ADVERTISEMENT

‌ഗർഭാവസ്ഥയിലും പ്രസവശേഷവും താൻ കടന്നുപോയ അതികഠിനമായ ദിവസങ്ങളെപ്പറ്റി ഓർത്തെടുക്കുകയാണ് അമേരിക്കൻ നടിയും ബിസിനസ്സുകാരിയുമായ കിം കർദാഷിയാൻ. പ്രസവത്തിനു ശേഷം ഒരു വർഷത്തിനിടെ അഞ്ചു ശസ്ത്രക്രിയകൾക്കാണ് വിധേയയാേണ്ടി വന്നതെന്നും, അതൊക്കെ ചെയ്തത് പ്രസവസമയത്ത് ശരീരത്തിനുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണമാണെന്നും കിം പറയുന്നു. 

പ്രീക്ലാംസിയ ( ഗർഭകാലത്ത് രക്താധിസമ്മർധത്തോടൊപ്പം ശരീരത്തിൽ നിന്നും മാംസ്യം നഷ്ടപ്പെടുകയും ശരീരമാസകലം നീരുവയ്ക്കുകയും ചെയ്യുന്ന അവസ്ഥ) എന്ന രോഗാവസ്ഥയുണ്ടായിരുന്നെന്നും. ആദ്യത്തെ കുഞ്ഞായ നോർത്തിനെ പ്രസവിച്ച ശേഷം പ്ലസന്റ പുറത്തു വന്നില്ലെന്നും അത് അപകടകരമായ അവസ്ഥയിൽ ശരീരത്തിനുള്ളിൽത്തന്നെ വളരുകയായിരുന്നെന്നും അവർ പറയുന്നു. കുറേയേറെ ശസ്ത്രക്രിയകൾക്ക് ശേഷമാണ് രണ്ടാമത്തെ കുഞ്ഞെന്ന ആഗ്രഹം സഫലമായതെന്നും കിം കൂട്ടിച്ചേർക്കുന്നു.

ആദ്യത്തെ കുഞ്ഞായ നോർത്തിനെ ഗർഭം ധരിച്ച സമയത്ത് തന്റെ ആരോഗ്യസ്ഥിതി വളരെ സങ്കീർണ്ണമായിരുന്നെന്നും അതുകൊണ്ടു തന്നെ രണ്ടാമത്തെ കുഞ്ഞെന്ന ആഗ്രഹം സഫലമാക്കാൻ അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചിരുന്നുവെന്നും കിം പറയുന്നു. വീണ്ടും ഒരു കുഞ്ഞെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ തന്റെ ആരോഗ്യസ്ഥിതിയെക്കരുതി ഇനിയും അതിന് കൂട്ടുനിൽക്കില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതായും കിം പറയുന്നു.

അതുകൊണ്ടാണ് വീണ്ടും കുഞ്ഞുങ്ങൾക്കായി വാടകഗർഭപാത്രം തേടിപ്പോയതെന്നും കിം വ്യക്തമാക്കുന്നു. ആദ്യത്തെ രണ്ടു കുഞ്ഞുങ്ങളെ താൻ പ്രസവിക്കുകയായിരുന്നുവെന്നും മറ്റു രണ്ടു കുഞ്ഞുങ്ങളെ തനിക്ക് ലഭിച്ചത് വാടക ഗർഭപാത്രത്തിലൂടെയാണെന്നും കിം വെളിപ്പെടുത്തുന്നു. മൂന്നാമത്തെ മകൾ ഷിക്കാഗോവിന് ഒരു വയസ്സും നാലാമത്തെ മകൻ സാമിന് ഏഴുമാസവുമാണ് പ്രായമെന്നും അവർ പറയുന്നു.

ഒരു ക്യാംപെയിനുമായി ബന്ധപ്പെട്ട ഒരു വിഡിയോയിൽ കിം പറഞ്ഞതിങ്ങനെ :-

'' നോർത്തിനെ ഗർഭം ധരിച്ചിരുന്ന സമയത്ത് എനിക്ക് പ്രീക്ലാംസിയ എന്ന രോഗാവസ്ഥയുണ്ടായിരുന്നു. അമ്മയുടെ ആന്തരീകാവയവങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപോലെയൊരു അവസ്ഥയായിരുന്നു അത്. അതിനെ അതിജീവിക്കാൻ ഒരേയൊരു മാർഗമേ മുന്നിലുണ്ടായിരുന്നുള്ളൂ. എത്രയും വേഗം കുഞ്ഞിന് ജന്മം നൽകുക എന്ന മാർഗ്ഗം മാത്രം. അങ്ങനെ ഗർഭത്തിന്റെ 34–ാം ആഴ്ച എനിക്ക് കുഞ്ഞിന് ജന്മം നൽകേണ്ടി വന്നു. ഭാരക്കുറവോടെ ആറാഴ്ച നേരത്തെയാണ് മകൾ പിറന്നത്. കുഞ്ഞ് പുറത്തുവന്നിട്ടും മറുപിള്ള പുറത്തുവന്നില്ല. അത് ഉള്ളിൽത്തന്നെ വളരുകയാണ്. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസവത്തോടെ അമ്മമാർ മരിക്കുന്നത്''.

പക്ഷേ കുഞ്ഞുങ്ങളോടുള്ള ഇഷ്ടക്കൂടുതൽകൊണ്ടാണ് രണ്ടാമത് സെയിന്റിനെ ഗർഭം ധരിച്ചത്. ഗർഭാവസ്ഥയിൽ സങ്കീർണ്ണതകൾ വരാൻ സാധ്യതയുള്ളതുകൊണ്ട് നേരത്തെ തന്നെ അണ്ഡം ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. അതിനെക്കുറിച്ച് കിം പറയുന്നതിങ്ങനെ :-

''നോർത്ത് ജനിച്ച ശേഷം ഞാൻ എന്റെ അണ്ഡം ശേഖരിച്ച് സൂക്ഷിച്ചിരുന്നു. അങ്ങനെയാണ് രണ്ടാമത്തെ മകൻ സെയിന്റിനെ ഗർഭം ധരിച്ചത്. മകളെ ഗർഭം ധരിച്ചപ്പോൾ കടന്നുപോയ ആരോഗ്യ പ്രശ്നങ്ങളിലൂടെ വീണ്ടും കടന്നു പോകേണ്ടി വന്നു. അതിനു ശേഷം ഒരു വർഷത്തിനുള്ളിൽ അഞ്ച് ശസ്ത്രക്രിയകൾക്ക് വിധേയയാകേണ്ടി വന്നു. ഗർഭകാലവും പ്രസവകാലവും സമ്മാനിച്ച ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് മുക്തമാകാനായിരുന്നു ആ അഞ്ചു ശസ്ത്രക്രിയകളും''.

View this post on Instagram

The West Family Christmas Card 2019

A post shared by Kim Kardashian West (@kimkardashian) on

'അതിനുശേഷം ഒരിയ്ക്കൽക്കൂടി പ്രസവിക്കുന്നതിനെക്കുറിച്ച് ഞാൻ ഡോക്ടർമാരോടു ചോദിച്ചു. പക്ഷേ ഇനിയും റിസ്ക്കെടുക്കാൻ സാധിക്കില്ലെന്ന് അവർ തീർത്തു പറഞ്ഞു'. നാലു കുഞ്ഞുങ്ങളുള്ള കുടുംബം വാർത്തെടുക്കാൻ ചില്ലറ കഷ്ടപ്പാടുകളൊന്നുമല്ല സഹിച്ചതെങ്കിലും എല്ലാം കുടുംബത്തിനുവേണ്ടിയാണെന്നോർക്കുമ്പോൾ കിമ്മിന് സന്തോഷം മാത്രമേയുള്ളൂ.

''ഈ കുഞ്ഞുങ്ങളെ എങ്ങനെ എനിക്ക് കിട്ടിയെന്നോർത്തല്ല ഈ മക്കളെ കിട്ടിയതിൽ ഞാൻ നന്ദിയുള്ളവളാണ്. എനിക്കായി വാടകഗർഭധാരണം നടത്തിയ അമ്മമാരോട് ഞാൻ നന്ദിയുള്ളവളാണ്. എന്റെ കുടുംബത്തോടും നന്ദിയുണ്ട്. ഒരുപാടു സഹോദരങ്ങളുള്ള കുടുംബത്തിലാണ് ‍ഞാൻ ജനിച്ചത്. എനിക്ക് ഒരുപാടാളുകളുള്ള കുടുംബാന്തരീക്ഷം ഏറെയിഷ്ടമാണ്. എന്റെ കുഞ്ഞുങ്ങളെ ലഭിക്കാനായി ഞാൻ കടന്നുപോയ വേദന നിറഞ്ഞ അനുഭവങ്ങൾക്ക് ഒരു മൂല്യമുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ട്''.- കിം പറഞ്ഞു നിർത്തുന്നു.

English Summary : Kim Kardashian revealed that she underwent five operations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com