ഇങ്ങനെയാണ് സന്തുഷ്ട ദമ്പതികൾ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നത്
Mail This Article
കുട്ടികളുടെ കുസൃതികളുടെ പേരിൽ, പങ്കാളിയുടെ മാതാപിതാക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസത്തിന്റെ പേരിലൊക്കെ പലപ്പോഴും ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സന്തുഷ്ടരായ ദമ്പതികൾ ഇത്തരം പ്രശ്നങ്ങൾക്ക് വളരെവേഗം പരിഹാരം കണ്ടെത്തുമെന്നാണ് യുഎസിലെ ടെന്നീസീ യൂണിവേഴ്സിറ്റി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസായ അമി റോയറിന്റെ നേതൃത്വത്തിൽ നടന്ന പഠനം ഫാമിലി പ്രോസസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
സർവേയിൽ പങ്കെടുത്ത 57 ശതമാനം പേർ വിവാഹിതരായി 9 വർഷത്തിലധികം പിന്നിട്ട 30 വയസ്സിനു മുകളിൽ പ്രായമായവരാണ്. വിവാഹ ജീവിതത്തിൽ 42 വർഷത്തോളം പിന്നിട്ടവരായിരുന്നു ബാക്കിയുള്ളവർ. ജീവിതത്തിലുണ്ടായ ഗൗരവമുള്ള വഴക്കിനെക്കുറിച്ച് ഓർത്തെടുക്കാൻ നിർദേശിച്ചപ്പോൾ കുടുംബകാര്യം, ആരോഗ്യം, ആശയവിനിമയത്തിലെ അപാകതകൾ തുടങ്ങിയ കാര്യങ്ങളാണ് മുതിർന്ന ദമ്പതികൾ പങ്കുവച്ചത്. ഇരുകൂട്ടരും ഒരേപോലെ പങ്കുവച്ച ചില കാര്യങ്ങളുമുണ്ട്. അസൂയ,മതം,കുടുംബം എന്നിവയാണവ.
പക്ഷേ ഒരു പ്രശ്നമുണ്ടാകുമ്പോൾ, എങ്ങനെ അതിനെ രമ്യമായി പരിഹരിക്കാം എന്ന് ചിന്തിച്ചുകൊണ്ടാണ് സന്തുഷ്ടരായ ദമ്പതികൾ പ്രശ്നത്തെ സമീപിക്കുന്നതെന്നും കുടുംബകാര്യങ്ങൾ പങ്കുവയ്ക്കുകയും വിശ്രമ വേളകൾ ഒന്നിച്ചു ചിലവഴിക്കുകയും ചെയ്തുകൊണ്ടാണ് അവർ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതെന്നും അവർ പറയുന്നു.
വളരെ അപൂർവമായി മാത്രമേ സന്തുഷ്ടരായ ദമ്പതികൾ തർക്കത്തിലേർപ്പെടാറുള്ളൂവെന്നും അത്രയും വിഷമം പിടിച്ച സാഹചര്യങ്ങളിൽ മാത്രമേ അതു സംഭവിക്കാറുള്ളൂവെന്നും അതായിരിക്കാം അവരുടെ ദാമ്പത്യ ജീവിതത്തിന്റെ വിജയത്തിന്റെ പിന്നിലെന്നും ഗവേഷകർ പറയുന്നു. പ്രശ്നങ്ങൾ ഒരുമിച്ച് നേരിടാനായാൽ അത് ആത്മവിശ്വാസം കൂട്ടുമെന്നും ആ ബന്ധത്തിൽ ഇരുവർക്കും ഒരുപോലെ സുരക്ഷിതത്വം തോന്നുമെന്നും ഗവേഷകർ പറയുന്നു.