ എപ്പോഴും ഞാൻ കാണുന്നുണ്ടെന്നു കരുതി നീ സമാധാനിക്കണം. ഞാൻ എങ്ങും പോയിട്ടില്ല. എന്റെ ആത്മാവ് എന്നും നിന്നോടൊപ്പമുണ്ടാകും. ഈ വിഷമാവസ്ഥയെ തരണം ചെയ്യാൻ നിനക്ക് വല്യ പ്രയാസമാണെന്ന് എനിക്കറിയാം. അതേ സമയം നീ എത്രത്തോളം ധീരയാണെന്നും എനിക്കറിയാം.
ഒരു കാര്യം ഒരിക്കലും മറക്കരുത്. നമ്മൾ ഭൂമിയിൽ ജനിക്കും മുൻപേ നമുക്കെന്താണ് നന്മ വരുത്തുന്നതെന്ന് ദൈവത്തിന് നന്നായറിയാം. ആ തിരിച്ചറിവിൽ നീ സമാധാനിക്കണം. ഇങ്ങനെയൊക്കെ സംഭവിക്കുന്നതിനു പിന്നിൽ ഒരു കാരണമുണ്ടെന്ന് നീ മനസ്സിലാക്കണം. ചിലപ്പോൾ ഇപ്പോൾ നിനക്ക് അതുൾക്കൊള്ളാൻ പ്രയാസമുണ്ടാകും. എന്നിരുന്നാലും ഒരു ദിവസം നീ അത് തിരിച്ചറിയുക തന്നെ ചെയ്യും.
ഇപ്പോൾ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഒന്നു മാത്രമാണ്. എന്റെ ജീവിതത്തിൽ നീ എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്നു മാത്രം. സ്നേഹമയിയും സുന്ദരിയുമായ ഭാര്യേ, നിന്നോട് ഒരിക്കൽപ്പോലും കൂടുതൽ കരുതൽ ഞാൻ ആവശ്യപ്പെട്ടിട്ടില്ല. നിന്റെ ഒപ്പം ചിലവഴിച്ച നിമിഷങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിനങ്ങൾ. ജീവിതം വളരെക്കുറച്ചേ ഉണ്ടായിരുന്നുള്ളൂവെങ്കിൽപ്പോലും ആരും കൊതിക്കുന്ന ഒരു ജീവിതമായിരുന്നു എന്റേത്. ഒരു സമ്പൂർണ്ണയായ സ്ത്രീയെയാണ് ഞാൻ വിവാഹം കഴിച്ചത്. എല്ലാ ദിവസവും എന്നെ അദ്ഭുതപ്പെടുത്തുന്ന ഒരു സുന്ദരിക്കുഞ്ഞിനെയും എനിക്കു കിട്ടി.
ജീവിതത്തെക്കുറിച്ച് സങ്കടം തോന്നുമ്പോൾ നീ ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കണം. നമ്മൾ ഒന്നിച്ചു ചിലവഴിച്ച സുന്ദര നിമിഷങ്ങളെക്കുറിച്ചോർക്കണം. നമ്മുടെ കുഞ്ഞിന്റെ മുഖത്തു നോക്കണം. എന്തു സുന്ദരിയാണവൾ. അവൾക്കു വേണ്ടി നീ ധൈര്യമായിരിക്കണം. ഈ ലോകത്ത് മറ്റെന്തിനേക്കാളും അവളെ ഞാൻ സ്നേഹിച്ചിരുന്നുവെന്ന് നീ അവളോട് പറയണം. എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമായിരുന്നു അവളുടെ ജനനം. അവൾ ജനിച്ച ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസം. ഈ ലോകത്തെ എല്ലാം നല്ലതാണെന്ന് ഓർമ്മിപ്പിക്കുന്നതാണ് അവളുടെ മുഖവും ചിരിയും.
ഓരോ ദിവസവും ഓരോ നിമിഷവും അവളുടെ അച്ഛൻ സ്വർഗത്തിലിരുന്ന് അവളെ കാണുന്നുണ്ടെന്നും അവൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും അവളോട് പറയണം. എമ്മാ, ഞാൻ നിന്നെ സ്നേഹിക്കുന്നു. നിനക്കിഷ്ടപ്പെട്ട ഒരു കാര്യം ചെയ്യാൻ നീ ആരേയും ഭയക്കേണ്ടതില്ല. നിന്റെ ജീവിതത്തിലെ സന്തോഷം കണ്ടെത്തുന്നതും അത്രത്തോളം തന്നെ പ്രധാനമാണ്. ഇപ്പോൾ അത് അസാധ്യമാണെന്നൊക്കെ നിനക്കു തോന്നിയേക്കാം. വിധിയിൽ വിശ്വസിക്കുക. നല്ല ദിവസങ്ങൾ ഇനിയും വരും. നിനക്കും കുഞ്ഞിനും സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ. അതു കണ്ട് ഞാനും സന്തോഷിക്കും'.
സ്നേഹത്തോടെ
നിന്റെ ഭർത്താവ്
റ്റോഡ്.
മകൾ കെല്ലിയെ അഭിസംബോധന ചെയ്ത് റ്റോഡ് എഴുതിയ കത്തിങ്ങനെ :-
പ്രിയപ്പെട്ട കെല്ലി,
'ചിലപ്പോൾ നിനക്കെന്റെ മുഖം ഓർമ്മ കാണില്ല, പക്ഷേ ഞാൻ നിന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് നീ അറിയണം.
നിനക്ക് 9 മാസം പ്രായമുള്ളപ്പോഴാണ് ഞാൻ അഫ്ഗാനിലേക്ക് പോയത്. നിന്നെ വിട്ടുപോവുകയെന്നത് വളരെ വേദനാജനകമായിരുന്നു. നീ എനിക്കൊരുപാട് സ്പെഷ്യലാണ് ദൈവത്തിൽ നിന്ന് എനിക്കു കിട്ടിയ സമ്മാനം. നീ ജനിച്ച ദിവസമാണ് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം. നിന്നെ കാണുമ്പോഴെല്ലാം എന്റെ ഹൃദയം കുളിർക്കും. നീ ജനിച്ചില്ലായിരുന്നുവെങ്കിൽ എന്റെ ജീവിതം അപൂർണമായേനേം.
നിന്റെ വളർച്ച കാണാൻ കൂടെ ഞാൻ ഉണ്ടാവില്ല. അതിന് നീ നിന്റെ അച്ഛനോട് ക്ഷമിക്കണം. പക്ഷേ ഒന്നോർക്കണം. നിന്റെ അച്ഛനെങ്ങും പോയിട്ടില്ല. സ്വർഗ്ഗത്തിലിരുന്ന് ഞാനെന്നും നിന്നെ നോക്കിച്ചിരിക്കും. നിനക്ക് കരുതൽ നൽകാനും നിന്നെ ലാളിക്കാനും എമ്മയെപ്പോലെ ഒരു അമ്മയെ ലഭിച്ചത് നിന്റെ ഭാഗ്യമാണ്. അവളോട് നന്നായി പെരുമാറാനും കഴിയുന്ന സമയത്തൊക്കെ അവളെ സഹായിക്കാനും നീ ശ്രദ്ധിക്കണം. എല്ലാ രാത്രികളിലും പ്രാർഥിക്കാനും നിനക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയാനും നീ ശ്രദ്ധിക്കണം. നീ ഒരുപാട് പേർക്ക് പ്രിയപ്പെട്ടവളാണെന്നും അവരുടെയൊക്കെ ജീവിതത്തിൽ നിനക്കൊരുപാട് പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നും മറക്കാതിരിക്കുക.
ഞങ്ങൾ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. വളർന്നു വലുതായി സ്കൂളിൽപ്പോയിത്തുടങ്ങുമ്പോൾ നീ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള അറിവു നേടാൻ നീ പരമാവധി ശ്രമിക്കണം. എല്ലാവരോടും സ്നേഹത്തോടെയും കരുതലോടെയും പെരുമാറിയാൽ ഈ ലോകം നിനക്ക് സ്നേഹവും കരുതലും തിരിച്ചു തരും എന്നും മനസ്സിലാക്കണം.
ചില കാര്യങ്ങളൊക്കെ നീ ആഗ്രഹിക്കുന്നതു പോലെ നടന്നു എന്നു വരില്ല. അപ്പോൾ ഒരു കാര്യം ഓർക്കണം. നിനക്ക് എന്താണ് നല്ലതെന്ന് ദൈവത്തിന് നന്നായറിയാം. അതുകൊണ്ട് ഒടുവിൽ എല്ലാം നന്നായിത്തന്നെ ഭവിക്കും. വളരെ സുന്ദരമായ, ശോഭനമായ ഒരു ഭാവി നിന്നെ കാത്തിരിപ്പുണ്ട്. ജീവിതം രസകരമായി ആഘോഷിക്കൂ, ആസ്വദിക്കൂ. ഒരു കാര്യം പ്രത്യേകം ഓർക്കണം ഈ അച്ഛൻ നിന്നെക്കുറിച്ച് എന്നും അഭിമാനിക്കും, എന്നും നിന്നെ സ്നേഹിക്കും... നീ എന്നും എന്നും എന്റെ ഓമനയായിരിക്കും....
ഒരുപാടൊരുപാട് സ്നേഹത്തോടെ
നിന്റെ അച്ഛൻ