പ്രണയം തകർച്ചയുടെ വക്കിലോ; ശീലമാക്കാം ഈ അഞ്ച് കാര്യങ്ങൾ
Mail This Article
ബന്ധങ്ങൾ സൃഷ്ടിക്കുന്നതിനേക്കാൾ പ്രയാസമാണ് പലപ്പോഴും അതു നിലനിർത്തിക്കൊണ്ടു പോകാൻ. ഒരുപാട്കഷ്ടപ്പെട്ട് സ്വന്തമാക്കിയ പ്രണയബന്ധങ്ങൾ പോലും നിസ്സാര കാരണങ്ങളുടെ പേരിൽ തകർന്നു പോകാറുണ്ട്. പ്രണയം തകർച്ചയുടെ വാക്കിലാണെങ്കിൽ തീർച്ചയായും അഞ്ചു കാര്യങ്ങൾ ശീലമാക്കണമെന്നാണ് മാനസികാരോഗ്യ വിദ്ഗ്ധർ പറയുന്നത്.
ദേഷ്യം മനസ്സിൽ നിന്നു പോകുന്നതുവരെ കാത്തിരിക്കുക
വിദ്വേഷം നിറഞ്ഞ മനസ്സ് എപ്പോഴും മുൻവിധിയോടെ മാത്രമേ കാര്യങ്ങളെ നോക്കിക്കാണൂ. അതു പ്രശ്നങ്ങളെ പരിഹരിക്കാൻ ഉതകുകയില്ലെന്നു മാത്രമല്ല. പലപ്പോഴും പ്രശ്നങ്ങളെ കൂടുതൽ കലുഷിതമാക്കുകയും ചെയ്യും.
ദേഷ്യം കൊണ്ടു വിറച്ചു നിൽക്കുമ്പോൾ ഒരാൾക്ക് അപ്പുറത്തുള്ളയാളുടെ മാനസികാവസ്ഥ തിരിച്ചറിയാൻ സാധിക്കില്ല. കോപംകൊണ്ടു വിറച്ച് അപ്പുറത്തു നിൽക്കുന്നയാളുടെ മനസ്സിനെ മുറിവേൽപ്പിക്കുന്ന കാര്യങ്ങളാകും പലപ്പോഴും വിളിച്ചു പറയുക. അവരോടൊപ്പം സമയം ചിലവഴിച്ചിട്ടുള്ളതിനാൽ ഏതൊക്കെ കാര്യങ്ങളാണ് അവരെ മുറിവേൽപ്പിക്കുന്നതെന്ന് നന്നായിത്തിരിച്ചറിഞ്ഞ് ആ വാക്കുകൾ തന്നെ ദേഷ്യം വരുന്ന സമയത്ത് എടുത്തുപയോഗിക്കുന്നവരുണ്ട്. അതൊഴിവാക്കാനാണ് ദേഷ്യം മനസ്സിൽ നിന്നു പൂർണ്ണമായും മാറിയ ശേഷം മാത്രം പങ്കാളിയോട് സംസാരിക്കൂവെന്ന് മാനസികാരോഗ്യ വിദഗ്ധർ പറയുന്നത്.
തുറന്നമനസ്സോടെ വ്യക്തമായി സംസാരിക്കാം
പലപ്പോഴും അനിഷ്ടങ്ങൾ തുറന്നു പ്രകടിപ്പിക്കാതിരിക്കുകയോ, പറയാതിരിക്കുകയോ ചെയ്യുമ്പോഴാണ് ബന്ധങ്ങൾ വഷളായിത്തുടങ്ങുന്നത്. പറയാനുള്ള കാര്യങ്ങൾ വ്യക്തമായി, സ്പഷ്ടമായി, ശാന്തമായി, തുറന്ന മനസ്സോടെ സംസാരിച്ചാൽ ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.
നല്ലതുമാത്രം ഓർക്കാം
ഒരാളെക്കുറിച്ചോർക്കുമ്പോൾ അവർ ചെയ്ത നെഗറ്റീവ് കാര്യങ്ങളായിരിക്കും പലരുടെയും മനസ്സിൽ വരിക. അത് മനസ്സിലെ ദുഷ്‌വിചാരങ്ങൾ കൂട്ടുകയേയുള്ളൂ. ഒന്നിച്ചു ചിലവഴിച്ച നല്ല നിമിഷങ്ങളെക്കുറിച്ച് ഓർക്കാൻ ശ്രമിക്കാം.അതേക്കുറിച്ച് അവരോടു സംസാരിക്കാം. ആ നല്ല ദിവസങ്ങളിലേക്ക് ഒരുമിച്ച് തിരിച്ചു പോകാമെന്ന് ഓർമിപ്പിക്കാം.
പുറത്തു നിന്നുള്ള അനാവശ്യ ഇടപെടലുകളെ അകറ്റിനിർത്താം
രണ്ട് വ്യക്തികൾ തമ്മിലുള്ള സ്വകാര്യ പ്രശ്നങ്ങളിൽ പുറത്തു നിന്നുള്ള മൂന്നാമതൊരാള ഇടപെടലുകൾ ഒഴിവാക്കുക. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളെ മറ്റുള്ളവരുടെ അഭിപ്രായമനുസരിച്ച് അളക്കാൻ നിൽക്കരുത്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകൾക്കനുസരിച്ചാണ് കാര്യങ്ങളെ കാണുന്നതും അതിനെക്കുറിച്ച് അഭിപ്രായം പറയുന്നതും.
പൊറുക്കാം, പുതുമ നിറയ്ക്കാം
മറക്കാനും പൊറുക്കാനും കഴിവുള്ളവർക്കേ മുറിവുകളെ ഉണക്കാൻ കഴിയൂ. പറ്റിയ തെറ്റുകളെ പൊറുത്ത് പൊസിറ്റീവായി കാര്യങ്ങളെ കണ്ടാൽ മാത്രമേ തകരാൻ തുടങ്ങുന്ന ബന്ധങ്ങളെ പിടിച്ചു നിർത്താൻ സാധിക്കൂ.