പരിഹാസം താങ്ങാനാവാതെ 74–ാം വയസ്സിൽ അമ്മയായി; ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നപ്പോൾ നാടുവിട്ടു, കാരണം
Mail This Article
ആദ്യം മക്കളുണ്ടാവില്ലെന്നു പറഞ്ഞായിരുന്നു ആന്ധ്രാസ്വദേശികളായ മങ്കയമ്മ– രാജാ റാവു ദമ്പതികളെ ആളുകൾ പരിഹസിച്ചിരുന്നത്. ആക്ഷേപങ്ങൾ അധികരിച്ചപ്പോൾ അനപത്യത തീരാസങ്കടമായി ഉള്ളു നീറ്റിയപ്പോൾ ജീവിതത്തിലെ സായംകാലത്തിൽ അവർ ഒരു തീരുമാനമെടുത്തു, എന്തു ത്യാഗം സഹിച്ചും, ചികിൽസ ചെയ്തും സ്വന്തം ചോരയിൽ പിറക്കുന്ന കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരാകണം.
അങ്ങനെ 74–ാം വയസ്സിൽ ഐവിഎഫ് ചികിൽസയിലൂടെ മങ്കയമ്മ അമ്മയായി. രണ്ട് ഓമനപ്പെൺകുഞ്ഞുങ്ങളുടെ അമ്മ. 74–ാം വയസ്സിൽ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയായ മങ്കയമ്മയെപ്പറ്റിയും ഭർത്താവിനെപ്പറ്റിയും നിരവധി വാർത്തകൾ വന്നു. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ആ അച്ഛനമ്മമാരുടെ വാർത്ത ഏറ്റെടുത്തതോടെ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് ദോഷൈക ദൃക്കുകൾ വിമർശനങ്ങളുമായി രംഗത്തെത്തി. വയസ്സു കാലത്ത് ഇവർ എങ്ങനെ പിഞ്ചു കുഞ്ഞുങ്ങളെ പരിചരിക്കും, കുഞ്ഞുങ്ങൾ വളർന്നു വലുതായി സ്വന്തം കാലിൽ നിൽക്കുന്നതുവരെ ഇവരിരുവരും ആയുസ്സോടെ ഉണ്ടാകുമോ? എന്നിങ്ങനെ സന്തോഷമുള്ള കാര്യത്തിലും നെഗറ്റീവ് നിറഞ്ഞ പ്രതികരണവുമായി വിമർശകർ ആ അച്ഛനമ്മമാരുടെ മനോബലത്തെ പരീക്ഷിച്ചു.
ഇപ്പോൾ ആ അച്ഛനമ്മമാരും ഇരട്ടപ്പെൺകുഞ്ഞുങ്ങളും എവിടെയാണ് 'ദ് വീക്ക്' നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടത് ആ കുടുംബത്തെ സ്നേഹിക്കുന്ന ആളുകളുടെ മനസ്സിൽ ഏറെ മനോവിഷമങ്ങളുണ്ടാക്കുന്ന കാര്യങ്ങളാണ്. പരിഹാസങ്ങളെയും വിമർശനങ്ങളെയും ഇനിയും അഭിമുഖീകരിക്കാൻ വയ്യാതെ അവർ സ്വന്തം നാടുതന്നെ ഉപേക്ഷിച്ച് പോയിരിക്കുകയാണ്. അവരെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഗ്രാമവാസികൾക്കോ, അവരെ ചികിൽസിച്ച ആശുപത്രി അധികൃതർക്കോ കൃത്യമായ മറുപടിയില്ല. അച്ഛനായ ശേഷം ഒരിക്കൽ മാത്രം, അതും കുറച്ചു നിമിഷങ്ങൾ മാത്രമേ രാജാ റാവുവിനെ ഗ്രാമീണർ കണ്ടിട്ടുള്ളൂ. ഒരിക്കൽ ഗ്രാമത്തിലെ കൃഷിഭൂമിയിൽ നിൽക്കുന്ന രാജാ റാവുവിനോട് കുഞ്ഞുങ്ങളെക്കുറിച്ച് ഒരു ഗ്രാമീണൻ കുശലം ചോദിച്ചപ്പോൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് അപ്പോൾത്തന്നെ അദ്ദേഹം അവിടം വിട്ടു പോയി. പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഗ്രാമീണനാണ് രാജാ റാവുവിനെ കണ്ട കാര്യം പറഞ്ഞത്.
ദമ്പതികളെ വന്ധ്യതാ ചികിൽസയ്ക്ക് വിധേയരാക്കിയ ആശുപത്രി അധികർ മൗനംപാലിക്കാൻ ഒരു കാരണമുണ്ട്. പ്രായാധിക്യത്തിന്റെ അവശതയിലും മങ്കയമ്മയ്ക്ക് വന്ധ്യതാ ചികിൽസ നൽകിയതിന്റെ പേരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശാസിച്ചിരുന്നു. അച്ഛനമ്മാരാകാൻ മങ്കയമ്മയെയും രാജാറാവുവിനെയും സഹായിച്ച ഗുണ്ടൂർ നഗരത്തിലുള്ള ആശുപത്രി അധികൃതരാണ് അവർക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടായ വിവരം ലോകത്തെ അറിയിച്ചത്. ഇപ്പോൾ ദമ്പതികളും മക്കളും എവിടെയാണുള്ളതെന്ന ചോദ്യത്തിന് ആശുപത്രിയിലെ ഡോക്ടർമാർ നൽകുന്ന മറുപടിയിങ്ങനെ :-
'' അവർ എവിടെയാണുള്ളതെന്ന് ഞങ്ങൾക്കറിയില്ല. ശല്യം ചെയ്യപ്പെടാൻ അവർ ആഗ്രഹിക്കുന്നില്ല''. ദമ്പതികളുടെ അടുത്ത ബന്ധുക്കളോട് ചോദിച്ചപ്പോൾ മൗനമായിരുന്നു മറുപടി. അവരുടെ ഒരു ബന്ധു ഫോണിൽ വെളിപ്പെടുത്തിയതിങ്ങനെ :- '' ഗുണ്ടൂർ ജില്ലയിലെ കൃഷ്ണ എന്ന സ്ഥലത്തെവിടെയോ ആണെന്നു തോന്നുന്നു''.
74–ാം വയസ്സിൽ അമ്മയായി ചരിത്രം സൃഷ്ടിച്ചപ്പോൾ മങ്കയമ്മയ്ക്കും ഭർത്താവിനും നഷ്ടമായത് വൈകിയാണെങ്കിലും അച്ഛനമ്മമാരായതിന്റെ സന്തോഷങ്ങളാണ്. അവരുടെ സന്തോഷങ്ങൾക്ക് ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. വിമർശനങ്ങളാണ് പിന്നെ അവരെ കാത്തിരുന്നതു മുഴുവൻ. അച്ഛനമ്മമാരാകുന്നതിനു മുൻപ് നരക തുല്യമായിരുന്നു ഇരുവരുടെയും ജീവിതം. മതപരമായ ചടങ്ങുകൾക്കോ, ആഘോഷങ്ങൾക്കോ ഒന്നും അവരെ ആരും ക്ഷണിച്ചിരുന്നില്ല. കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ ഏറെ അപമാനങ്ങൾ സഹിച്ചിരുന്നു. പക്ഷേ ഇപ്പോൾ അച്ഛനമ്മമാരായപ്പോൾ അവരെ കാത്തിരിക്കുന്ന ചോദ്യം എങ്ങനെ നിങ്ങൾ കുഞ്ഞുങ്ങളെ നോക്കുമെന്നാണ്.
ഈ പ്രായത്തിൽ അവർക്ക് എങ്ങനെ കുഞ്ഞുങ്ങളെ പരിചരിക്കാനാകുമെന്നാണ് പലരുടെയും ചോദ്യം. സമൂഹമാധ്യമങ്ങളിലും ഇതേ ചോദ്യങ്ങൾ തന്നെയാണുയരുന്നത്. അപമാനവും ആക്ഷേപവും സഹിക്കവയ്യാതായപ്പോൾ ഇനിയും വാർത്തകളെ അഭിമുഖീകരിക്കാനാവാതെ, വാർത്തകളിൽ നിറയാൻ ആഗ്രഹിക്കാതെ കുഞ്ഞുങ്ങളുമായി അവർ എവിടെയോ പോയി.– ആ കുടുംബത്തെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാളുടെ വാക്കുകളാണിത്.
അനപത്യ ദുഖമനുഭവിച്ച ദമ്പതികളെ ചികിൽസിച്ചതിന്റെ പേരിൽ ആശുപത്രി അധികൃതർക്കും ദുരനുഭവങ്ങളിൽക്കൂടി കടന്നു പോകേണ്ടി വന്നു. ദ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസേർച്ച് ചികിൽസയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാരെ ശാസിച്ചു. പ്രായാധിക്യമുള്ള സ്ത്രീക്ക് ഐവിഎഫ് ചികിൽസ നൽകിയതിനാണ് അവർക്ക് ശാസന നേരിടേണ്ടി വന്നത്. ഇതുമായി ബന്ധപ്പെട്ട വാർത്തകൾ എങ്ങനെയെങ്കിലും ഒന്നവസാനിച്ചു കിട്ടുന്നതിനായി ഇനിയും മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ദമ്പതികളോട് ആശുപത്രി മാനേജ്മെന്റ് ആവശ്യപ്പെട്ടു. ഇതും അവർ പുറത്തിറങ്ങാത്തതിനും മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെടാതിരിക്കാനുമുള്ള ഒരു കാരണമായി പറയുന്നു.
എന്താണ് തങ്ങൾ ചെയ്യാൻ പോകുന്നതിനെക്കുറിച്ച് മങ്കയമ്മയ്ക്കും രാജാ റാവുവിനും നിശ്ചയമുണ്ടായിരുന്നു വെന്നും അയൽക്കാരെപ്പോലും വിസ്മയിപ്പിച്ചുകൊണ്ടാണ് ഒരു ദിവസം രാവിലെ അവർ ബാഗുംപായ്ക്ക് ചെയ്ത് ഗ്രാമത്തിൽ നിന്നും പുറപ്പെട്ടത്. അതിനു മുമ്പ് അവരുടെ പേരിലുള്ള 15 ഏക്കർ കൃഷി ഭൂമി വിറ്റിരുന്നു. തന്റെ കൃഷിസ്ഥലത്ത് ഏറെ നേരം ചെലവഴിച്ചിരുന്ന രാജാ റാവു എന്ന കർഷകൻ എന്തിനാണ് തന്റെ കൃഷിസ്ഥലം വിൽക്കുന്നതെന്ന് തങ്ങൾക്ക് മനസ്സിലായിരുന്നില്ല എന്നാണ് ഗ്രാമവാസികൾ അന്ന് പറഞ്ഞിരുന്നത്. പിന്നെയവർ ആ ദമ്പതികളെ കാണുന്നത് ടെലിവിഷൻ സ്ക്രീനിലാണ്.
'' അവർ അച്ഛനമ്മമാരാകാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. വാർത്തകളിലൂടെയാണ് ഞങ്ങൾ അക്കാര്യമറിഞ്ഞത്.''- ദമ്പതികളുടെ അയൽവാസി വെങ്കട്ട് സത്യനാരായണ ചൗധരി പറയുന്നു.ഐവിഎഫ് ചികിൽസയ്ക്കുവേണ്ടി ദമ്പതികൾ കഴിഞ്ഞവർഷം ഗുണ്ടൂരിലേക്ക് താമസം മാറി. ബന്ധുക്കൾക്കൊപ്പം താമസിച്ചാണ് അവർ ചികിൽസയ്ക്ക് വിധേയരായത്. അപകട സാധ്യതയുള്ളതുകൊണ്ട് ആശുപത്രിക്കടുത്തു തന്നെ താമസിക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. ഒടുവിൽ മങ്കയമ്മ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയപ്പോൾ സമ്മിശ്ര പ്രതികരണങ്ങളോടെയാണ് പലരും പ്രതികരിച്ചത്.
ഇരട്ടക്കുഞ്ഞുങ്ങളെ കാണാൻ കൗതുകത്തോടെ കാത്തുനിന്ന ഗ്രാമീണരുടെ മുന്നിലേക്ക് ദമ്പതികൾ ഒരിക്കലും അവരുടെ പെൺകുഞ്ഞുങ്ങളെ കൊണ്ടുവന്നില്ല. അവർ എവിടെയാണുള്ളതെന്നു പോലും ഗ്രാമീണർക്കറിയില്ല. മക്കൾ ജനിച്ചു കഴിഞ്ഞ് ഒരിക്കൽ മാത്രം രാജാ റാവു ഗ്രാമത്തിൽ പ്രത്യക്ഷ്യപ്പെട്ടു. അതിനെക്കുറിച്ച് ഗ്രാമീണൻ പറയുന്നതിങ്ങനെ :-
'' കുറച്ചു ദിവസങ്ങൾക്ക് മുൻപ് രാജാ റാവുവിനെ ഞാൻ കൃഷി സ്ഥലത്തു വച്ചു കണ്ടിരുന്നു. അച്ഛനായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹം ഗ്രാമത്തിലേക്ക് മടങ്ങി വന്നത്. അയാൾ ഒറ്റയ്ക്കായിരുന്നു. കൃഷിസ്ഥലം നോക്കിയ ശേഷം വളരെ വേഗം മടങ്ങിപ്പോയി. കുഞ്ഞുങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സുഖമായിരിക്കുന്നു എന്നുമാത്രം മറുപടി നൽകി''. - പേരുവെളിപ്പെടുത്താനാഗ്രഹമില്ലാത്ത ഗ്രാമീണൻ പറഞ്ഞു.
ദമ്പതികളുടെ ചില ബന്ധുക്കൾ ഗ്രാമത്തിലുണ്ട്. കുഞ്ഞുങ്ങളെ ഗുണ്ടൂരിലേക്ക് കൊണ്ടുവന്നപ്പോൾ അവരിൽ ചിലർ അവിടെ പോയിരുന്നു. '' അന്നായിരുന്നു അവരെ അവസാനമായി കണ്ടത്. അതിൽപ്പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല''- ഒരു തെലുങ്കു മാധ്യമത്തിൽ വന്ന റിപ്പോർട്ടിങ്ങനെ.
ഗ്രാമത്തിലെ കർഷക കുടുംബത്തിൽ പിറന്ന രാജാറാവു അത്യാവശ്യം നല്ല സാമ്പത്തികാവസ്ഥയുള്ള ആളാണെന്നും ഗ്രാമീണരുമായൊക്കെ നല്ല സൗഹൃദം പുലർത്തുന്ന ആളാണെന്നും ഇപ്പോൾ മാറിനിൽക്കുന്ന അദ്ദേഹം ഉടനെയൊന്നും ഗ്രാമത്തിലേക്ക് തിരിച്ചു വരാൻ സാധ്യതയില്ലെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. ദമ്പതികളുടെ വിവരമറിയാൻ ദി വീക്ക് അവരുമായി അടുപ്പമുള്ളവരെയൊക്കെ ബന്ധപ്പെട്ടു. അച്ഛനായ ശേഷം ഫോണിൽപ്പോലും രാജാറാവുവിനെ കിട്ടുന്നില്ലെന്നാരുന്നു മറുപടി. ഇപ്പോൾ ദമ്പതികളുടെയും ഇരട്ടക്കുഞ്ഞുങ്ങളുടെയും അവസ്ഥ ദുരൂഹമായി തുടരുന്നു.
English Summary : Why World's oldest parents Exile With Their Twins From Village