ADVERTISEMENT

ജീവിതം നൽകുന്ന സെക്കന്റ് ചാൻസുകളെ പുറംകാലുകൊണ്ടു തട്ടിക്കളയരുതെന്ന് സ്വന്തം ജീവിതകഥ പങ്കുവച്ചുകൊണ്ട് ഓർമിപ്പിക്കുകയാണ് ഒരു സ്ത്രീ. ജീവിതം വച്ചുനീട്ടിയ രണ്ടാമത്തെ അവസരത്തിൽ പ്രണയവും സുന്ദരമായ ഒരു കുടുംബജീവിതവും ലഭിച്ചതിനെക്കുറിച്ച് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് അവർ പങ്കുവച്ചത്.

'' 12–ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഞാൻ വിവാഹം കഴിച്ചു. അതൊരു പ്രണയ വിവാഹമായിരുന്നു. പക്ഷേ വിവാഹശേഷം കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. വിവാഹം കഴിഞ്ഞ് അദ്ദേഹം എന്നെ പഠിക്കാൻ പോകാനോ, ജോലിക്കു പോകാനോ അനുവദിച്ചില്ല. ഞാൻ വീട്ടിൽത്തന്നെയിരി ക്കണമെന്ന് അദ്ദേഹം ശഠിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ പലകാര്യങ്ങളിലും പ്രകടമായിത്തുടങ്ങി. ഇതിനിടെ ‍ഞങ്ങൾക്കൊരു മകൾ ജനിച്ചു. ഏഴുവർഷത്തോളം മകൾ മാത്രമായിരുന്നു എന്റെ ഏക ആശ്രയം. എനിക്ക് സാമ്പത്തികമായി സ്വതന്ത്രയാകണമായിരുന്നു. ഏഴുവർഷത്തിനു ശേഷം ഇനിയൊരിക്കലും സന്തോഷത്തോടെ മുന്നോട്ടു പോകാൻ സാധിക്കില്ല എന്ന് ബോധ്യം വന്നതോടെ ഞാൻ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടി.

എന്റെ അച്ഛൻ എനിക്ക് സമ്മാനമായിത്തന്ന വീട്ടിലേക്ക് ഞാനും മകളും താമസിക്കാൻ തുടങ്ങി. അച്ഛനെന്നെ ഒരുപാടു സഹായിച്ചു ഒപ്പം ഞാനൊരു കോഴ്സും ചെയ്തു. ബ്യൂട്ടീഷനാകാനുള്ള കോഴ്സ് ആയിരുന്നു അത്. ചിലപ്പോഴൊക്കെ മകളെയും ഞാൻ ജോലിക്കായി ഒപ്പം കൂട്ടും. ഒറ്റയ്ക്ക് കുഞ്ഞുങ്ങളെ വളർത്തുന്ന അമ്മമാരെ മുൻവിധിയോടെയാണ് സമൂഹം നോക്കിക്കാണുന്നത്. അത് വളരെ പ്രയാസകരമായിരുന്നു. സഞ്ജയ്‌യെ കണ്ടുമുട്ടുന്നതു വരെ മാത്രമേ എനിക്ക് അതു സഹിക്കേണ്ടി വന്നുള്ളൂ.

ഞാൻ താമസിക്കുന്ന കെട്ടിടത്തിന്റെ എതിർവശത്തുള്ള കെട്ടിടത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. ബാൽക്കണിയിൽ വച്ച് ഞങ്ങൾ മിക്കവാറും കാണുമായിരുന്നു. ഒരിക്കൽ അയൽക്കാരുടെ കൈയിൽ നിന്ന് എന്റെ ഫോൺ നമ്പർ വാങ്ങി അദ്ദേഹം എന്നെ വിളിച്ചു. അദ്ദേഹത്തിന്റെയൊപ്പം പുറത്തു ചെല്ലണമെന്നായിരുന്നു ആവശ്യം. ഞാൻ എന്റെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു. എനിക്കൊരു മകളുണ്ടെന്നും പറഞ്ഞു. പക്ഷേ അതൊന്നും ഒരു പ്രശ്നമേയല്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തൊടൊപ്പം പുറത്തു ചെല്ലണമെന്ന് അദ്ദേഹം ശഠിച്ചു. അങ്ങനെ ഞങ്ങൾ മീറ്റ് ചെയ്തു. ആദ്യകാഴ്ചയിൽത്തന്നെ ഞങ്ങൾ പ്രണയത്തിലായി. അദ്ദേഹമെന്റെ മനം കവർന്നു. മഴയത്ത് ബൈക്കിൽ കറങ്ങിയും മണിക്കൂറുകൾ സംസാരിച്ചും ഞങ്ങൾ പ്രണയിച്ചു. ഏറ്റവും സന്തോഷം നൽകിയ കാര്യമെന്താണെന്നു വച്ചാൽ അദ്ദേഹം എന്റെ മകളെ എല്ലാത്തിനും ഒപ്പം കൂട്ടി എന്നുള്ളതാണ്.

ഒരുമിച്ചു ചിലവഴിച്ച ഏതാനും വർഷങ്ങൾക്കു ശേഷം അദ്ദേഹം എന്നോട് വിവാഹാഭ്യർഥന നടത്തി. അദ്ദേഹത്തോടൊപ്പം ഒരു ജന്മം മുഴുവൻ ചിലവഴിക്കണമെന്നുണ്ടായിരുന്നെങ്കിലും എനിക്ക് ഭയമുണ്ടായിരുന്നു. എന്റെ പക്കൽ നിന്ന് യെസ് കിട്ടിയ അന്നു തന്നെ ഞങ്ങൾ പുതിയൊരു ജീവിതം ആരംഭിച്ചു. 26 വർഷത്തെ ജീവിതത്തിനിടയിൽ ഒരുപാട് ഉയർച്ചതാഴ്ചകളൊക്കെ സംഭവിച്ചിരുന്നു. പക്ഷേ ഞങ്ങൾക്കിടയിൽ എന്നും പരസ്പര ബഹുമാനമുണ്ടായിരുന്നു.

പരസ്പരം പിന്തിരിപ്പിക്കാൻ ഞങ്ങളിരുവരും ശ്രമിച്ചില്ല. പരസ്പരം ഉയരാൻ ഞങ്ങൾ പരസ്പരം സഹായിച്ചു. മറ്റെന്തിനേക്കാളും കൂടുതൽ അദ്ദേഹമെന്നെ സ്നേഹിച്ചു. എന്റെ എല്ലാ വേദനകളും മുറിവുകളും ഉണക്കിയത് അദ്ദേഹത്തിന്റെ സ്നേഹമാണ്. ഞങ്ങൾക്ക് രണ്ട് പെൺകുഞ്ഞുങ്ങൾ ജനിച്ചതോടെ ഞങ്ങളുടെ കുടുംബം വലുതായി. ഈ അനുഭവങ്ങളിൽ നിന്നെല്ലാം ഞാൻ ഒരു കാര്യം പഠിച്ചു. ജീവിതത്തിൽ പ്രതീക്ഷകൾ ഇനിയില്ല എന്നൊരു ഘട്ടം വരുമ്പോൾ അതാണ് അവസാനം എന്ന് ഒരിക്കലും ചിന്തിക്കരുത്. അത് സമയത്തിന്റെ പ്രശ്നം മാത്രമാണ്. ഉപാധികളില്ലാത്ത സ്നേഹം നൽകാൻ ജീവിതം ഒരു സെക്കന്റ് ചാൻസ് ഒരു സർപ്രൈസ് പോലെ കാത്തുവച്ചിട്ടുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com