ADVERTISEMENT

താരസുന്ദരികളെ ലോകം ആദരിക്കുന്നത് അവരുടെ ഗ്ലാമറും പണവും പത്രാസും കണ്ടിട്ടല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു റിപ്പോർട്ട്. ലോകത്ത് ഏറ്റവും ആദരിക്കപ്പെടുന്ന, ലോകം ഏറ്റവും ബഹുമാനത്തോടെ എടുത്തു പറയുന്ന പേരുകൾ ബിടൗണിലെ വിവാദ സുന്ദരികളുടെ പേരുകളാണ്. യുകെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂഗൊവ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ലോകം ഏറ്റവും ആദരിക്കുന്ന സ്ത്രീകളിൽ പ്രഥമ സ്ഥാനീയർ ദീപിക പദുക്കോണും പ്രിയങ്ക ചോപ്രയും കജോളും ഐശ്വര്യ റായിയും സുസ്മിത സെന്നുമാണ്.

വിവാദങ്ങളുടെ പ്രിയപ്പെട്ട കുട്ടി ലക്ഷ്യമിടുന്നത് കുട്ടികളുടെ ക്ഷേമം

priyanka-chopra-55
പ്രിയങ്ക ചോപ്ര ഭർത്താവ് നിക്ക് ജൊനാസിനൊപ്പം

2000ൽ ലോക സുന്ദരിപ്പട്ടം നേടിയ പ്രിയങ്ക ചോപ്ര ബോളിവുഡിലെ ഏറ്റവും തിരക്കേറിയ താരമാവുകയും അമേരിക്കയിലെ ടിവിഷോയുടെ ഭാഗമായും ഒക്കെയാണ് ആഗോളതലത്തിൽ ശ്രദ്ധനേടിയത്. തന്റെ താരത്തിളക്കവും പ്രതാപവും കുട്ടികളുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്താനായിരുന്നു ദേശീ ഗേൾ എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രിയങ്കയ്ക്ക് താൽപര്യം. യുനിസെഫിന്റെ ഗ്ലോബൽ ഗുഡ്‌വിൽ അംബാസിഡറായ പ്രിയങ്ക പ്രവർത്തിച്ചത് അടിച്ചമർത്തപ്പെട്ട കുഞ്ഞുങ്ങളുടെ അവകാശങ്ങൾക്കു വേണ്ടിയായിരുന്നു. അടുത്ത തലമുറയുടെ നല്ല ഭാവിക്കുവേണ്ടി പ്രവർത്തിക്കൂ എന്നാണ് ജനങ്ങളോടുള്ള പ്രിയങ്കയുടെ ആഹ്വാനം. ഗായകൻ നിക് ജോനാസുമായുള്ള വിവാഹത്തിന്റെ പേരിലാണ് പ്രിയങ്ക വിവാദ നായികയായി മാധ്യമങ്ങളിൽ നിറഞ്ഞത്. തന്നേക്കാൾ 10 വയസ്സ് പ്രായക്കുറവുള്ള നിക്കിനെ പ്രിയങ്ക വിവാഹം ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ടും പരിഹസിച്ചുമാണ് പലരും ആ താര വിവാഹ വാർത്ത ആഘോഷിച്ചത്.

നവജാത ശിശുക്കളുടെ ആരോഗ്യം ലക്ഷ്യമിട്ട് ബഹളക്കാരി

kajol-2
കജോൾ

ഉത്സാഹത്തോടെ ബഹളം കൂട്ടി നടക്കുന്ന കജോളിനെ മാത്രമേ ആരാധകർക്ക് പരിചയമുണ്ടാകൂ. എന്നാൽ അമ്മമാരുടെയും നവജാതശിശുക്കളുടെയും ആരോഗ്യത്തെക്കുറിച്ച് അവബോധം നടത്തുന്നതിൽ കജോൾ മുൻനിരയിലുണ്ടെന്ന് എത്രപേർക്കറിയാം. 2014 ൽ നടന്ന 69–ാമത് യുണൈറ്റഡ് നേഷൻസ് ജനറൽ അസംബ്ലി സമ്മിറ്റിലാണ് കജോൾ ഈ വിഷയത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത്. ഒരു സോപ് ബ്രാൻഡുമായി ബന്ധപ്പെട്ട്  ഹെൽപ് എ ചൈൽഡ് റീച്ച് 5 (#HelpAChildReach5) എന്ന ഹാഷ്ടാഗിൽ ഒരു ക്യാംപെയിൻ നടത്തുകയും ചെയ്തു.

ആത്മവിശ്വാസം ഇല്ലാത്ത പെൺകുട്ടിയിൽ നിന്ന് ഫാഷൻ ഐക്കണിലേക്ക്

അമിതവണ്ണത്തിന്റെ അപമാനഭാരവുമായി ആത്മവിശ്വാസമില്ലാതെ ജീവിച്ച പെൺകുട്ടിയിൽ നിന്ന് ഇന്ത്യയിലെ ഫാഷൻ ഐക്കണായി മാറിയ സോനം കപൂറിന്റെ കഥ ഒരുപാടു സ്ത്രീകൾക്ക് പ്രചോദനമായിട്ടുണ്ട്. എന്നാൽ ആത്മവിശ്വാസത്തോടെ ഫാഷൻ ലോകത്ത് അഭിരമിച്ചു നടക്കുക മാത്രമല്ല സോനം ചെയ്യുന്നത് മറിച്ച് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയും, അർബുദരോഗത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും എൽജിബിറ്റി കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾക്കുവേണ്ടി പോരാടുകയും ചെയ്യുന്നുണ്ട്.

deepika-padukone-01
ദീപിക പദുക്കോൺ

വിഷാദത്തെക്കുറിച്ച് പറഞ്ഞ് സ്നേഹിക്കാൻ പഠിപ്പിച്ചവൾ

ശാരീരിക അസ്വസ്ഥതകളെപ്പോലെ തന്നെ മാനസിക അസ്വസ്ഥതകളും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ധൈര്യത്തോടെ ലോകത്തോടു പറഞ്ഞവൾ. അഭിനയിച്ച സിനിമകളിൽ പലതും ബോക്സോഫീസിൽ വമ്പൻ ഹിറ്റുകൾ സമ്മാനിച്ചപ്പോഴും താൻ വിഷാദരോഗത്തിന്റെ പിടിയിലാണെന്ന് ഒരു നാണക്കേടുമില്ലാതെ ആരാധകരോടു വെളിപ്പെടുത്തി. തന്നെപ്പോലെ ദുരിതമനുഭവിക്കുന്ന പലരും സമൂഹത്തിലുണ്ടെന്നുറക്കെ പറഞ്ഞ് അവർക്ക് അഭയമാകാൻ ലിവ് ലവ് ലാഫ് എന്ന പേരിൽ ഫൗണ്ടേഷൻ തുടങ്ങുകയും മാനസികാരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നൽകാൻ സജീവമായി പ്രവർത്തിക്കുകയും ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com