15 അക്രമികളെ നേരിടാൻ ധൈര്യം ലഭിച്ചത് അച്ഛനിൽ നിന്ന്; സത്യം വെളിപ്പെടുത്തി മോഡൽ
Mail This Article
പതിനഞ്ചോളം യുവാക്കൾ ചേർന്ന് താൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ക്യാബ് ആക്രമിച്ചപ്പോൾ പേടിച്ചരണ്ട് മിണ്ടാതിരിക്കാനോ, വെറുതെ കൈയുംകെട്ടി നോക്കിയിരിക്കാനോ ഉഷോഷി സെൻഗുപ്ത ഒരുക്കമല്ലായിരുന്നു. മുൻ മിസ് ഇന്ത്യ യൂണിവേഴ്സും മോഡലുമായ ഉഷോഷി സഞ്ചരിച്ച കാറിനുനേരെ ആക്രമണമുണ്ടായത് ജൂൺ 17നാണ്. പതിനഞ്ചോളം യുവാക്കൾ ചേർന്ന് ക്യാബ് ആക്രമിക്കുകയും ക്യാബിന്റെ വിൻഡോസ് തല്ലിത്തകർക്കുകയും ക്യാബ് ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.
ഡ്രൈവറെ അക്രമികളിൽ നിന്ന് രക്ഷിക്കാനായി ഉഷോഷി ക്യാബിനു പുറത്തിറങ്ങി. അക്രമികൾ പിൻമാറുന്നില്ലെന്നു കണ്ടതോടെ ആക്രണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ തുടങ്ങി. ഉഷോഷി പകർത്തിയ ചിത്രങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. ധീരമായ പ്രവർത്തിയിലൂടെ ക്യാബ് ഡ്രൈവറെ രക്ഷപെടുത്താൻ ശ്രമിച്ച ഉഷോഷിയെ അഭിനന്ദനം കൊണ്ട് പൊതിയുകയാണ് എല്ലാവരും.
എല്ലാവർക്കുമറിയേണ്ടത് അക്രമികളോടെതിരിടാൻ ഉഷോഷിയ്ക്ക് ധൈര്യം കിട്ടിയതെങ്ങനെയെന്നാണ് ആ ചോദ്യത്തിന് അവർ നൽകുന്ന മറുപടിയിങ്ങനെ :-
''ആ ധൈര്യം എനിക്ക് ലഭിച്ചത് എന്റെ അച്ഛനിൽ നിന്നാണ്. എന്റെ അച്ഛൻ ഇന്ത്യൻ എയർ ഫോഴ്സ് ഓഫിസർ ആയിരുന്നു. അദ്ദേഹം നല്ല ധൈര്യശാലിയാണ്. യൂണിഫോമിലുള്ള ആ അച്ഛനെ കണ്ടാണ് ഞാൻ വളർന്നത്. എന്റെ പ്രചോദനം അദ്ദേഹമാണ്. എന്തെങ്കിലും തെറ്റായി നടക്കുന്നുണ്ടെന്നു തോന്നിയാൽ അദ്ദേഹം ശക്തമായിത്തന്നെ പ്രതികരിക്കുമായിരുന്നു. ഒരവസരം കിട്ടിയാൽ ഇനിയും ഞാൻ അനീതിക്കെതിരെ പ്രതികരിക്കും''. - ഉഷോഷി പറയുന്നു.
അച്ഛൻമാത്രമല്ല തന്റെ സഹോദരിയും തന്നേക്കാൾ ധൈര്യശാലിയാണെന്ന് ഉഷോഷി പറയുന്നു. '' തുറന്നു പറഞ്ഞാൽ എന്നേക്കാൾ ധൈര്യശാലി എന്റെ സഹോദരിയാണ്. എന്തെങ്കിലും കാര്യം ശരിയായി നടക്കുന്നില്ലെങ്കിൽ എനിക്ക് ചിലപ്പോൾ കരയാൻ തോന്നും. യാദൃച്ഛികം എന്ന് വിളിക്കാമോയെന്നറിയില്ല അക്രമികൾ ക്യാബ് അടിച്ചു തകർത്തുകൊണ്ടിരുന്നപ്പോൾ എന്റെ സഹോദരി എന്നെ വിളിച്ചു. അൽപസമയത്തിനകം അവൾ സംഭവസ്ഥലത്തേക്ക് വരുകയും ചെയ്തു. ചെറുപ്പത്തിൽ എൻസിസിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം. ആർക്കെങ്കിലുമെതിരെ അന്യായം നടക്കുന്നുണ്ടെന്നു തോന്നിയാൽ ഞാൻ പ്രശ്നത്തിൽ ഇടപെടുകയും ഇരകൾക്കു വേണ്ടി യുദ്ധം ചെയ്യുകയും ചെയ്യുമായിരുന്നു''.
തന്നെ ഉപദ്രവിക്കാൻ വന്ന യുവാക്കളെ താൻ നേരിട്ടു എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചതെന്നും എന്നാൽ അതല്ല സത്യമെന്നും അവർ പറയുന്നു. ഡ്രൈവർക്കു നേരെയാണ് ആക്രമണമുണ്ടായത്. അതുകണ്ട് എനിക്ക് പ്രതികരിക്കാതിരിക്കാമായിരുന്നു. പക്ഷേ ഞാൻ പുറത്തിറങ്ങുക തന്നെ ചെയ്തു. അക്രമികൾ എന്നെ ക്യാബിൽ നിന്ന് വലിച്ചിറക്കി ഉപദ്രവിച്ചുവെന്നൊ ക്കെയാണ് വാർത്തകൾ വന്നത്. ഒരാൾ എന്റെ കൈയിൽ നിന്ന് ഫോൺ ബലമായി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നത് നേരാണ്. അതു പക്ഷേ എന്റെ ഫോണിൽ ആ വിഡിയോ ഉള്ളതുകൊണ്ടു മാത്രമാണ്.
ഒരു സ്ത്രീക്കു നേരെയുള്ള ആക്രമണം എന്നു പറഞ്ഞ് വാർത്ത കൊടുക്കരുത്. ആ സംഭവം എനിക്കും, എന്റെയൊപ്പം കാറിലുണ്ടായിരുന്ന സഹയാത്രികയായ സുഹൃത്തിനും ക്യാബ് ഡ്രൈവർക്കും എതിരെയുള്ള പീഡനം തന്നെയായിരുന്നു. സുഹൃത്ത് എൽജിബിറ്റി വിഭാഗത്തിൽപ്പെട്ടയാളായതിനാൽ ഈ ആക്രമണം ആണിനെയും പെണ്ണിനെയും എൽജിബിറ്റി വിഭാഗക്കാരെയും ഒരുപോലെ ബാധിക്കുന്നതാണ്. എന്റെ നഗരത്തിലെ വിവിധമേഖലയിൽ ജോലിചെയ്യുന്ന ആളുകൾക്കെതിരെയുള്ള ആക്രമണമാണത്. എന്റെ കൺമുന്നിൽ ആർക്കെങ്കിലുമെതിരെ അക്രമങ്ങൾ അരങ്ങേറുകയാണെങ്കിൽ ഞാൻ തീർച്ചയായും പ്രതികരിക്കും. അവൾ ബോൾഡ് ആണ് ധീരയാണ് എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്നതിനേക്കാളിഷ്ടം അവൾ കൊൽക്കത്തയുടെ മകളാണ് എന്ന് വിശേഷിപ്പിക്കപ്പെടാനാണെന്നും ഉഷോഷി പറയുന്നു.