ADVERTISEMENT

നല്ലപാതി ഒപ്പമില്ലാത്ത ആദ്യ ക്രിസ്മസ്, എങ്ങനെ അതിജീവിക്കും എന്നുപോലു മറിയാത്ത സങ്കടങ്ങളുടെ ദിവസങ്ങൾ. മുത്തശ്ശിയെ സങ്കടക്കടൽ അതിജീവിക്കാൻ കുടുംബാംഗങ്ങൾ സഹായിച്ചത് ഒരുഗ്രൻ ക്രിസ്മസ് സമ്മാനത്തിലൂടെയാണ്. ഈ ജന്മത്തെ ഏറ്റവും സന്തോഷകരമായ ക്രിസ്മസ് സമ്മാനമെന്ന് മുത്തശ്ശിപോലും സമ്മതിക്കുന്ന ആ ക്രിസ്മസ് സമ്മാനത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തംരംഗമാണ്.

മുത്തശ്ശിയുടെ പേരക്കുട്ടിയാണ് ഫോർഎവർലാസ് എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ സുന്ദരമായ ക്രിസ്മസ് സമ്മാനത്തിന്റെ വിഡിയോ പങ്കുവച്ചത്. തന്റെ മുത്തച്ഛൻ 7 മാസങ്ങൾക്കു മുൻപ് മരിച്ചു പോയെന്നും അദ്ദേഹം ഒപ്പമില്ലാത്ത ആദ്യത്തെ ക്രിസ്മസ് ആണ് മുത്തശ്ശിക്കെന്നും പറഞ്ഞുകൊണ്ട് ഡിസംബർ 26 ന് പങ്കുവച്ച വിഡിയോയാണ് വെർച്വൽ ലോകത്ത് തരംഗമായിരിക്കുന്നത്.

'' ഈ ക്രിസ്മസിന് മുത്തശ്ശിക്ക് സമ്മാനമായി നൽകുന്നത് കുറച്ചു കത്തുകളാണ്. 1962 ൽ മുത്തശ്ശിയും മുത്തച്ഛനും കോളജിൽ പഠിച്ചിരുന്ന സമയത്ത് അവർ പരസ്പരമെഴുതിയ കത്തുകളാണ്. ഇത്രയും വർഷം കഴിഞ്ഞിട്ടും മുത്തച്ഛൻ നിധിപോലെ സൂക്ഷിച്ചിരുന്ന കത്തുകൾ''.

ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ ഗിഫ്റ്റ്ബോക്സ് കൈയിൽ വാങ്ങുന്ന മുത്തശ്ശി. ആകാംക്ഷയോടെ ഗിഫ്റ്റ് എന്താണെന്നു കാണാൻ കാത്തിരിക്കുന്നതും. കത്തുകൾ നിറച്ച ബോക്സ്  വിതുമ്പിക്കൊണ്ട് വാങ്ങുന്നതും അതു തുറന്ന് ഏങ്ങലടിയോടെ കത്തുകളിലൊന്ന് കൈയിലെടുക്കുന്നതും വിഡിയോയിൽ കാണാം. മുത്തശ്ശിയുടെ വികാരപ്രകടനങ്ങൾ കണ്ണുനിറച്ചു എന്നു പറഞ്ഞുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളിൽ ഈ വിഡിയോ പങ്കുവച്ചത്. 16 മില്യണിലധികം പ്രാവശ്യം ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. 1.2 മില്യണിലധികം ലൈക്കുകളും 2 ലക്ഷത്തിലധികം റീ ട്വീറ്റുകളും ഈ വിഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.

നല്ലപാതിയുടെ ഓർമകൾ പേറുന്ന കത്തുകളുമായി ദീർഘകാലം സന്തോഷത്തോടെ ജീവിക്കാൻ മുത്തശ്ശിക്ക് കഴിയട്ടെയെന്നും നിരവധിപേർ ആശംസിക്കുന്നുണ്ട്. ഹൃദയത്തിൽ തൊട്ട വിഡിയോ എന്നു പ്രതികരിച്ചുകൊണ്ടാണ് പലരും നിറഞ്ഞ മനസ്സോടെ വിഡിയോ പങ്കുവയ്ക്കുന്നത്.

English Summary :  woman tearing up when she sees the engraved box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com